തിരുവനന്തപുരം: സംസ്ഥാനത്തെ നദികളിൽ മണൽഖനനം നടത്താനായി നിയമഭേദഗതി കൊണ്ടുവരാൻ നീക്കം.
സാദ്ധ്യതകൾ വിലയിരുത്തി
ഭേദഗതികൾ നിർദേശിക്കാൻ
നിയമസെക്രട്ടറിയുടെ നേതൃത്വത്തിൽ അഞ്ചംഗ സമിതിയെ നിയോഗിച്ചു. 2001-ലെ കേരള നദീതീര സംരക്ഷണവും മണൽവാരൽ നിയന്ത്രണവും ആക്ടിലാണ് ഭേദഗതി.
സംസ്ഥാനത്തെ നിർമ്മാണ പ്രവൃത്തികൾക്ക് മൂന്നുവർഷത്തേക്ക് ആവശ്യമായ മണലിന്റെ നല്ലൊരു പങ്ക് കിട്ടുമെന്നാണ് പ്രതീക്ഷ. രൂക്ഷമായ മണൽ ക്ഷാമത്തിന് ഇത് വലിയ ആശ്വാസമാവും.
കേന്ദ്രപരിസ്ഥിതി മന്ത്രാലയത്തിന്റെ മാർഗ്ഗനിർദ്ദേശങ്ങൾക്ക് അനുസൃതമായിട്ടാവും നിയമഭേദഗതി.
ഇൻസ്റ്രിറ്റ്യൂട്ട് ഒഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് (ഐ.എൽ.ഡി.എം) രണ്ട് വർഷം മുമ്പ് 32 നദികളിൽ സാൻഡ് ഓഡിറ്റ് പൂർത്തിയാക്കിയിരുന്നു. 17 നദികളിൽ മണൽ നിക്ഷേപം കണ്ടെത്തിയിട്ടുണ്ട്. മൂന്ന് ലക്ഷം ടൺ മണലെങ്കിലും വാരാമെന്നാണ് കണക്കാക്കുന്നത്.
ഐ.എൽ.ഡി.എം തയ്യാറാക്കിയ ആഡിറ്റ് റിപ്പോർട്ട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർഡിസിപ്ളിനറി സയൻസ് ആൻഡ് ടെക്നോളജിക്ക് (എൻ.ഐ.ഐ.എസ്.ടി) കൈമാറിയിട്ടുണ്ട്. അവരുടെ പഠനത്തിന് ശേഷമാവും അന്തിമ അംഗീകാരം നൽകുക. 12 നദികളിൽ കൂടി സാൻഡ് ഓഡിറ്റ് നടത്താനുണ്ട്. 2018-ലെ മഹാപ്രളയ കാലത്ത് പല നദികളിലും ജലാശയങ്ങളിലും വലിയ തോതിൽ മണൽ വന്നടിഞ്ഞിരുന്നു. ഇത് നീരൊഴുക്കിനെ പ്രതികൂലമായി ബാധിക്കുന്നുമുണ്ട്. ഇതുകൂടി പരിഗണിച്ചാണ് മണൽ നീക്കുന്നത്. ജില്ലാതല സർവ്വേ റിപ്പോർട്ടുകൾ അടിസ്ഥാനപ്പെടുത്തിയേ മണൽവാരലിന് അനുമതി നൽകാനാവൂ എന്നാണ് കേന്ദ്രത്തിന്റെ പുതിയ നിർദ്ദേശം.
ഓരോ നദിയിൽ നിന്നും മണലെടുക്കാൻ പ്രത്യേക പാരിസ്ഥിതികാനുമതി തേടണം. അനുമതി കിട്ടിക്കഴിഞ്ഞാൽ മൈനിംഗ് പ്ളാൻ തയ്യാറാക്കി തദ്ദേശ സ്ഥാപനങ്ങൾ കടവുകൾ ലേലം ചെയ്യണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നല്ലൊരു വരുമാനമാണിത്.
`നിയമഭേദഗതിക്കുള്ള സാദ്ധ്യതയാണ് പരിശോധിക്കുന്നത്. മന്ത്രിതല പരിഗണനയ്ക്ക് വന്നിട്ടില്ല. വിശദമായ പരിശോധനകൾ വേണ്ടതാണ്.
-കെ.രാജൻ,
റവന്യൂ വകുപ്പ് മന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |