
തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിംഗ് ലൈസൻസ്, ആർ.സി ബുക്ക് എന്നിവയുടെ അച്ചടി നിലച്ചിട്ട് രണ്ടര മാസം. മോട്ടോർ വാഹന വകുപ്പ് കരാർ കമ്പനിക്ക് പണം നൽകാത്തതിനാലാണ് അച്ചടി മുടങ്ങിയത്. എട്ടു കോടി രൂപയാണ് നൽകാനുള്ളത്. 2.25 കോടി രൂപ തപാൽ വകുപ്പിനും കുടിശ്ശികയുണ്ട്. ഇന്ത്യൻ ടെലിഫോൺ ഇൻഡസ്ട്രീസ് (ഐ.ടി.ഐ) ആണ് കരാർക്കമ്പനി.
ഏഴര ലക്ഷം പേരാണ് ഡ്രൈവിംഗ് ടെസ്റ്റ് പാസായി ലൈസൻസിനായി കാത്തിരിക്കുന്നത്. 2.5 ലക്ഷം പേർ വണ്ടിയുടെ ഫീസെല്ലാം അടച്ചിട്ടും ആർ.സി ബുക്കിനായി ആർ.ടി ഓഫീസുകൾ കയറിയിറങ്ങുന്നു.
നവംബർ 16നാണ് ലൈസൻസ് അച്ചടി നിറുത്തയത്. 23ന് ആർ.സി ബുക്ക് അച്ചടിയും നിലച്ചു. അതേസമയം, രജിസ്ട്രേഷൻ നടപടികളും ഫീസ് വാങ്ങലുമെല്ലാം നടക്കുന്നുണ്ട്.
തപാൽനിരക്ക് അടക്കം 245 രൂപയാണ് പെറ്റ്ജി സ്മാർട്ട് ലൈസൻസ് കാർഡിന് നൽകേണ്ടത്. 200 രൂപയാണ് കാർഡിന് ഈടാക്കുന്നത്. കരാർ തുകയുടെ മൂന്നരിട്ടിയിലേറെയാണിത്. ഈ തുക ട്രഷറിയിൽ അടയ്ക്കുകയാണ് ചെയ്യുന്നത്. എന്നാൽ ട്രഷറിയിൽ നിന്ന് കരാറുകാരനും തപാൽ വകുപ്പിനും തുക കൊടുക്കാത്തതാണ് പ്രതിസന്ധിക്ക് കാരണമായത്.
ആർ.സി കിട്ടാത്തതിനാൽ ടെസ്റ്റ്, പെർമിറ്റ്, വാഹനക്കൈമാറ്റം എന്നിവയെല്ലാം മുടങ്ങി. മറ്റു സംസ്ഥാനങ്ങളിലേക്കു പോകേണ്ട ലോറി, ബസ് ഉടമകളും പ്രതിസന്ധിയിലായി. പഴയ ആർ.സി ബുക്ക് നൽകി ഫിറ്റ്നസ് ടെസ്റ്റിനായി ഹാജരാക്കുന്ന വാഹനങ്ങളും പ്രശ്നത്തിൽ കുരുങ്ങിക്കിടക്കുകയാണ്. വാഹനക്കൈമാറ്റം നടത്തിയവർക്ക് ഇൻഷ്വറൻസ് പരിരക്ഷയും നഷ്ടമാകുമെന്ന ആശങ്കയുണ്ട്.
പെറ്റ്ജി
ആധുനിക സെക്യൂരിറ്റി ഫീച്ചറുകളോടുകൂടി പ്രിന്റ് ചെയ്ത കാർഡുകളാണിവ. ആർ.ടി.ഒ/ സബ് ആർ.ടി.ഒ ഓഫീസുകളിലെ പരിശോധനയ്ക്കും മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടറുടെ അനുമതിക്കും ശേഷമാണ് എറണാകുളത്തെ പ്രിന്റിംഗ് കേന്ദ്രത്തിലേക്ക് അപേക്ഷ പോകുന്നത്. ഓഫീസുകളിൽ തയ്യാറാക്കിയിരുന്ന ആർ.സി ലാമിനേറ്റഡ് കാർഡ് രീതി അവസാനിപ്പിച്ചാണ് പെറ്റ്ജിയിലേക്ക് മാറിയത്. തപാലിലൂടെ കാർഡ് ലഭിക്കും.
ദിവസം രജിസ്റ്റർ ചെയ്യുന്ന വാഹനങ്ങൾ 4,000- 5,000
ഡ്രൈവിംഗ് ടെസ്റ്റ് പാസാകുന്നവർ 3,500- 4,500
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |