കൊച്ചി: ബാർ കൗൺസിൽ ഒഫ് കേരളയുടെ ആഭിമുഖ്യത്തിൽ 1,785 പേർ അഭിഭാഷകരായി എൻറോൾ ചെയ്തു. ഇതിൽ 1,178 പേർ വനിതകളാണ്. ഹൈക്കോടതി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ജസ്റ്റിസ് എ.എ.സിയാദ് റഹ്മാൻ, ജസ്റ്റിസ് ജി.ഗിരീഷ്, ഹൈക്കോടതി മുൻ ജഡ്ജിമാരായ ജസ്റ്റിസ് എസ്.സിരിജഗൻ, ജസ്റ്റിസ് കെ.സുരേന്ദ്രമോഹൻ, ജസ്റ്റിസ് സി.കെ.അബ്ദുൾ റഹിം എന്നിവർ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. ബാർ കൗൺസിൽ ചെയർമാൻ അഡ്വ. കെ.എൻ.അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. എൻറോൾമെന്റ് കമ്മിറ്റി ചെയർമാൻ അഡ്വ. എസ്.കെ.പ്രമോദ്, മെമ്പർമാരായ അഡ്വ. പി.സന്തോഷ്കുമാർ, അഡ്വ. കെ.കെ.നാസർ എന്നിവർ സംസാരിച്ചു.
കാംസഫ് പതാകദിനം ഇന്ന്
പത്തനംതിട്ട : ഫെബ്രുവരി 22, 23 തീയതികളിൽ പാലക്കാട് കാനം രാജേന്ദ്രൻ നഗറിൽ നടക്കുന്ന കേരള അഗ്രികൾച്ചറൽ മിനിസ്റ്റീരിയൽ സ്റ്റാഫ് ഫെഡറേഷൻ (കാംസഫ്) നാലാം സംസ്ഥാന സമ്മേളനത്തിന്റെ പ്രചരണാർത്ഥം ഇന്ന് ജില്ലയിൽ പതാകദിനം ആചരിക്കും.
പത്തനംതിട്ട മിനിസിവിൽ സ്റ്റേഷൻ അങ്കണത്തിൽ രാവിലെ പതിനൊന്നിന് കാംസഫ് സംസ്ഥാന കമ്മിറ്റി അംഗം അനിൽകുമാർ പതാക ദിനാചരണത്തിന്റെ പത്തനംതിട്ട ജില്ലാതല ഉദ്ഘാടനം നിർവ്വഹിക്കും. ജില്ലാ പ്രസിഡന്റ് അനുജ സുഗതൻ അദ്ധ്യക്ഷത വഹിക്കും.
ജില്ലാ സെക്രട്ടറി ഗിരീഷ്കുമാർ, ജോയിന്റ് സെക്രട്ടറി ജി.രാജേഷ്, ട്രഷറർ ലേഖാമോൾ, ജില്ലാ വനിതാ കമ്മിറ്റി പ്രസിഡന്റ് മഞ്ജു സുകുമാരൻ തുടങ്ങിയവർ പങ്കെടുക്കും.
ട്രാൻസ്ജെൻഡർ കലോത്സവ വേദിക്കരികിൽ
തൊഴിലന്വേഷകർക്ക് രജിസ്ട്രേഷൻ
തൃശൂർ: സംസ്ഥാന ട്രാൻസ്ജെൻഡർ കലോത്സവം നടക്കുന്ന പ്രധാന വേദിയായ തൃശൂർ ടൗൺഹാളിൽ സജ്ജീകരിച്ചിരിക്കുന്ന കേരള നോളേജ് ഇക്കോണമി മിഷന്റെ സ്റ്റാളിൽ ട്രാൻസ്ജെൻഡർ തൊഴിൽ പദ്ധതിയായ പ്രൈഡിൽ രജിസ്റ്റർ ചെയ്യാൻ അവസരം. ആവശ്യമുള്ളവർക്ക് കരിയർ കൗൺസലിംഗ് സേവനവും ലഭിക്കും. പതിനെട്ട് വയസ് പൂർത്തിയായ പ്ലസ്ടുവോ അതിന് മുകളിലോ വിദ്യാഭ്യാസ യോഗ്യതയുള്ള ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് പദ്ധതിയുടെ ഭാഗമാകാം. മിഷന്റെ ഡിജിറ്റൽ പ്ലാറ്റ്ഫോമായ ഡി.ഡബ്ള്യു.എം.എസിൽ രജിസ്റ്റർ ചെയ്യുന്നവർക്ക് യോഗ്യത, സ്കിൽ എന്നിവയുടെ അടിസ്ഥാനത്തിൽ തൊഴിലിന് അപേക്ഷിക്കാം.നൈപുണ്യ പരിശീലനം, കരിയർ കൗൺസലിംഗ്, വ്യക്തിത്വ വികസന പരിശീലനം, ഇംഗ്ലീഷ് സ്കോർ ടെസ്റ്റ്, റോബോട്ടിക് ഇന്റർവ്യൂ എന്നിവ ഉൾപ്പെടുന്ന സൗജന്യ സേവനങ്ങളും ലഭിക്കും. ട്രാൻസ്ജെൻഡർ കലോത്സവത്തിന്റെ സമാപനദിനമായ ഇന്നും രജിസ്ടേഷൻ സൗകര്യവും കരിയർ കൗൺസലിംഗും ലഭ്യമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |