തിരുവനന്തപുരം: പഞ്ചവാദ്യത്തിലെ വൈറൽ താരമാണ് ദേവ്ന വിനോദ്. കഴിഞ്ഞ ദിവസം നടന്ന ഹൈസ്‌കൂൾ പഞ്ചവാദ്യത്തിൽ മത്സരിച്ച പതിമൂന്ന് ടീമിൽ ഏക പെൺപട എന്ന പ്രത്യേകതയായിരുന്നു ദേവ്നയേയും സംഘത്തെയും വേറിട്ടതാക്കിയത്. സെന്റ് തെരേസാസ് ആംഗ്ലോ ഇന്ത്യൻ എച്ച് എസ് എസ് കണ്ണൂരിൽ നിന്നാണ് ഇവരെത്തിയത്.
പഞ്ചവാദ്യത്തിൽ മദ്ദളം കൊട്ടിയത് ദേവ്നയായിരുന്നു. പെൺപടയ്ക്ക് എ ഗ്രേഡ് ലഭിക്കുകയും ചെയ്തു. ആ സന്തോഷത്തോടെയാണ് വെള്ളയമ്പലത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എഞ്ചിനിയേഴ്സ് ഹാളിൽ മദ്ദള മത്സരത്തിൽ പങ്കെടുക്കാൻ ഇന്ന് ദേവ്ന എത്തിയത്.
മദ്ദള മത്സര വേദിയിൽ ദേവ്നയും ഏമിയും സമീറയും കാർത്തികയും ചേർന്നപ്പോൾ കാണികൾക്ക് നവ്യാനുഭവമായി. രണ്ട് പേർ ഇലത്താളവും ഒരാൾ വലന്തലയും ദേവ്ന മദ്ദളവും ചെയ്തു. നീലേശ്വരം ഉണ്ണികൃഷ്ണനും പ്രമോദ് മാരാർ നീലേശ്വരവുമാണ് ഇവരുടെ ഗുരു.
തുടർച്ചയായ മൂന്നാം വർഷമാണ് ദേവ്ന സംസ്ഥാന സ്കൂൾ കലോത്സവ വേദിയിലെത്തുന്നത്. മുൻ വർഷങ്ങളിൽ എ ഗ്രേഡ് നേടാൻ സാധിച്ചിരുന്നു. കലോത്സവത്തിന് വേണ്ടി മാത്രമാണ് മദ്ദളം പഠിച്ചതെന്ന് ദേവ്നയുടെ അമ്മ ബിന്ദു പറയുന്നു. ഇവരുടെ സ്കൂൾ എല്ലാവിധ പിന്തുണയും നൽകുന്നുണ്ടെന്ന് ബിന്ദു വ്യക്തമാക്കി.
'മദ്ദളത്തിന് ഇരുപത് കിലോയോളം ഭാരമുണ്ട്. കുറേ സമയം പിടിച്ചുനിൽക്കാൻ അവൾക്ക് പ്രയാസമുണ്ട്. അരക്കെട്ട് മുട്ടിനിൽക്കുന്നതല്ലേ, പെൺകുട്ടിയല്ലേ. അവൾക്ക് ഭയങ്കര ക്രേസാണ് മദ്ദളത്തോട്. പക്ഷേ ഇത് തുടർന്നുപോകാൻ പറ്റൂലയെന്ന് തോന്നുന്നു. മത്സരം കഴിയുമ്പോഴേക്ക് തളർന്ന് പോകുകയാണ്.'- ബിന്ദു പറഞ്ഞു. വിനോദാണ് ദേവ്നയുടെ പിതാവ്. സഹോദരൻ: നിവേദ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |