തിരഞ്ഞെടുപ്പ് ജയിക്കുക എന്ന ഉദ്ദേശത്തോടുകൂടി തന്നെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി,സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് ഗുരുവായൂരിൽ വന്നതെന്ന് ബിഗ് ബോസ് താരം അഖിൽ മാരാർ. ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
സുരേഷ് ഗോപി തന്റെ നാട്ടിലും താമസിക്കുന്ന സ്ഥലത്തും ക്രിസ്ത്യൻ പള്ളിയുണ്ടായിട്ടും എന്തുകൊണ്ടാണ് കിരീടം തൃശൂരിൽ പോയി കൊടുത്തു, സുരേഷ് ഗോപിയുടെ പല സഹായങ്ങളും കാണുമ്പോൾ മുഖത്ത് ഒരു അഭിനയം കൊണ്ടുവരുന്നതുപോലെ തോന്നുന്നുണ്ട്. കേരളത്തിലൊരു സീറ്റിന് വേണ്ടി അത്യാവശ്യം വലിയ സംഖ്യ സുരേഷ് ഗോപി മുടക്കുന്നുണ്ട് എന്നീ കമന്റുകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
'ഈ രണ്ടിനും ഞാൻ കൃത്യമായ മറുപടി പറയാം. നൂറ് ശതമാനവും തിരഞ്ഞെടുപ്പ് ജയിക്കുക എന്ന ഉദ്ദേശത്തോടുകൂടി തന്നെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി,സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് ഗുരുവായൂരിൽ വന്നത്. കൊല്ലത്തും ഇത്രയും കാലം അദ്ദേഹം താമസിച്ച സ്ഥലത്തും കിരീടം കൊടുക്കാതെ തൃശൂർ കൊണ്ടുപോയി കൊടുത്തതും തിരഞ്ഞെടുപ്പ് ജയിക്കാനല്ലേയെന്ന് ചോദിച്ചാൽ ആണ് എന്നതും യാഥാർത്ഥ്യമാണ്. ഇത് ആരാണ് ചെയ്യാത്തത്. മതേതര ബോധമുണ്ടെന്ന് പറഞ്ഞ് നടക്കുന്ന കമ്മ്യൂണിസ്റ്റുകാർ, കണ്ണിൽ കണ്ട ജാതി -മത സംഘടനകളുടെ തിണ്ണ നിരങ്ങുന്നത് എന്തിനാണ്? ബി ജെ പിക്കാർ, സുരേഷ് ഗോപി എന്നൊക്കെ പറയുന്നത് വർഗീയവാദികളാണെന്നും അവർ ഇങ്ങനെ പലതും ചെയ്യുമെന്നും നിങ്ങൾ പറയുന്നു. നിങ്ങൾ മതേതരവാദികളാണല്ലോ. നാണവും മാനവും അഭിമാനവുമില്ലാതെ ഓരോ ജാതി മത സംഘടനാ നേതാക്കളുടെ തിണ്ണയിൽ പോയി നിരങ്ങുകയും, പള്ളിയിൽ കുമ്പസാരം കൂടുകയും, മുസ്ലീം മത നേതാക്കളുടെ അടുത്തുപോയി അവിടെ സകല പരിപാടികളിൽ പങ്കെടുക്കുകയും ചെയ്തിട്ട് നിങ്ങൾ സുരേഷ് ഗോപി പള്ളിയിൽ കിരീടം കൊടുത്തുവെന്ന് പറയുന്നതിന് എന്തെങ്കിലും അർത്ഥമുണ്ടോ?
രാഷ്ട്രീയം എന്നുപറയുന്നത് താൻ ജയിക്കാൻ വേണ്ടി മത്സരിക്കുന്നതിന്റെ ഭാഗമാണ്. പിന്നെ സുരേഷ് ഗോപി വോട്ടിന് വേണ്ടി സഹായിക്കുന്നുവെന്ന് പറഞ്ഞാൽ, എനിക്കറിയാവുന്ന ഈ മനുഷ്യൻ...നോക്കൂ ഞാനും സുരേഷ് ഗോപിയും തമ്മിൽ വ്യക്തിപരമായി അടുപ്പമൊന്നുമില്ല. ഉണ്ടായിരുന്നെങ്കിൽ എന്നെ കല്യാണത്തിന് വിളിക്കുമായിരുന്നു. കല്യാണത്തിന് വിളിച്ചിട്ടില്ല. ഞാനുമായി വലിയ അടുപ്പവുമില്ല. അദ്ദേഹം ജയിച്ചാൽ എനിക്ക് വലിയ നേട്ടവുമില്ല. പക്ഷേ, ഞാൻ പറയുന്നത് ഈ മനുഷ്യൻ എത്രയോ വർഷങ്ങൾക്ക് മുമ്പ് എയ്ഡ്സ് ബാധിച്ച കുട്ടികൾക്ക് വേണ്ടി അന്ന് ഇടപെടുന്ന സമയത്ത്, സൂപ്പർ താരമായിരുന്ന സുരേഷ് ഗോപിക്ക് എന്തിന്റെ കേടായിരുന്നു. എന്തെങ്കിലും പ്രശസ്തിക്ക് വേണ്ടിയിട്ടാണോ. കാസർകോട് എൻഡോസൾഫാൻ വിഷയത്തിൽ അവിടത്തെ മനുഷ്യർക്ക് വേണ്ടി ഇടപെട്ടത് എന്തെങ്കിലും പ്രസക്തിയ്ക്ക് വേണ്ടിയായിരുന്നോ? ഇതൊക്കെ നിങ്ങളാരെങ്കിലും അറിഞ്ഞിട്ടുണ്ടോ? മലയാള സിനിമയിൽ ബുദ്ധിമുട്ടനുഭവിക്കുന്ന എത്രയോ പേർക്ക് ഒരാളുപോലും അറിയാതെ അദ്ദേഹം പോയി സഹായിച്ചത് ഏതെങ്കിലും തിരഞ്ഞെടുപ്പ് ജയിക്കാനായിരുന്നോ?
ഇവിടെ ചാരിറ്റി എന്നും പറഞ്ഞ് മൊബൈലും പിടിച്ച് ആളുകളെ പറ്റിക്കാനിറങ്ങുന്ന ധാരാളം ആളുകളുണ്ടല്ലോ. കാശ് വാങ്ങി, ഷെയറടിച്ച് നടക്കുന്നവർ. സുരേഷ് ഗോപി എന്ന് പറയുന്ന മനുഷ്യൻ ഇപ്പോൾ സിനിമയിൽ അത്യാവശ്യം വലിയ പൈസ വാങ്ങുന്നുണ്ട്. അഞ്ച് കോടി - ആറ് കോടി രൂപ അദ്ദേഹം ഒരു സിനിമയിൽ വാങ്ങുന്നുണ്ട്. എന്തിനാണ്. അദ്ദേഹം ചിലപ്പോൾ ഇതിനകത്തുനിന്ന് രണ്ട് കോടി പുള്ളിയുടെ ചിലവിനെടുത്തിട്ട് മൂന്ന് കോടി ആളുകളെ സഹായിക്കാനായിരിക്കും വാങ്ങുന്നത്. തൃശൂരിൽ നൂറ് ശതമാനവും സുരേഷ് ഗോപി ജയിക്കും. അത് സുരേഷ് ഗോപിയുടെ മിടുക്കുകൊണ്ടോ, ബി ജെ പിയുടെ സംഘടനാ സംവിധാനം കൊണ്ടൊന്നും ആയിരിക്കില്ല. അദ്ദേഹത്തെ അനാവശ്യമായി കടന്നാക്രമിച്ച്, കേരളത്തിലെ ജനങ്ങളെ വിവരദോഷികളാക്കി മാറ്റാനുള്ള നിങ്ങളുടെ നയം മാത്രമായിരിക്കും സുരേഷ് ഗോപിയുടെ ജയത്തിനടിസ്ഥാനം. ആക്രമിക്കാം, പ്രതിരോധിക്കാം എല്ലാം ചെയ്യാം. പക്ഷേ ഒരു പരിധിയുണ്ട്.
പിണറായി വിജയനെ വലിയ രീതിയിൽ പരിഹസിച്ചു, വിമർശിച്ചു. അയാൾ എന്തായി? കേരളത്തിന്റെ മുഖ്യമന്ത്രിയായി. എതിർക്കുന്തോറും എല്ലാവരും വളരും. നരേന്ദ്ര മോദി നരാധമനാണ്, എല്ലാവരെയും കൊല്ലുന്നവനാണെന്ന് 2002 തൊട്ട് ഗുജറാത്തിൽ പാടിക്കൊണ്ട് നടന്നു. എന്നിട്ടെന്തായി? നരേന്ദ്ര മോദി അവിടെ മുഖ്യമന്ത്രിയായി. വീണ്ടും ഇതുതന്നെ പാടി. എന്നിട്ടെന്തായി പുള്ളി വീണ്ടും മുഖ്യമന്ത്രിയായി. അവസാനം പുള്ളി പ്രധാനമന്ത്രിയായി.
സുരേഷ് ഗോപി അവിടെ പോയി നിന്ന് മര്യാദിക്ക് തോറ്റിട്ട് ഇങ്ങ് പോരുമായിരുന്നു. ഒരു കുഴപ്പവുമില്ലായിരുന്നു. അനാവശ്യമായി ജനങ്ങളെ വിഡ്ഡികളാക്കത്തക്ക രീതിയിൽ അയാളുടെ നല്ല കാര്യങ്ങളെയും, ആ മനുഷ്യനെ ഒരു പരിധിക്കപ്പുറം ആക്രമിക്കുകയും ചെയ്യുന്നത്, അയാൾക്കനുകൂലമായ വോട്ടാക്കി മാറ്റുന്നു.' - അഖിൽ മാരാർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |