SignIn
Kerala Kaumudi Online
Wednesday, 18 February 2026 8.25 PM IST

വെള്ളാപ്പള്ളി നടേശന്റെ കർമ്മധീരത വാക്കുകൾക്ക് അതീതം: ദീപു രവി

Increase Font Size Decrease Font Size Print Page
deepu-ravi

കൊല്ലം: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയും എസ്.എൻ ട്രസ്റ്റ് സെക്രട്ടറിയുമായ വെള്ളാപ്പള്ളി നടേശന്റെ കർമ്മധീ‌രത വാക്കുകൾക്ക് അതീതമാണെന്ന് കേരളകൗമുദി ചീഫ് എഡിറ്റർ ദീപു രവി പറഞ്ഞു. കൊല്ലത്ത് നടന്ന കേരളകൗമുദിയുടെ 113-ാം വാർഷികാഘോഷം, എസ്.എൻ ട്രസ്റ്റ് സെക്രട്ടറിയായി തുടർച്ചയായി പത്താം തവണയും തിരഞ്ഞെടുക്കപ്പെട്ട വെള്ളാപ്പള്ളി നടേശന് കേരളകൗമുദിയുടെ ആദരവ് സമ്മാനിക്കൽ ചടങ്ങുകളിൽ അമുഖ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

നിയമയുദ്ധങ്ങളിൽപ്പെട്ട് എസ്.എൻ.ഡി.പി യോഗം കടുത്ത പ്രതിസന്ധിയെ നേരിടുന്ന ഘട്ടത്തിലാണ് വെള്ളാപ്പള്ളി നടേശൻ പ്രസ്ഥാനത്തിന്റെ അമരത്തേക്ക് എത്തിയത്. ചുരുങ്ങിയ കാലത്തിനുള്ളിൽ തന്നെ അദ്ദേഹം വലിയ മാറ്റങ്ങൾ സൃഷ്ടിച്ചു. അദ്ദേഹത്തിന്റെ നേതൃത്വം മൂന്ന് പതിറ്റാണ്ടിലേക്ക് എത്തുമ്പോൾ സമാനതകളില്ലാത്ത നേട്ടങ്ങളാണുണ്ടായത്. അദ്ദേഹം നേതൃത്വത്തിൽ എത്തുമ്പോൾ യോഗത്തിനും ട്രസ്റ്റിനുമായി ആകെ 42 വിദ്യാഭ്യാസ സ്ഥാപനങ്ങൾ മാത്രമാണുണ്ടായിരുന്നത്. കഴിഞ്ഞ 27 വർഷത്തിനുള്ളിൽ അദ്ദേഹം ഏഷ്യയിലെ ഏറ്റവും വലിയ ലാ കോളേജ് അടക്കം 88 പുതിയ സ്ഥാപനങ്ങൾ പടുത്തുയർത്തി. സിവിൽ സർവീസ് അടക്കമുള്ള മത്സര പരീക്ഷകൾക്ക് വിദ്യാർത്ഥികളെ പ്രാപ്തരാക്കാൻ പ്രത്യേക പരിശീലന പദ്ധതിക്കും തുടക്കമിട്ടു. മൈക്രോ ഫിനാൻസ് പദ്ധതിയിലൂടെ ജീവനോപാധികൾ സമ്മാനിച്ച് ലക്ഷക്കണക്കിന് സ്ത്രീകളെ സമൂഹത്തിന്റെ മുഖ്യധാരയിൽ എത്തിച്ചു. സ്നേഹഭവനം പദ്ധതിയിലൂടെ നിരവധി പാവങ്ങൾക്ക് വീട് നിർമ്മിച്ചുനൽകി.

വെള്ളാപ്പള്ളി നടേശൻ അമരത്ത് എത്തുമ്പോൾ കേവലം 11 കോടിയായിരുന്ന എസ്.എൻ ട്രസ്റ്റിന്റെ വാർഷിക ബഡ്ജറ്റ് 148 കോടിയായി ഉയർന്നു. ശാഖകളുടെയും യൂണിയനുകളുടെയും എണ്ണം ഇരട്ടിയിലേറെയായി. നാടാകെ ഗുരുമന്ദിരങ്ങൾ സ്ഥാപിക്കാനും അദ്ദേഹം നേതൃത്വം നൽകി. ഇതിനെല്ലാമപ്പുറം ഈഴവാനാണെന്ന് ഉച്ചത്തിൽ വിളിച്ചുപറയാനുള്ള ആത്മാഭിമാനവും സമുദായാംഗങ്ങൾക്ക് അദ്ദേഹം സമ്മാനിച്ചു. ഗുരുദേവ ശിഷ്യനായ സി.വി. കുഞ്ഞുരാമൻ 1911ൽ കേരളകൗമുദി ആരംഭിച്ചത് മുതൽ അധഃസ്ഥിത ജനതയുടെ ഉന്നമനത്തിനായി പോരാടുകയാണ്. ഗുരുദേവ ദർശന പ്രചാരണവും കേരളകൗമുദിയുടെ കടമയാണ്. അന്ന് മുതൽ എസ്.എൻ.ഡി.പി യോഗത്തിന് കേരളകൗമുദി നൽകുന്ന പിന്തുണ ഇന്നത്തെ നാലാം തലമുറയും ശക്തമായി തുടരുമെന്നും അദ്ദേഹം പറഞ്ഞു.

TAGS: DEEPU REVI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY