SignIn
Kerala Kaumudi Online
Wednesday, 18 February 2026 9.11 PM IST

വ്രതമെന്നാൽ ഭക്ഷണത്തിന്റെ നിയന്ത്രണം മാത്രമല്ല; ആറ്റുകാൽ പൊങ്കാലയിടാൻ പോകുന്നവർ അറിയേണ്ട കാര്യങ്ങൾ

Increase Font Size Decrease Font Size Print Page
temple

തിരുവനന്തപുരം: സ്ത്രീ ലക്ഷങ്ങൾ ഇഷ്ടവരദായിനിയായ ആറ്റുകാലമ്മയ്ക്ക് പൊങ്കാലയർപ്പിക്കുന്ന നാളും കാത്തിരിക്കുകയാണ്. 17നാണ് ദേവിയെ കാപ്പുകെട്ടി കുടിയിരുത്തുന്നത്. പൊങ്കാല വ്രതം തുടങ്ങാൻ ഉത്തമവും അന്നുതന്നെ. 25നാണ് പൊങ്കാല. 12 നാൾ വ്രതമെടുക്കുന്നവർ ഇന്നലെ മുതൽ ദേവിയെ സ്‌തുതിച്ചുകൊണ്ട് വ്രതം ആരംഭിച്ചു.

'' പൊങ്കാലയിടുന്നവരെല്ലാം വ്രതമെടുക്കാറുണ്ട്. കാപ്പുകെട്ട് മുതൽ വ്രതം അനുഷ്ഠിക്കുന്നതാണ് നല്ലത്. ആറ്റുകാൽ ഭഗവതിയുടെ ഭക്തർക്ക് വ്രതമെടുക്കേണ്ടത് എങ്ങനെയെന്നറിയാം. അതിന്റെ ഫലം കൈവരുന്ന കാര്യത്തിൽ അവർക്ക് ഉറപ്പുണ്ട്. അതിനാൽ നിയമാവലിയൊന്നും കൃത്യമായി സൃഷ്ടിച്ചിട്ടില്ല. വ്രതം ഭക്തമനസുകളെ കൂടുതൽ ശുദ്ധീകരിക്കു''മെന്ന് ക്ഷേത്രം തന്ത്രി പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് പറഞ്ഞു.

കാപ്പുകെട്ടി ഒമ്പതാം നാളാണ് പൊങ്കാല. 7,5,3 ദിവസങ്ങൾ വ്രതം അനുഷ്ഠിച്ച് പൊങ്കാലയിടുന്നവരുമുണ്ട്. ആത്മാവ് ദേവിക്ക് സമർപ്പിക്കുന്നത് പൊങ്കാലയെ കൂടുതൽ ദീപ്‌തമാക്കുന്നു. വ്രതമെന്നാൽ ഭക്ഷണത്തിന്റെ നിയന്ത്രണം മാത്രമല്ല,​ ശരീരത്തിന്റെയും മനസിന്റെയും നിയന്ത്രണം കൂടിയാണ്. വ്രതമെടുക്കുന്ന ദിവസങ്ങളിലെപ്പോഴും ആറ്റുകാലമ്മയെ പ്രാർത്ഥിക്കണം. ദൃഢമായ ഭക്തിയോടെ അമ്മ കൂടെയുണ്ടെന്ന് വിശ്വസിച്ച് ഒരുനേരം അരിയാഹാരം കഴിച്ച് ബാക്കി സമയം വിശന്നാൽ ഫലവർഗ്ഗങ്ങൾ കഴിക്കണമെന്നാണ് പൊതുവെ പറയുന്നത്.

ഒരു നേരം അരിയാഹാരം കഴിക്കുന്നവർ മറ്റ് സമയം ഗോതമ്പിലുണ്ടാക്കിയ വിഭവങ്ങൾ കഴിക്കുന്നത് തെറ്റല്ല. മത്സ്യമാംസവും ലഹരി പദാർത്ഥങ്ങളും പൂർണമായും ത്യജിക്കണം, ​ബ്രഹ്മചര്യം അനുഷ്ഠിക്കണം,​ദേവി സ്‌തോത്ര നാമാദികൾ ചൊല്ലുകയും ക്ഷേത്രദർശനം നടത്തുന്നതും നല്ലതാണ്. ഭക്തരുടെ ആരോഗ്യസ്ഥിതി അനുസരിച്ചുവേണം വ്രതം അനുഷ്ഠിക്കാൻ.

പൊങ്കാലയ്ക്ക് പുതുവസ്ത്രം നിർബന്ധമല്ല


പൊങ്കാലയ്‌ക്ക് കോടിവസ്ത്രം ഉത്തമമെന്ന് കരുതുന്നു. നന്നായി അലക്കി വൃത്തിയാക്കിയ കോട്ടൺ വസ്ത്രങ്ങളുമാകാം. ശരീരശുദ്ധി,മനഃശുദ്ധി എന്നിവയാണ് പ്രധാനം. നല്ല വാക്ക്,ചിന്ത,പ്രാർത്ഥന എന്നിവയോടെയാകണം പൊങ്കാലയിടുന്നത്.

നിവേദ്യത്തിനുശേഷം ആഹാരം കഴിക്കാം

പൊങ്കാല തിളച്ചുവരുന്നതുവരെ ഒന്നും കഴിക്കാൻ പാടില്ലെന്നാണ് വിശ്വാസം. എന്നാൽ ഭക്തന്റെ ആരോഗ്യസ്ഥിതി പ്രധാനമാണ്. നിവേദ്യം തയ്യാറായിക്കഴിഞ്ഞാൽ പാൽ,പഴം എന്നിവ കഴിച്ച് ഉപവാസം അവസാനിപ്പിക്കാം.

''ആറ്റുകാലമ്മയുടെ മുന്നിൽ മനമുരുകിയുള്ള പ്രാർത്ഥന ഫലം കാണും. ഐശ്വര്യത്തിനും വിദ്യാവിജയത്തിനും തൊഴിൽ നേട്ടത്തിനും ഇഷ്ടകാര്യ സിദ്ധിക്കും പൊങ്കാല അർപ്പിച്ച് പ്രാർത്ഥിക്കുന്നത് ഫലം കൊണ്ടുവരും'' -പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട്, ആറ്റുകാൽ ഭഗവതിക്ഷേത്രം തന്ത്രി

TAGS: TEMPLE, TEMPLE, ATTUKAL PONKALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN SPIRITUAL
PHOTO GALLERY