തൃപ്പൂണിത്തുറ/ കോലഞ്ചേരി: മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സഞ്ചരിച്ച നവകേരള ബസ് കടന്നുപോയപ്പോൾ കരിങ്കൊടികാട്ടിയ 22 യൂത്ത് കോൺഗ്രസ് പ്രവർത്തകർ തൃപ്പൂണിത്തുറ മേഖലയിൽ അറസ്റ്റിലായി. കുന്നത്തുനാട്ടിലെ നവകേരള സദസിനെത്തിയ മുഖ്യമന്ത്രിക്കുനേരെ പുത്തൻകുരിശിലും കോലഞ്ചേരിയിലും പ്രതിഷേധമുണ്ടായി. കുന്നത്തുനാട്ടിലെ നവകേരള സദസ് കഴിഞ്ഞ് മുഖ്യമന്ത്രി പോയശേഷം ട്രാൻസ്ജെൻഡർമാർ വേദിക്ക് പുറത്ത് കരിങ്കൊടി പ്രതിഷേധത്തിന് ശ്രമിച്ചു.
കോൺഗ്രസിന് പിന്തുണയുമായി അന്ന രാജു, രാഗ രഞ്ജിനി എന്നിവരുടെ നേതൃത്വത്തിലായിരുന്നു നാലംഗസംഘത്തിന്റെ പ്രതിഷേധം. ഇവരെ അറസ്റ്റുചെയ്ത് നീക്കി. രാത്രി ഏഴരയോടെ യൂത്ത് കോൺഗ്രസിന്റെ കോലഞ്ചേരി ബസ് സ്റ്റാൻഡിന് സമീപത്തെ ഓഫീസ് ചിലർ തല്ലിത്തകർത്തു.
തൃപ്പൂണിത്തുറയിൽ ഇന്നലെ വൈകിട്ട് മൂന്നോടെ കോൺഗ്രസിന്റെയും യൂത്ത് കോൺഗ്രസിന്റെയും നേതാക്കളുൾപ്പെടെ 13പേരെ കരുതൽ തടങ്കലിലാക്കി. ഡി.സി.സി ജനറൽ സെക്രട്ടറി രാജു പി. നായർ, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി അഡ്വ. അമിത്, നേതാക്കളായ ഗോപു രാധാകൃഷ്ണൻ, ദേവിപ്രിയ, ബിബിൻ കെ.സാജു, വിഷ്ണു പനച്ചിക്കൽ, ദീപക് മേനോൻ, രാഹുൽ, അനീഷ് തുടങ്ങിയവരെയാണ് കരുതൽ തടങ്കലിലാക്കിയത്. തൃപ്പൂണിത്തുറയിലെ നവകേരള സദസ് പൂർത്തിയാക്കി മുഖ്യമന്ത്രിയും മന്ത്രിമാരും കുന്നത്തുനാട്ടിലേക്ക് പോയശേഷമാണ് ഇവരെ വിട്ടയച്ചത്.
വൈകിട്ട് നാലോടെ മരടിൽ നവകേരള ബസ് കടന്നുപോയതിന് ശേഷമായിരുന്നു ആദ്യ പ്രതിഷേധം. ഇവിടെ യുവതിയടക്കം ഏഴ് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു. തൃപ്പൂണിത്തുറ കണ്ണൻകുളങ്ങരയിലും കരിങ്കൊടി പ്രതിഷേധമുണ്ടായി.
പുത്തൻകുരിശിൽ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജയ്സൽ ജബ്ബാറിന്റെ നേതൃത്വത്തിൽ കരിങ്കൊടി കാണിക്കാൻ നടത്തിയ ശ്രമം പൊലീസ് തടഞ്ഞു. പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവർത്തകരും യൂത്ത്കോൺഗ്രസുകാരും തമ്മിൽ സംഘർഷത്തിന്റെ വക്കിലെത്തിയെങ്കിലും പൊലീസ് ഇടപെട്ട് തടഞ്ഞു. ഏതാനും പേരെ അറസ്റ്റുചെയ്ത് നീക്കി.
പുത്തൻകുരിശ് പൊലീസ് കസ്റ്റഡിയിലെടുത്തവരെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ രാത്രി പുത്തൻകുരിശ് സ്റ്റേഷൻ ഉപരോധിച്ചു. ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, അബിൻ വർക്കി എന്നിവർ സമരത്തിന് നേതൃത്വം നൽകി. ഒമ്പതോടെ പൊലീസ് പ്രവർത്തകരെ ജാമ്യത്തിൽ വിട്ടയച്ചതോടെ പ്രതിഷേധം അവസാനിപ്പിച്ചു.
നവകേരള സദസിന് സമാപനം
കൊച്ചി: മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മന്ത്രിസഭയൊന്നാകെ അണിനിരന്ന നവകേരള സദസ് സംസ്ഥാനത്ത് പൂർത്തിയായി. സി.പി.ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കാനം രാജേന്ദ്രന്റെ മരണത്തെത്തുടർന്ന് മാറ്റിവച്ച തൃപ്പൂണിത്തുറ, തൃക്കാക്കര, പിറവം, കുന്നത്തുനാട് മണ്ഡലം സദസുകളാണ് രണ്ടു ദിവസം കൊണ്ട് പൂർത്തിയായത്.
തൃക്കാക്കര, പിറവം മണ്ഡലങ്ങളിൽ തിങ്കളാഴ്ചയും തൃപ്പൂണിത്തുറ, കുന്നത്തുനാട് മണ്ഡലങ്ങളിൽ ഇന്നലെയും പൂർത്തിയായി. പുതിയ മന്ത്രിമാരായ കടന്നപ്പള്ളി രാമചന്ദ്രൻ, കെ.ബി. ഗണേശ്കുമാർ എന്നിവരും സദസുകളിൽ പങ്കെടുത്തു.ഇന്നലെ വൈകിട്ട് കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജ് ഗ്രൗണ്ടിലെ കുന്നത്തുനാട് സദസായിരുന്നു അവസാനത്തേത്. നവ കേരള ബസിലാണ് മന്ത്രിമാർ വേദിയിൽ എത്തിയത്. സദസിന് ശേഷം ഔദ്യോഗിക വാഹനങ്ങളിൽ മടങ്ങി. ബസ് കളമശേരിയിലെ എ.ആർ. ക്യാമ്പിലേക്ക് മാറ്റി.
പുതിയകാവ് ക്ഷേത്ര മൈതാനത്ത് തൃപ്പൂണിത്തുറയിലെ സദസിന് ശേഷമാണ് മന്ത്രിമാർ കോലഞ്ചേരിയിലെത്തിയത്. തിങ്കളാഴ്ച രാത്രി പാലാരിവട്ടം പൊലീസ് സ്റ്റേഷൻ കോൺഗ്രസ് പ്രവർത്തകർ ഉപരോധിച്ചതിനാൽ വൻസുരക്ഷാ സന്നാഹങ്ങൾ രണ്ടിടങ്ങളിലും ഒരുക്കിയിരുന്നു. മരട്, തൃപ്പൂണിത്തുറ, കോലഞ്ചേരി എന്നിവിടങ്ങളിൽ വാഹനത്തിന് നേരെ കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി വീശി. ഏതാനും പേരെ പൊലീസ് കരുതൽ തടങ്കിലിലും വച്ചിരുന്നു.
പ്രതിപക്ഷത്തെ ജനം തള്ളി: മുഖ്യമന്ത്രി
നവകേരള സദസ് ബഹിഷ്കരിക്കാനുള്ള പ്രതിപക്ഷ ആഹ്വാനം ജനം തള്ളിക്കളഞ്ഞെന്ന് കുന്നത്തുനാട് മണ്ഡലത്തിൽ നവകേരള സദസ് ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.സദസിലേക്ക് ഒഴുകിയെത്തിയ ജനക്കൂട്ടം സർക്കാരിനുള്ള പിന്തുണയാണ്. ഇക്കാര്യത്തിൽ പ്രതിപക്ഷ നേതാവിന്റെ സമീപനം വളരെ മോശമാണ്. തങ്ങൾ ജനങ്ങളുടെ സംരക്ഷണയിലാണ് ജീവിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് മനസിലാക്കണം. അക്രമത്തിന്റെയും ധിക്കാരത്തിന്റെയും ശൈലിയാണദ്ദേഹത്തിന്. അദ്ദേഹത്തിന് അതിമോഹമാണ്. കേരളത്തെ തകർക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ ചെറുവിരൽ പോലും അനക്കാൻ തയ്യാറല്ല. ബി.ജെ.പി സംസ്ഥാനത്തെ തകർക്കാൻ ശ്രമിക്കുന്നതിന് യു.ഡി.എഫ് കുട്ടുനിൽക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |