കാലാവസ്ഥ മാറുന്നത് ഏറ്റവും ആദ്യം പ്രകടമാകുന്നത് ചർമ്മത്തിലാണ്. ചർമ്മം വരണ്ടുപോകുന്നതും മുഖകുരുക്കൾ വരുന്നതെല്ലാം ഇതിന്റെ ഭാഗമാണ്. മുഖത്തിന്റെ സ്വാഭാവിക നിറം നിലനിർത്തുന്നതിനും തിളക്കമുളളതായിരിക്കാനും പല എളുപ്പവഴികളും നമ്മൾ പരീക്ഷിക്കാറുണ്ട്.
മിക്കയാളുകളും പ്രധാനമായും ചെയ്യുന്നത് ബ്യൂട്ടി ഷോപ്പുകളിൽ നിന്നുളള സൗന്ദര്യസംരക്ഷണ വസ്തുക്കൾ ഉയർന്ന വില കൊടുത്ത് വാങ്ങി ഉപയോഗിക്കുകയെന്നതാണ്. പക്ഷെ പ്രതീക്ഷിച്ച റിസൾട്ട് കിട്ടിയില്ലെങ്കിൽ നിരാശപ്പെടാറുണ്ട്. അതേസമയം, മറ്റുളളവർ വീട്ടിൽ തന്നെയുളള നാടൻ വസ്തുക്കൾ ഉപയോഗിച്ച് പലതരത്തിലുളള ഫേസ് പാക്കുകൾ തയ്യാറാക്കി മുഖത്ത് പുരട്ടുകയാണ് ചെയ്യുന്നത്. പക്ഷെ പെട്ടന്ന് റിസൾട്ട് ലഭിക്കണമെന്നില്ല.അങ്ങനെ വരുമ്പോൾ പലരും ഇത്തരത്തിൽ ചെയ്യുന്നതിൽ മടി കാണിക്കും.എന്നാൽ ഫേസ് പാക്കുകൾ തയ്യാറാക്കുമ്പോൾ കുറച്ച് കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ ഈ പ്രശ്നം പരിഹരിക്കാവുന്നതേയുളളൂ.
നമ്മുടെ ശരീരത്തിന് അനിവാര്യമായ ഒന്നാണ് വൈറ്റമിൻ സി. പ്രധാനമായും ചർമ്മസംരക്ഷണത്തിനും കേശസംരക്ഷണത്തിനും വൈറ്റമിൻ സിയുടെ പങ്ക് വളരെ വലുതാണ്. വെറ്റമിൻ സിയുടെ മറ്റ് പ്രത്യേകതകൾ എന്തൊക്കെയെന്ന് നോക്കാം.
ശരീര കലകളുടെയും ചർമ്മത്തിന്റെയും ഇലാസ്തികത നിലനിർത്താൻ ആവശ്യമായ കൊളാജൻ ഉൽപ്പാദിപ്പിക്കുന്നതിന് വിറ്റാൻ സി ആവശ്യമാണ്. യാതൊരു പാടുകളും ചുളിവുകളുമില്ലാത്ത മനോഹരമായ ചർമ്മം സ്വന്തമാക്കണമെങ്കിലും ഇത് അത്യാവശ്യമാണ്. വൈറ്റമിൻ സി അടങ്ങിയിരിക്കുന്ന ഫേസ്പാക്കുകൾ ഉപയോഗിക്കുന്നതാണ് ചർമ്മത്തിനും മുഖകാന്തിക്കും ഉത്തമം. വൈറ്റമിൻ സി സമ്പുഷ്ടമായ ഫലങ്ങളുപയോഗിച്ച് ഫേസ്‌പാക്കുകൾ തയ്യാറാക്കി ഉപയോഗിക്കുന്നതായിരിക്കും നല്ലത്.
ഗുണകരമായ ഫേസ്‌പാക്കുകൾ തയ്യാറാക്കുന്ന വിധം
1. ആവശ്യമായ ചേരുവകൾ: രണ്ട് പഴുത്ത കിവി, ഒരു ടീസ്പൂൺ തൈര്
ചെയ്യേണ്ട വിധം
കിവിപഴം നന്നായി ഉടച്ച് തൈര് ചേർത്ത് യോജിപ്പിച്ചെടുക്കുക. ഇത് മുഖത്ത് പുരട്ടിയതിന് ശേഷം അരമണിക്കൂർ കഴിഞ്ഞതിന് ശേഷം കഴുകി കളയുക.
2. ആവശ്യമായ ചേരുവകൾ: രണ്ട് പഴുത്ത സ്‌ട്രോബറി, ഒരു ടീസ്പൂൺ പാല്
ചെയ്യേണ്ട വിധം
സ്‌ട്രോബറി നന്നായി ഉടച്ച് അതിലേക്ക് പാല് ചേർത്ത് യോജിപ്പിച്ചെടുക്കുക. മുഖത്തും കഴുത്തിലുമായി നന്നായി പുരട്ടുക. ഇരുപത് മിനിട്ടിന് ശേഷം കഴുകി കളയുക.
3. ആവശ്യമായ ചേരുവകൾ: പഴുത്ത പപ്പായ, മഞ്ഞൾ, തേൻ
ചെയ്യേണ്ട വിധം
നന്നായി പഴുത്ത പപ്പായ ഉടച്ചെടുക്കുക. അതിലേക്ക് ഒരു ടേബിൾ സ്പൂൺ മഞ്ഞളും തേനും ചേർത്ത് നന്നായി യോജിപ്പിച്ചെടുക്കുക. മുഖത്ത് നന്നായി പുരട്ടുക. അരമണിക്കൂറിന് ശേഷം കഴുകി കളയുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |