തൃശൂർ: ആനകളെ ക്രൂരമായി മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെ ഗുരുവായൂർ ആനത്താവളം നാഥനില്ലാകളരിയെന്ന് ആക്ഷേപം. സംസ്ഥാനത്തെ വലിയ നാട്ടാന പരിപാലന കേന്ദ്രമായ ഇവിടെ 39 ആനയുണ്ട്.
കോടികൾ വരുമാനമുണ്ടായിട്ടും ആനക്കോട്ടയിൽ ക്യാമറകൾ പോലുമില്ല. എട്ടുമാസം മുമ്പ് ക്യാമറകൾ സ്ഥാപിക്കാൻ തീരുമാനിച്ചെങ്കിലും ടെൻഡർ പോലുമായിട്ടില്ല. ക്യാമറ സ്ഥാപിക്കാൻ നിരവധി നൂലാമാലയുണ്ടെന്നാണ് ദേവസ്വം അധികൃതരുടെ ഭാഷ്യം. ആനക്കോട്ടയിൽ പാപ്പാന്മാരുടെ മേധാവിത്വമാണെന്നും നടപടിയെടുത്താൽ പകരക്കാരെ ലഭിക്കില്ലെന്ന ഭയവുമാണ് അധികൃതർക്ക്.
ആനക്കോട്ടയുടെ മേൽനോട്ടത്തിനുള്ള മാനേജരും പാപ്പാന്മാരുടെ ക്രൂരതകളിൽ ഇടപെടില്ലെന്നും ആക്ഷേപമുണ്ട്. തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിത നടയിരുത്തിയ കൃഷ്ണ, കേശവൻകുട്ടി എന്നീ ആനകളെ ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങളാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു. പാപ്പാന്മാരുടെ ലൈസൻസ് റദ്ദാക്കുമെന്ന് വനം അധികൃതർ അറിയിച്ചു. ജനവരി 15, 24 തീയതികളിലാണ് സംഭവം നടന്നതെന്നാണ് ദേവസ്വം വിശദീകരണം.
കൃത്രിമ നാര് വില്പനയും
ആനവാലാണെന്ന് വിശ്വസിപ്പിച്ച് കൃത്രിമമായി ഉണ്ടാക്കുന്നവയുടെ വില്പന ആനക്കോട്ടയിൽ തകൃതിയാണ്. പനമ്പട്ട നാര് എണ്ണയിലിട്ട് ചൂടാക്കിയെടുത്ത് കറുപ്പിച്ചാണത്രെ വില്പന. 250 മുതൽ 500 രൂപ വരെയാണ് ചില പാപ്പാന്മാർ ഇതിന് വാങ്ങുന്നത്. പലപ്പോഴും പിടിക്കപ്പെട്ട് ദേവസ്വം അധികൃതർക്ക് പരാതി നൽകിയാലും നടപടിയുണ്ടാകില്ല.
ഒരാനയ്ക്ക് മൂന്ന് പാപ്പാന്മാർ
ചുരുക്കം പാപ്പാന്മാരൊഴികെ ഭൂരിഭാഗവും രാവിലെ ആറിന് ജോലിക്കെത്തിയ ശേഷം ഒമ്പതാകുമ്പോഴേക്കും മറ്റ് ജോലികൾക്കായി മുങ്ങും. തുടർന്ന് വൈകിട്ട് മൂന്നിനേ തിരിച്ചെത്തൂ. ദിവസവും രാവിലെ ആനയെ ചകിരി തേച്ചു കുളിപ്പിക്കണമെന്നാണ് നിർദ്ദേശം. എന്നാൽ രാവിലെയും വൈകിട്ടും പൈപ്പുപയോഗിച്ച് ശരീരത്തിലെ മണ്ണ് കളയുകയേയുള്ളൂ. വല്ലപ്പോഴും മാത്രമാണ് തേച്ചുകുളി. ആഴ്ചയിലെ അവധി പോലുമെടുക്കുന്നില്ലെന്ന് രേഖപ്പെടുത്തി ആ തുക തട്ടിക്കുന്നവരുമുണ്ട്. സുഖചികിത്സാ കാലത്ത് ആനകൾക്ക് കൊടുക്കേണ്ട പഴം പോലും പുറത്ത് വിറ്റിരുന്നു.
'ആനക്കോട്ടയിലെ വിഷയം ചർച്ച ചെയ്യാൻ ദേവസ്വം ഭരണസമിതി യോഗം 13ന് ചേരും. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്ററെ ചുമതലപ്പെടുത്തി".
- ഡോ. വിജയൻ, ഗുരുവായൂർ ദേവസ്വം ചെയർമാൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |