തൃശൂർ: ചാലക്കുടിയിലെ ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണിയെ വ്യാജ എൽ.എസ്.ഡി സ്റ്റാമ്പ് കേസിൽ കുടുക്കാനുള്ള ഇന്റർനെറ്റ് ഫോൺകോളിന്റെ ഉറവിടം ബ്രിട്ടനാണെന്ന് എക്‌സൈസ് ക്രൈംബ്രാഞ്ച് കണ്ടെത്തി. ഇക്കാര്യത്തിൽ വിശദപരിശോധന നടത്തും. ഇന്റർനെറ്റ് കോളിനു പിന്നിൽ ഷീലയുടെ അടുത്ത ബന്ധുവായ യുവതിയുടെ സുഹൃത്ത് തൃപ്പൂണിത്തുറ സ്വദേശിയും ബംഗളൂരുവിൽ താമസക്കാരനുമായ നാരായണദാസാണെന്ന് സൂചന ലഭിച്ചിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.
കേസിൽ നാരായണ ദാസിനുള്ള ബന്ധം വ്യക്തമായത് യുവതിയുടെ അക്കൗണ്ടിൽ ലഭിച്ച വലിയ തുകയെ കുറിച്ചുള്ള അന്വേഷണത്തോടെയാണ്. ഷീലയെ കുടുക്കിയതിന് പിന്നിൽ ബംഗളൂരുവിൽ വിദ്യാർത്ഥിയായ യുവതിക്ക് പങ്കുണ്ടെന്ന് നേരത്തെ തന്നെ സംശയിച്ചിരുന്നു. തുടർന്നാണ് ഇവരുടെ ബാങ്ക് അക്കൗണ്ട് പരിശോധിച്ചത്. ബംഗളൂരുവിൽ ഇരുവരും ഒരുമിച്ച് താമസിച്ചിരുന്നുവെന്നാണ് വിവരം. യുവതിയുടെ അക്കൗണ്ടിലേക്ക് പലപ്പോഴായി നാരായണദാസ് തുക കൈമാറിയിരുന്നു.
അതിനിടെ, എറണാകുളം എക്‌സൈസ് ഓഫീസിൽ ഇന്ന് ഹാജരാകാൻ നാരായണദാസിന് നോട്ടീസ് നൽകി. എന്നാൽ ഹൈക്കോടതിയിൽ ഇയാൾ മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നതായാണ് വിവരം. അതേസമയം മുൻകൂർ ജാമ്യാപേക്ഷയെപ്പറ്റി അറിയില്ലെന്നാണ് എക്‌സൈസ് ക്രൈംബ്രാഞ്ച് പറയുന്നത്. നാരായണദാസ് ഇന്ന് ഹാജരായാലും ഇല്ലെങ്കിലും ഇയാളുടെ അറസ്റ്റിനുള്ള നടപടിയെടുക്കും.
പീഡനഹർജി നാളെ
സംഭവത്തിന്റെ പേരിൽ തന്നെ പീഡിപ്പിക്കുകയാണെന്ന് ആരോപിച്ച് നാരായണദാസ് നൽകിയ ഹർജി ഹൈക്കോടതി നാളെ പരിഗണിക്കും. ചൊവ്വാഴ്ച പരിഗണിച്ചപ്പോൾ രണ്ടാഴ്ചത്തേക്ക് മാറ്റണമെന്ന് നാരായണദാസ് ആവശ്യപ്പെട്ടതിനെ എക്‌സൈസ് എതിർത്തിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിലാണ് ബാഗിലും സ്‌കൂട്ടറിലും എൽ.എസ്.ഡി സ്റ്റാമ്പ് സൂക്ഷിച്ചുവെന്നതിന്റെ പേരിൽ ഷീല അറസ്റ്റിലായത്. തുടർന്ന് 72 ദിവസം ജയിലിൽ കിടന്നു. രാസപരിശോധനയിൽ സ്റ്റാമ്പ് വ്യാജമെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ജയിൽമോചിതയായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |