
തൃശൂർ: സംഗീത നാടക അക്കാഡമിയുടെ അന്താരാഷ്ട്ര നാടകോത്സവം 'ഇറ്റ് ഫോക് ' 9 മുതൽ 16 വരെ തൃശൂരിൽ നടക്കും. 'ഒരുമ, സമാധാനം, ദൃഢവിശ്വാസം' എന്നതാണ് നാടകോത്സവത്തിന്റെ ആശയം. 23 നാടകങ്ങൾക്ക് 8 ദിവസങ്ങളിൽ 7 വേദികളിലായി 47 പ്രദർശനമൊരുക്കും. 9ന് വൈകിട്ട് 5ന് പാലസ് ഗ്രൗണ്ടിലെ വേദിയിൽ സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം നിർവഹിക്കും. മന്ത്രിമാരായ കെ.രാജൻ, കെ.രാധാകൃഷ്ണൻ, ആർ.ബിന്ദു എന്നിവർ പങ്കെടുക്കും.
ചലച്ചിത്രതാരം രോഹിണി മുഖ്യാതിഥിയാകും. വൈകിട്ട് 7.45ന് മുരളി തിയേറ്ററിൽ പോർച്ചുഗീസ് ഭാഷാ നാടകം 'അപത്രിദാസ്' അരങ്ങേറും. അന്ന് 3ന് തോപ്പിൽ ഭാസി ബ്ലാക്ക് ബോക്‌സിൽ 'മാട്ടി കഥ' യുമുണ്ടാകും. കോർപ്പറേഷൻ പാലസ് ഗ്രൗണ്ടിൽ ഡൽഹി ദസ്താൻ ലൈവിന്റെ 'കബീര ഖദാ ബസാർ മേ'യും ഇറ്റാലിയൻ നാടകം 'അല്ലെ ആർമി', പാലസ്തീൻ നാടകം 'ഹൗ ടു മേക്ക് എ റെവല്യൂഷൻ', ബെൻസി കൗൾ സംവിധാനം ചെയ്ത 'സൗദാഗർ', ബ്രെഹത്തിന്റെ ജീവിതം അനുസ്മരിപ്പിക്കുന്ന 'ബീച്ചാര ബി ബി' തുടങ്ങിയ നാടകങ്ങളും അരങ്ങേറും.
ആർട്ടിസ്റ്റ് സുജാതന്റെ നേതൃത്വത്തിൽ വേദികൾ സജ്ജമായി. രാമനിലയം, സ്‌കൂൾ ഒഫ് ഡ്രാമ ക്യാമ്പസും പാലസ് ഗ്രൗണ്ടും ടൗൺഹാളും വേദികളാകുമെന്ന് സെക്രട്ടറി കരിവെള്ളൂർ മുരളി പത്രസമ്മേളനത്തിൽ പറഞ്ഞു. ഫെസ്റ്റിവൽ ദിവസങ്ങളിൽ രാവിലെ 9ന് തുറക്കുന്ന ടിക്കറ്റ് കൗണ്ടറിൽ നിന്നും മുഴുവൻ നാടകങ്ങളുടെയും ഒരു നിശ്ചിത ശതമാനം ടിക്കറ്റ് ലഭ്യമാകും. ബാക്കിയുള്ളത് ഓരോ നാടകത്തിന്റെയും ഒരു മണിക്കൂർ മുൻപ് കൗണ്ടറിൽ നിന്ന് ലഭിക്കും. ടിക്കറ്റ് ഒന്നിന് 70 രൂപ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |