SignIn
Kerala Kaumudi Online
Saturday, 19 September 2026 2.40 PM IST

സേവനം പരിമിതം നിരക്ക് ഉയർന്നുതന്നെ

READ ENGLISH VERSION
vc

സേവനം ഒട്ടും തന്നെ തൃപ്തികരമല്ലെങ്കിലും വൈദ്യുതി ബോർഡ് അതിന്റെ ഉപഭോക്താക്കൾക്കു നൽകുന്ന എല്ലാ സേവനങ്ങളുടെയും നിരക്ക് ഉയർത്തുകയാണ്. നിലവിലുള്ളതിന്റെ പത്തു ശതമാനമാണ് വർദ്ധനയെന്ന് പറയുന്നുണ്ടെങ്കിലും കാര്യത്തോടടുക്കുമ്പോൾ അതിനും മേലെയാണ് പുതിയ നിരക്കുകളെന്നു ബോദ്ധ്യമാകും. വൈദ്യുതിക്ക് അടിക്കടി വരുത്തുന്ന നിരക്കു വർദ്ധനയും വർഷം മുഴുവൻ ഈടാക്കുന്ന സർച്ചാർജിനും മറ്റു പലവിധ നിരക്കുകൾക്കും പുറമെയാണ് സേവന നിരക്കുകളും ഉയർത്തി വരുമാനം കൂട്ടാനുള്ള നീക്കം. വൈദ്യുതി ബോർഡിന് ഇപ്പോൾ ഒരു വർഷം നേരിടുന്ന നഷ്ടം ആയിരം കോടി രൂപയാണത്രെ. നിരക്കുകൾ ആകാവുന്നത്ര കൂട്ടിയിട്ടും നഷ്ടം നികത്താൻ സാധിക്കാത്ത പശ്ചാത്തലത്തിലാണ് സേവന നിരക്കുകളിൽ കയറിപ്പിടിച്ചിരിക്കുന്നത്. മുന്നൂറോളം കോടി രൂപ ഇതിലൂടെ ഒപ്പിക്കാമെന്നാണ് കണക്കുകൂട്ടൽ. നിരക്കു വർദ്ധന വഴി 720 കോടി നേരത്തെ ഉറപ്പാക്കിയിട്ടുണ്ട്.

പോസ്റ്റ് മാറ്റം, മീറ്റർ മാറ്റം, ഉടമസ്ഥാവകാശ മാറ്റം, താരിഫ് മാറ്റം, പുതിയ കണക്‌ഷനുകൾ തുടങ്ങിയവയ്ക്കൊക്കെ ഇനി സേവന നിരക്ക് ഉയരും. സാധന സാമഗ്രികളുടെ വില വർദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് വൈദ്യുതി കണക്‌ഷനുമായി ബന്ധപ്പെട്ട സേവന നിരക്കുകൾ പരിഷ്കരിക്കേണ്ടി വന്നതെന്നാണ് പറയുന്നത്. സേവന നിരക്കുകളിൽ അറുപതു ശതമാനം വരെ വർദ്ധന അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് ബോർഡ് റഗുലേറ്ററി കമ്മിഷനെ സമീപിച്ചത്. എന്നാൽ ജനരോഷം ഭയന്ന് കമ്മിഷൻ പത്തുശതമാനം വർദ്ധനയ്ക്കേ അനുമതി നൽകിയുള്ളൂ. ഫലത്തിൽ വർദ്ധന പതിനഞ്ചു ശതമാനമെങ്കിലുമാകുമെന്നാണ് സൂചന. ഒരു വർഷം മുപ്പതു ലക്ഷത്തോളം പുതിയ കണക്‌ഷനുകൾ നൽകേണ്ടിവരുന്നുണ്ട്. അതിനാവശ്യമായ പോസ്റ്റുകൾ, വയർ, മീറ്റർ, മറ്റ് സാമഗ്രികൾ എന്നിവയ്ക്കായി ബോർഡ് വലിയ തോതിൽ പണം കണ്ടെത്തേണ്ടിവരുന്നു. ഉപഭോക്താക്കളിൽ നിന്നു വേണം ഇത് ഈടാക്കാൻ.

വൈദ്യുതി ഒഴിവാക്കാനാകാത്ത ഇനമായി മാറിക്കഴിഞ്ഞ സ്ഥിതിക്ക് എത്ര കൂട്ടി നിശ്ചയിച്ചാലും അതു നൽകാൻ ഉപഭോക്താക്കൾ നിർബന്ധിതരാണ്. ഇനിമുതൽ കിലോവാട്ട് അടിസ്ഥാനപ്പെടുത്തിയാണ് കണക്‌ഷൻ ചെലവ് ഈടാക്കുക. നിലവിൽ പോസ്റ്റുകളുടെ എണ്ണവും ലൈൻ ദൂരവുമൊക്കെ കണക്കാക്കിയാണ് സേവന നിരക്ക് ഈടാക്കുന്നത്. സേവന നിരക്കുകളിൽ 174 രൂപ മുതൽ 2175 രൂപ വരെ വർദ്ധനയാണ് വരുത്തിയിട്ടുള്ളത്. വൈദ്യുതി നിരക്കുകളിലെ വർദ്ധന കൂടി കണക്കിലെടുത്താൽ ഉപഭോക്താക്കളുടെ ഭാരം വർദ്ധിക്കുകയാണ്.

പുതുതായി തിരഞ്ഞെടുപ്പുകൾ നടന്ന ചില സംസ്ഥാനങ്ങളിൽ മുൻനിര കക്ഷികളുടെ പ്രധാന വാഗ്ദാനം നിശ്ചിത യൂണിറ്റ് വരെ വൈദ്യുതി സൗജന്യമായി നൽകുമെന്നായിരുന്നു. രാജ്യത്ത് ആദ്യമായി ഇത്തരത്തിലൊരു വാഗ്ദാനവുമായി മുന്നോട്ടു വന്നത് പുതുതായി ജന്മംകൊണ്ട ആം ആദ്‌മി പാർട്ടിയാണ്. ഡൽഹിയിൽ വൻ ഭൂരിപക്ഷത്തോടെ അധികാരത്തിൽ വന്നപ്പോൾ ഈ വാഗ്ദാനം അവർ നടപ്പാക്കുകയും ചെയ്തു. പിന്നീട് പ്രതിപക്ഷ കക്ഷികൾക്ക് ഭൂരിപക്ഷം ലഭിച്ച പഞ്ചാബ്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിലും അതു പ്രാബല്യത്തിൽ വന്നു. കർണാടകയിൽ 300 യൂണിറ്റ് വരെ വൈദ്യുതി സൗജന്യമാണ്. എല്ലാറ്റിലും പുരോഗമനം പറയുന്ന കേരളത്തിൽ എല്ലാവിധ സേവനങ്ങൾക്കും അടിക്കടി നിരക്ക് കൂട്ടിക്കൊണ്ടിരിക്കുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ELECTRICITY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY