ന്യൂഡൽഹി: മദ്യനയ കേസുമായി ബന്ധപ്പെട്ട് ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കേജ്‌രിവാളിന് സമൻസയച്ച് ഡൽഹി കോടതി. ഫെബ്രുവരി 17ന് അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകാനാണ് കോടതിയുടെ നിർദേശം.
കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അരവിന്ദ് കേജ്‌രിവാളിന് അഞ്ച് തവണയാണ് നോട്ടീസയച്ചത്. ഫെബ്രുവരി രണ്ടിന് ഹാജരാകണമെന്നാവശ്യപ്പെട്ടായിരുന്നു അവസാനം നോട്ടീസയച്ചത്. നവംബർ രണ്ടിന് ഹാജരാകാൻ ആവശ്യപ്പെട്ടാണ് ആദ്യം നോട്ടീസയച്ചത്. തുടർന്ന് ഡിസംബർ 21, ജനുവരി 19, ജനുവരി 31 തീയതികളിൽ ഹാജരാകാൻ നിർദേശിച്ച് നോട്ടീസയച്ചു. പ്രതികരിക്കാതായതോടെയാണ് അഞ്ചാമത്തെ നോട്ടീസ് നൽകിയത്.
ബി ജെ പിയിൽ ചേർന്നാൽ വെറുതെവിടാമെന്ന് തനിക്കും വാഗ്ദാനം വന്നിട്ടുണ്ടെന്നും, വഴങ്ങില്ലെന്നും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ഡൽഹിയിലെ ആം ആദ്മി പാർട്ടി സർക്കാരിനെ അട്ടിമറിക്കാൻ പാർട്ടി എം എൽ എമാർക്ക് 25 കോടി വീതം ബി ജെ പി വാഗ്ദാനം ചെയ്തെന്ന് കേജ്‌രിവാൾ നേരത്തേ ആരോപണമുന്നയിച്ചിരുന്നു.
കേജ‌്‌രിവാളിനെ അറസ്റ്റ് ചെയ്ത് ഡൽഹി സർക്കാരിനെ താഴെയിറക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷ്യമെന്നും അത് സംഭവിക്കാൻ അനുവദിക്കില്ലെന്നും ആം ആദ്മി നേരത്തെ പ്രതികരിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |