കൊല്ലം: നിലമേലിൽ ഗവർണറെ കരിങ്കൊടി കാണിച്ച കേസിൽ റിമാൻഡിലായ രണ്ട് പെൺകുട്ടികൾ ഉൾപ്പെടെയുള്ള 12 എസ്.എഫ്.ഐ പ്രവർത്തകർക്ക് കൊട്ടാരക്കര ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു. അട്ടക്കുളങ്ങര വനിതാ ജയിലിൽ കഴിഞ്ഞിരുന്ന രണ്ട് പെൺകുട്ടികളും കൊട്ടാരക്കര സബ് ജയിലിലായിരുന്ന മറ്റുള്ളവരും ഇന്നലെ വൈകിട്ടോടെ പുറത്തിറങ്ങി. ഇവരെ തോളിലേറ്റി എസ്.എഫ്.ഐ പ്രവർത്തകർ കൊട്ടാരക്കരയിൽ പ്രകടനം നടത്തി.
ഗവർണറുടെ യാത്ര തടസപ്പെടുത്തി എന്നതിന് പുറമേ ആക്രമിക്കാൻ ശ്രമിച്ചുവെന്ന കുറ്രവും ഇവർക്കെതിരെ പൊലീസ് ചുമത്തിയിരുന്നു. എന്നാൽ ഗവർണറെ ആക്രമിക്കാൻ ശ്രമിച്ചിട്ടില്ലെന്ന് എസ്.എഫ്.ഐക്കാർക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചു. ക്യാമറ ദൃശ്യങ്ങളും കോടതിയിൽ ഹാജരാക്കി. തുടർന്നാണ് ജാമ്യം അനുവദിച്ചത്.
കൊട്ടാരക്കര സദാനന്ദാശ്രമത്തിലെ ചടങ്ങിൽ പങ്കെടുക്കാൻ പോകവേ കഴിഞ്ഞ ശനിയാഴ്ചയാണ് നിലമേലിൽ വച്ച് ഗവർണറെ കരിങ്കൊടി കാട്ടിയത്. തുടർന്ന് കാറിൽ നിന്നിറങ്ങിയ ഗവർണർ രണ്ട് മണിക്കൂറോളം റോഡരികിൽ കസേരയിട്ടിരുന്ന് പ്രതിഷേധിച്ചിരുന്നു. സ്ഥലത്തു നിന്ന് കസ്റ്റഡിയിലെടുത്ത എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിന്റെ പകർപ്പ് എത്തിച്ചതിന് ശേഷമാണ് ഗവർണർ മടങ്ങിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |