SignIn
Kerala Kaumudi Online
Saturday, 27 July 2024 2.04 PM IST

അംബരചുംബികൾ ഭീഷണിയാകുമ്പോൾ

v

കെട്ടിട നിർമ്മാണ ചട്ടങ്ങൾ ലംഘിച്ച് നിർമ്മിച്ച തേവരയിലെ ബഹുനില ഫ്ളാറ്റുകൾ പൊളിച്ചുമാറ്റിയതിന്റെ ഓർമ്മ കെട്ടടങ്ങിയിട്ടില്ല. അതിനിടയിലാണ് ഈ നഗരത്തിലെ മറ്റൊരു കൂറ്റൻ ഫ്ളാറ്റിന്റെ നിലനില്പ് ഇനിയെത്രനാൾ എന്ന ചോദ്യം ഉയർത്തിയിരിക്കുന്നത്. തേവരയിലെ ഫ്ളാറ്റുകൾക്ക് നിർമ്മാണച്ചട്ടലംഘനമാണ് വിനയായതെങ്കിൽ വൈറ്റിലയിലെ ആർമി വെൽഫെയർ ഹൗസിംഗ് ഓർഗനൈസേഷന്റെ ചന്ദേർകുഞ്ച് എന്ന പേരിലുള്ള ഫ്ളാറ്റുകളുടെ ആയുസ്സിന് ഭീഷണി ഉയർത്തുന്നത് നിർമ്മാണത്തിലെ ഗുരുതരമായ വൈകല്യങ്ങളാണ്. 29 നിലകൾ വീതമുള്ള രണ്ടു ഫ്ളാറ്റുകളും പൂർത്തിയായിട്ട് അഞ്ചുവർഷമേ ആയുള്ളൂ. 264 കുടുംബങ്ങളാണ് വലിയ വില നൽകി ഇവിടെ ഫ്ലാറ്റുകൾ വാങ്ങിയത്. താമസം തുടങ്ങി അധിക കാലം കഴിയുന്നതിനു മുമ്പേ കെട്ടിടം അപകടാവസ്ഥയിലായി.

സേനാവിഭാഗങ്ങളിലെ വിദഗ്ദ്ധന്മാർ ഉൾപ്പെടെ ഒരു ഡസനോളം സംഘങ്ങൾ ഇതിനകം ചന്ദേർകുഞ്ച് ഫ്ലാറ്റ് സമുച്ചയം വിശദമായി പരിശോധിച്ചിരുന്നു. ഇപ്പോഴത്തെ നിലയിൽ ഫ്ളാറ്റുകളിലെ താമസം അത്യധികം ആപൽക്കരമാണെന്നാണ് ഓരോ പരിശോധനാ സംഘവും റിപ്പോർട്ട് നൽകിയിട്ടുള്ളത്. ഫ്ലാറ്റ് നിർമ്മാതാക്കളായ ആർമി വെൽഫെയർ ഹൗസിംഗ് ഓർഗനൈസേഷന്റെ മേധാവികൾ ഫ്ളാറ്റ് ഉടമകളുമായി ഇന്ന് ചർച്ചകൾ നടത്തുന്നുണ്ട്. അറുപതു ലക്ഷം മുതൽ എഴുപത്തഞ്ചു ലക്ഷം രൂപ വരെ നൽകി ഫ്ലാറ്റുകൾ സ്വന്തമാക്കിയവരിൽ സേനാവിഭാഗങ്ങളിലെ ഉന്നതന്മാർ വരെയുണ്ട്. സാധാരണഗതിയിൽ സേനാവിഭാഗങ്ങളിലെ ജീവനക്കാർക്കായി നിർമ്മിക്കുന്ന ഇതുപോലൊരു പാർപ്പിട സമുച്ചയം ഗുണനിലവാരത്തിലും സൗകര്യങ്ങളുടെ കാര്യത്തിലും ഉന്നത നിലവാരം പുലർത്തുന്നവയാകുമെന്നാണ് പൊതു ധാരണ എന്നാൽ ചന്ദേർകുഞ്ചിലെ ഇരട്ട ഫ്ളാറ്റ് സമുച്ചയം ഈ ധാരണകൾക്ക് അപവാദമായി മാറിക്കഴിഞ്ഞു. കൊച്ചി നഗരത്തിലെ ഏറ്റവും ഉയരമേറിയ ഫ്ലാറ്റുകൾ എന്ന ഖ്യാതിയോടെ നിന്ന ഈ ഫ്ലാറ്റുകൾ പൂർണമായും കൈയൊഴിയേണ്ടിവരുമോ എന്ന ശങ്കയോടെ കഴിയുകയാണ് അവിടത്തെ താമസക്കാർ. സേനാവിഭാഗങ്ങളിലുള്ളവരും വിരമിച്ചവരുമാണ് ഫ്ലാറ്റുകളുടെ ഉടമകൾ. അപകടാവസ്ഥയിലായ ഫ്ളാറ്റുകൾ താമസയോഗ്യമല്ലാതായി മാറിയ സ്ഥിതിക്ക് താമസക്കാരെ എത്രയും വേഗം ഒഴിപ്പിക്കണമെന്ന് തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി ആവശ്യപ്പെട്ടുകഴിഞ്ഞു. ഫ്ലാറ്റുകളുടെ സുരക്ഷിതത്വം പരിശോധിച്ച ചെന്നൈ ഐ.ഐ.ടിയിലെ വിദഗ്ദ്ധ സംഘവും ഇതേ അഭിപ്രായക്കാരാണ്.

നിർമ്മാണ വൈകല്യങ്ങളെത്തുടർന്ന് പണികൾ പാതിവഴിയിലായപ്പോൾ ഉപേക്ഷിക്കേണ്ടിവന്ന ഫ്ലാറ്റുകൾ കൊച്ചി നഗരത്തിൽ വേറെയുമുണ്ട്. എന്നാൽ നഗരവാസികളെ ഒരിക്കൽ മോഹിപ്പിച്ചുകൊണ്ടിരുന്ന ചന്ദേർകുഞ്ച് ഫ്ലാറ്റുകൾ താമസം തുടങ്ങി അഞ്ചുവർഷം പോലും തികയും മുൻപ് ഉപേക്ഷിക്കേണ്ട സ്ഥിതി വന്നുചേർന്നത് അവയിലെ താമസക്കാരെ മാത്രമല്ല കണ്ടുനിൽക്കുന്നവരെപ്പോലും ഖിന്നരാക്കുന്നതാണ്. എന്തുകൊണ്ടാണ് ഇതൊക്കെ സംഭവിക്കുന്നതെന്ന് സർക്കാരും കെട്ടിട നിർമ്മാതാക്കളും ഗൗരവമായി ആലോചിക്കേണ്ടതാണ്. 29 നില ഫ്ളാറ്റ് സമുച്ചയ നിർമ്മാണത്തിന് അപേക്ഷ നൽകുമ്പോൾ അതിന്റെ സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പാക്കാൻ ബന്ധപ്പെട്ട അധികാരികൾക്കു കഴിയേണ്ടതാണ്. ഫ്ലാറ്റുകൾക്ക് ബലക്ഷയമുണ്ടാകാനുള്ള കാരണങ്ങൾ പരിശോധനാ സംഘങ്ങൾ കണ്ടെത്തിയിട്ടുണ്ട്. നിർമ്മാണത്തിൽ ഒരുവിധ ഗുണനിലവാരവും പാലിച്ചിട്ടില്ലെന്നാണ് കണ്ടെത്തലുകളിലധികം.

അടിത്തറ, കോളങ്ങൾ, തട്ടുകൾ, ബീമുകൾ തുടങ്ങിയവയൊന്നും ചട്ടങ്ങൾക്കനുസരിച്ചല്ല. കരാറുകാർ ലാഭം നോക്കി എല്ലാത്തിലും വിട്ടുവീഴ്ചയ്ക്കു തയ്യാറായി എന്നാണ് മനസ്സിലാക്കേണ്ടത്. ഇതൊക്കെ നോക്കാൻ ചുമതലപ്പെട്ടവരാകട്ടെ കണ്ണടച്ചിട്ടുമുണ്ടാകണം. സേനാംഗങ്ങൾക്കായി കെട്ടിപ്പൊക്കിയ ഫ്ളാറ്റുകൾ ഒരുവിധ നിലവാരവുമില്ലാത്തവിധം തകർന്നുവീഴാൻ നിൽക്കുന്ന ചന്ദേർകുഞ്ച് ടവറുകൾ നിർമ്മാണ രംഗത്തെ വൈകല്യങ്ങൾക്കും ചട്ടലംഘനങ്ങൾക്കും പ്രതീകമെന്നോണം ഒരുപാടു ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. തകർച്ച ദൃഷ്ടിയിൽപ്പെട്ട ആദ്യ നാളുകളിൽത്തന്നെ പരിഹാര നടപടികൾക്കു ശ്രമിച്ചിരുന്നെങ്കിൽ ഒരുപക്ഷേ ഫ്ളാറ്റുകളെ രക്ഷിച്ചെടുക്കാമായിരുന്നുവെന്നും കേൾക്കുന്നു. ഏതായാലും ഫ്ളാറ്റ് നിർമ്മാണത്തിൽ പാലിക്കേണ്ട ചട്ടങ്ങൾ പതിന്മടങ്ങു ശക്തമാക്കേണ്ടതിന്റെ ആവശ്യകത ചന്ദേർകുഞ്ച് ടവറുകൾ ഒന്നുകൂടി ഓർമ്മിപ്പിക്കുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: FLATS
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.