തിരുവനന്തപുരം: മന്ത്രി ഗണേശ്‌കുമാറിന്റെ പേഴ്സണൽ സ്റ്റാഫായി പതിനേഴ് പേർക്കുകൂടി നിയമനം. പി.എസിനെയും ഡ്രൈവറെയും നേരത്തേ നിയമിച്ചിരുന്നു. കോടിയേരി ബാലകൃഷ്ണന്റെ പി.എയായിരുന്ന സി.പി.എം സംഘടനാ നേതാവ് എ.പി.രാജീവനെ അഡി.പ്രൈവറ്റ് സെക്രട്ടറിയായും കെ.എസ്.ആർ.ടിസി എക്സിക്യൂട്ടീവ് ഡയറക്ടർ (വിജിലൻസ്) ജി.അനിൽ കുമാറിനെ അസി.പ്രൈവറ്റ് സെക്രട്ടറിയായും നിയമിച്ചിട്ടുണ്ട്.
മന്ത്രിയുടെ സ്വന്തം ജില്ലയായ കൊല്ലത്തുനിന്നുള്ളവരാണ് കൂടുതൽ. അഡിഷണൽ പ്രൈവറ്റ് സെക്രട്ടറിമാരായി ശ്യാംകുമാർ, സുവോളജി അദ്ധ്യാപകൻ ആർ.രഞ്ജിത്ത് എന്നിവരെയും അസി. സെക്രട്ടറിമാരായി സെക്രട്ടേറിയറ്റിലെ ജോയിന്റ് സെക്രട്ടറി വി.ദീപ, ക്ലറിക്കൽ അസിസ്റ്റന്റ് ശരത് കുമാർ, ഡോ.ഷാരോൺ വർഗീസ് എന്നിവരെയും നിയമിച്ചു. ഹയർ സെക്കൻഡറി അദ്ധ്യാപകൻ ഉൾപ്പെടെ സർക്കാർ ഉദ്യോഗസ്ഥരായ ആറു പേർ ഡെപ്യൂട്ടേഷനിലാണ് വന്നത്. പൊതുഭരണ വകുപ്പ് ഇന്നലെയാണ് ഉത്തരവ് ഇറക്കിയത്.
കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് സ്റ്റാഫ് എണ്ണം കുറക്കുമെന്ന് ഗണേശ്കുമാർ നേരത്തെ പറഞ്ഞിരുന്നു.
മുൻ ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ പേഴ്സണൽ സ്റ്റാഫിൽ 21 അംഗങ്ങൾ ഉണ്ടായിരുന്നു. രണ്ടര വർഷം പിന്നിട്ട ഇവർ പെൻഷൻ ആനുകൂല്യത്തിന് അർഹരായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |