സൈബർ തട്ടിപ്പുകൾ നാൾക്കുനാൾ വർദ്ധിച്ചുവരുന്ന സമയമാണ് ഇപ്പോൾ. പലപ്പോഴും സമ്മാനങ്ങൾ കൈപ്പറ്റാനെന്നും വ്യക്തി വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാനെന്നും മറ്റും ആവശ്യപ്പെട്ട് വ്യാജലിങ്കുകൾ മിക്ക ഫോണിലേക്കും വരാറുണ്ട്. ഇത്തരത്തിൽ വ്യാജലിങ്കിൽ ക്ളിക്ക് ചെയ്‌ത് രണ്ട്‌ലക്ഷത്തിലധികം രൂപ നഷ്‌ടമായ മലപ്പുറം സ്വദേശിക്ക് ഒറ്റ മണിക്കൂറിൽ പണം തിരിച്ചെടുത്തുകൊടുത്ത് പൊലീസ്. സമൂഹമാദ്ധ്യമ പോസ്റ്റിലൂടെയാണ് ഇക്കാര്യം പൊലീസ് അറിയിച്ചത്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്നും കെവൈസി അപ്ഡേറ്റ് ചെയ്യാൻ അയച്ച ഫിഷിംഗ് ലിങ്കിൽ ക്ളിക്ക് ചെയ്‌ത മലപ്പുറം തിരൂർ സ്വദേശിയുടെ അക്കൗണ്ടിൽ നിന്ന് 2,71,000 രൂപയാണ് ഉടൻ നഷ്‌ടമായത്. ശനിയാഴ്‌ച രാവിലെയാണ് സംഭവം. ഉടനെ അക്കൗണ്ട് ഉടമ 1930യിൽ വിളിച്ച് പരാതി നൽകി. 10.13ന് പൊലീസിന്റെ സൈബർ ഹെൽപ്പ്ലൈൻ നമ്പരിൽ പരാതിയെത്തി. സൈബർ ഓപ്പറേഷൻസ് വിഭാഗം നടപടിയാരംഭിച്ച് 11.09ന് പണം തിരികെകിട്ടി.തട്ടിപ്പുകാർക്കായി വിശദമായ അന്വേഷണവും ആരംഭിച്ചതായി പൊലീസ് അറിയിച്ചു. പണമോ ബാങ്ക് വിവരങ്ങളോ ആവശ്യപ്പെടുന്ന സന്ദേശങ്ങളോട് ഒരിക്കലും പ്രതികരിക്കരുതെന്ന് പൊലീസ് നിർദ്ദേശവും നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |