തിരുവനന്തപുരം:ബഡ്ജറ്റിലെ വിദേശ സർവ്വകലാശാല പരാമർശത്തെച്ചൊല്ലിയുള്ള വിവാദത്തിൽ നിയമസഭയിൽ മറുപടി പറഞ്ഞ് ധനമന്ത്രി കെ.എൻ.ബാലഗോപാൽ. വിദേശ സർവകലാശാല നയമായി എടുത്തിട്ടില്ല, ചർച്ചകൾ വേണമെന്നാണ് പറഞ്ഞത്, ചർച്ചകൾ പോലും പാടില്ലെന്നത് ശരിയല്ല. പുഷ്പനെ ഓർമ്മയുണ്ട്. ആ സമരത്തിൽ പങ്കെടുത്തവരാണ് തങ്ങൾ എല്ലാവരുമെന്ന് ബഡ്ജറ്റ് ചർച്ചകൾക്ക് മറുപടിയായി
അദ്ദേഹം പറഞ്ഞു.
നാൽപത് വർഷം മുൻപ് ട്രാക്ടറിനെതിരെ സമരം ചെയ്തിട്ടുണ്ട്.അന്ന് പത്ത് മൂവ്വായിരം തൊഴിലാളികൾ ജോലിക്ക് നിൽക്കുമ്പോൾ യന്ത്രമെന്തിനെന്നായിരുന്നു ചോദ്യം. പക്ഷെ ഇന്നങ്ങനെയല്ല , അന്യസംസ്ഥാനങ്ങളിൽ നിന്നാണ് തൊഴിലാളികൾ വരുന്നത്. കാലം മാറുന്നത് മനസിലാക്കണം. കുട്ടികളെല്ലാം പുറത്തേക്ക് പോകുകയാണ്, അതിന് പരിഹാരം വേണം.വർഷം 30,000ത്തോളം കുട്ടികൾ പഠനത്തിനായി കേരളത്തിൽ നിന്നും വിദേശത്തേക്ക് പോകുന്നതായാണ് കണക്കുകൾ. 40,000ത്തോളം കുട്ടികൾ മറ്റ് സംസ്ഥാനങ്ങളിലേക്കും പോകുന്നു. പതിനായിരം കോടിയോളം രൂപയാണ് ഇത്തരത്തിൽ സംസ്ഥാനത്തിന് പുറത്തേക്ക് ഒഴുകുന്നത്. ഇവയെല്ലാം പരിഗണിച്ച് പുതിയ തലമുറയ്ക്ക് അനുയോജ്യമായ പഠനാവസരങ്ങളും തൊഴിലവസരങ്ങളും കേരളത്തിൽ തന്നെ ഒരുക്കേണ്ടതുണ്ട്.
കൊച്ചി മെട്രോ,വിഴിഞ്ഞം തുറമുഖം,ഗെയിൽ പൈപ്പ് ലൈൻ,വല്ലാർപ്പാടം കണ്ടെയ്നർ ടെർമിനൽ,കൊച്ചി വാട്ടർ മെട്രോ ഉൾപ്പടെയുള്ള പദ്ധതികളിൽ യു.ഡി.എഫ് സർക്കാരുകളും എൽ.ഡി.എഫ് സർക്കാരുകളും നിർവ്വഹിച്ചിട്ടുള്ള കാര്യങ്ങൾ തങ്ങളുടേതാണെന്ന്
വരുത്തിത്തീർക്കാനുള്ള പരിഹാസ്യമായ ശ്രമമാണ് യു.ഡി.എഫ് നടത്തുന്നത്.
ചൈനീസ് ബന്ധം ആരോപിച്ച് വിഴിഞ്ഞം പദ്ധതിക്ക് തുരങ്കം വച്ചത് അന്നത്തെ പ്രതിരോധമന്ത്രി എ.കെ. ആന്റണിയും.മൻമോഹൻ സിംഗ് സർക്കാരുമായിരുന്നു.ഇതിലൂടെ 15 വർഷമാണ് നഷ്ടമായത്. എന്നാൽ തുറമുഖത്തിലേക്ക് ആദ്യമെത്തിയത് ചൈനീസ് കപ്പലുകളാണെന്നത് കാവ്യനീതിയുടെ ഉദാഹരണമാണ്.
കേരളത്തിന്റെ അവകാശങ്ങളെക്കുറിച്ച് പറയുമ്പോൾ പരിഹസിക്കുന്ന നിലപാടാണ് പ്രതിപക്ഷം സ്വീകരിച്ചത്. എന്നാൽ സഹകരണ ഫെഡറലിസത്തിന്റെ അടിസ്ഥാനമായ നീതിപരമായ വിഭവ വിഭജനം അനിവാര്യമാണെന്ന പൊതു ബോധം ഉയർത്തുന്നതാണ് കേരള സർക്കാരിന്റെ ഹർജിയിൽ സുപ്രീംകോടതി ഇപ്പോൾ സ്വീകരിച്ചിട്ടുള്ള നിലപാട് .
പ്രധാനമന്ത്രി പാർലമെന്റ് ക്യാന്റീനിൽ നൽകിയ വിരുന്നിൽ പങ്കെടുത്ത 8 എം.പിമാരിൽ 7 പേരും ബി.ജെ.പിയുടേയും, ഇന്ത്യാ മുന്നണിയുടെ ഭാഗമല്ലാത്ത പാർട്ടികളുടെയും പ്രതിനിധികളായിരുന്നു.അവർക്കൊപ്പമാണ് കൊല്ലത്തെ എം.പി എൻ.കെ പ്രേമചന്ദ്രനും പങ്കെടുത്തത് . എന്തായാലും ' ചുവപ്പ് ലൈറ്റ് കത്തുന്നുണ്ട് ' എന്നത് മറക്കരുതെന്നും ബാലഗോപാൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |