കൊച്ചി: ഗുരുവായൂർ ക്ഷേത്രത്തിൽ ബ്രാഹ്മണ പാചകക്കാരനെയും ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ ബ്രാഹ്മണ ശാന്തിക്കാരെയും നിയമിക്കാനുള്ള കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന്റെ വിവാദ വിജ്ഞാപനത്തിലെ തുടർനടപടികൾ മരവിപ്പിച്ചു. ദേവസ്വം നിയമനങ്ങളിൽ ജാതി പരിഗണന പാടില്ലെന്ന സുപ്രീംകോടതി ഉത്തരവും സംസ്ഥാന സർക്കാരിന്റെ സർക്കുലറും മറികടന്നതായി പരാതി ഉയർന്നതോടെയാണ് റിക്രൂട്ട്മെന്റ് ബോർഡിന്റെ തീരുമാനം. ഇക്കാര്യത്തിൽ വ്യക്തത തേടി സർക്കാരിനെ സമീപിക്കാനും തീരുമാനിച്ചു. കൂടൽമാണിക്യം ദേവസ്വം ഭരണസമിതിയംഗം എ.വി. ഷൈനും പരാതിക്കാരനാണ്.
കഴിഞ്ഞ ഒക്ടോബർ 11നാണ് രണ്ട് വിജ്ഞാപനങ്ങളും ഇറങ്ങിയത്. 23,000 - 50,200 രൂപ സ്കെയിലിലുള്ള കുക്കിന്റെ ഒഴിവിലേക്ക് ബ്രാഹ്മണ പുരുഷന്മാർക്ക് മാത്രമായിരുന്നു യോഗ്യത. കൂടൽമാണിക്യ ക്ഷേത്രത്തിലെ 13,190 - 20,530 രൂപ സ്കെയിലുള്ള മൂന്ന് കീഴ്ശാന്തി തസ്കികയിലേക്കും അപേക്ഷിക്കാൻ കുറുമ്പ്രനാട് ദേശക്കാരായ നമ്പൂതിരിമാർക്ക് മാത്രമായിരുന്നു അർഹത. ഈ ദേശക്കാരെ കിട്ടിയില്ലെങ്കിൽ ഇരിങ്ങാലക്കുട, ശുകപുരം, പെരുവനം ഗ്രാമങ്ങളിലെ നമ്പൂതിരിമാരെയും പരിഗണിക്കും.
തിരുവിതാംകൂർ, കൊച്ചി, മലബാർ, ഗുരുവായൂർ, കൂടൽമാണിക്യം ദേവസ്വം നിയമനങ്ങളുടെ ചുമതലയാണ് കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിനുള്ളത്. നിയമനങ്ങളിൽ ജാതി വിവേചനവും അഴിമതിയും വ്യാപകമായപ്പോൾ ഉമ്മൻചാണ്ടി സർക്കാർ റിക്രൂട്ട്മെന്റ് ബോർഡ് രൂപീകരിക്കുകയായിരുന്നു. ചട്ടപ്രകാരം ബോർഡിന് ജാതി പരിഗണനയിൽ നിയമനം നടത്താനാവില്ല. കൂടൽമാണിക്യം തന്ത്രിമാരുടെ പ്രത്യേക യോഗം ചേർന്നാണ് കീഴ്ശാന്തിയുടെ യോഗ്യത നിശ്ചയിച്ചത്.
ഗുരുവായൂർ, ഇരിങ്ങാലക്കുട ദേവസ്വങ്ങളുടെ സ്പെഷ്യൽ റൂളുകളിൽ ഇതിന് വ്യവസ്ഥയുണ്ടെന്നായിരുന്നു റിക്രൂട്ട്മെന്റ് ബോർഡിന്റെ വിശദീകരണം.
ജാതിപരിഗണന പാടില്ല
ദേവസ്വം ബോർഡുകളിൽ ജാതിയടിസ്ഥാനത്തിൽ നിയമനം നടത്തുന്നത് ഭരണഘടനാവിരുദ്ധമാണെന്ന് 2002 ഒക്ടോബർ മൂന്നിന് സുപ്രീം കോടതി വിധിയുണ്ട്. നീറിക്കോട് മഹാദേവ ക്ഷേത്രത്തിൽ പറവൂർ ശ്രീധരൻതന്ത്രിയുടെ മകൻ രാകേഷിനെ തിരുവിതാംകൂർ ദേവസ്വം ബോർഡ് നിയമിച്ചതിനെതിരായ നിയമ യുദ്ധത്തിലായിരുന്നു വിധി. ഇതിന്റെ അടിസ്ഥാനത്തിൽ ദേവസ്വം ബോർഡുകളിൽ ഒരു നിയമനത്തിലും ജാതിപരിഗണന പാടില്ലെന്ന് 2014ലാണ് സംസ്ഥാന സർക്കാർ സർക്കുലർ ഇറക്കിയത്.
ഗുരുവായൂർ, കൂടൽമാണിക്യം ദേവസ്വങ്ങളുടെ സ്പെഷ്യൽ റൂളുകൾ ആധാരമാക്കിയാണ് ജാതി അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചത്. ഇത് ഭരണഘടനാവിരുദ്ധമാണെന്ന പരാതികളിൽ കഴമ്പുണ്ടെന്ന ബോദ്ധ്യത്തിന്റെ അടിസ്ഥാനത്തിലാണ് നിയമന നടപടികൾ നിറുത്തിവച്ചത്.
അഡ്വ.കെ.ബി.മോഹൻദാസ്
ചെയർമാൻ,
കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |