SignIn
Kerala Kaumudi Online
Monday, 20 May 2024 6.29 PM IST

വളർച്ചയുടെ സൂചനകൾ

cv

സാമ്പത്തിക ശാസ്‌ത്രമനുസരിച്ച് ജനങ്ങൾ ഭക്ഷണത്തിനും ഭക്ഷ്യേതര കാര്യങ്ങൾക്കും കൂടുതൽ പണം ചെലവഴിക്കുന്നത് രാജ്യം സാമ്പത്തികമായി ഉയർന്ന വളർച്ച കൈവരിക്കുന്നു എന്നതിന്റെ ലക്ഷണമാണ്. പത്ത് വർഷത്തിനിടെ ഉപഭോഗ രീതികളിൽ വലിയ മാറ്റം വന്നതിലൂടെ ഇന്ത്യയിലെ ഗ്രാമങ്ങളിലും നഗരങ്ങളിലും പുതിയ ഉപഭോഗ സംസ്കാരം രൂപപ്പെടുകയാണെന്ന് കേന്ദ്ര സർക്കാരിന്റെ സാമ്പിൾ സർവേ വ്യക്തമാക്കുന്നതായി നീതി ആയോഗ് സി.ഇ.ഒ സുബ്രഹ്മണ്യം വെളിപ്പെടുത്തിയിരിക്കുന്നു. രാജ്യത്തെ പ്രതിമാസ ആളോഹരി വീട്ടുചെലവ് കണക്കാക്കുന്നതിന് 2023 ആഗസ്റ്റിൽ തുടങ്ങിയ സർവേയാണിത്. സർവേ ജൂലായിൽ സമാപിച്ചതിന് ശേഷമാകും കേന്ദ്രം ഉപഭോക്തൃ വിലസൂചിക മാറ്റങ്ങളോടെ പുതുതായി നിശ്ചയിക്കുക. സർവേ ഫലങ്ങൾ നൽകുന്ന സൂചന പ്രകാരം ഇന്ത്യയിൽ ദാരിദ്ര്യ‌‌രേഖയ്ക്ക് താഴെ കഴിയുന്നവർ രാജ്യത്തിന്റെ മൊത്തം ജനസംഖ്യയുടെ അഞ്ച് ശതമാനമായി ചുരുങ്ങിയിരിക്കുന്നു.

ഗ്രാമങ്ങളിലും നഗരങ്ങളിലും കഴിയുന്നവർ തമ്മിലുള്ള സാമ്പത്തിക അന്തരം കുറയുന്നതായും സർവേ ചൂണ്ടിക്കാട്ടുന്നു. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയത്തിന്റെ കീഴിലുള്ള നാഷണൽ സാമ്പിൾ സർവേ ഓഫീസ് നടത്തിയ സർവേയുടെ ഡാറ്റകൾ വിലയിരുത്തിക്കൊണ്ടാണ് നീതി ആയോഗ് സി.ഇ.ഒ പ്രതിമാസ ആളോഹരി വീട്ടുചെലവ് 2011- 12 നെ അപേക്ഷിച്ച് ഇരട്ടിയിലധികമായെന്ന് ചൂണ്ടിക്കാട്ടിയത്. നഗര മേഖലയിൽ ദേശീയ ആളോഹരി വീട്ടുചെലവ് 2011 - 12ൽ 2630 രൂപയായിരുന്നത് 2022 - 23ൽ 6,459 രൂപയായി ഉയർന്നു. ഗ്രാമീണ മേഖലയിൽ ഇത് യഥാക്രമം 1430 രൂപയിൽ നിന്ന് 3773 രൂപയായി. അരി, ഗോതമ്പ്, പയർവർഗങ്ങൾ എന്നിവ വാങ്ങുന്നതിൽ കുറവുണ്ടായി. അതേസമയം പാനീയങ്ങൾ, സംസ്കരിച്ച ഭക്ഷണങ്ങൾ, കൺസ്യൂമർ ഉത്‌പന്നങ്ങൾ എന്നിവയ്ക്കായി ജനങ്ങൾ കൂടുതൽ പണം ചെലവഴിക്കാൻ തുടങ്ങി.

ഗ്രാമീണ മേഖലകളിൽ 2011 - 12 വർഷം ഭക്ഷ്യ ഉത്പന്നങ്ങൾക്ക് വേണ്ടി 53 ശതമാനം പണം ചെലവഴിച്ചിരുന്നത് കഴിഞ്ഞ വർഷം 46 ശതമാനമായി കുറഞ്ഞു. നഗരപ്രദേശങ്ങളിലെ പ്രതിമാസ ശരാശരി ഭക്ഷ്യ ഉപഭോഗം 43 ശതമാനത്തിൽ നിന്ന് 39 ശതമാനമായി കുറയുകയും ചെയ്തു. ഭക്ഷ്യേതര ആവശ്യങ്ങൾക്കായുള്ള ചെലവ് ഗ്രാമങ്ങളിൽ 53.6 ശതമാനമായും നഗരങ്ങളിൽ 60.8 ശതമാനമായും ഉയരുകയും ചെയ്തു. ടെലിവിഷൻ, ഫ്രിഡ്‌ജ്, എ.സി തുടങ്ങിയ മറ്റ് ഗൃഹോപകരണങ്ങൾ വാങ്ങാൻ ഇന്ത്യയിലെ ജനങ്ങൾ കൂടുതൽ പണം ചെലവഴിക്കാൻ തുടങ്ങിയെന്നും സർവേ വ്യക്തമാക്കുന്നു. ഇത് കാണിക്കുന്നത് വലിയ അന്തരമില്ലാതെ നഗരങ്ങളിലും ഗ്രാമങ്ങളിലും വികസനവും വളർച്ചയും സംഭവിച്ചുകൊണ്ടിരിക്കുന്നു എന്നതാണ്.

ഈ സ്ഥിതി തുടർന്നാൽ ഏതാനും വർഷങ്ങൾ കഴിയുമ്പോൾ പ്രതിമാസ ആളോഹരി വീട്ടുചെലവിന്റെ കാര്യത്തിൽ നഗര - ഗ്രാമ വ്യത്യാസം ഇല്ലാതാകാനാണ് സാദ്ധ്യത. ജനങ്ങളുടെ കൈയിൽ കൂടുതൽ പണം വരുമ്പോഴാണ് ജീവിതത്തിന്റെ ആയാസം ലളിതമാക്കാൻ ഉപകരിക്കുന്ന ആധുനിക ഗൃഹോപകരണങ്ങളും മറ്റും വാങ്ങാൻ അവർ പണം ചെലവഴിക്കുന്നത്. പൊതുവെ ആ ഒരു ട്രെൻഡാണ് ഇന്ത്യയിൽ നിലനിൽക്കുന്നതെന്നാണ് സർവേ നൽകുന്ന സൂചന. സർവേയുടെ അന്തിമഫലം വരുമ്പോൾ ഇന്ത്യയുടെ ജി.ഡി.പിയിലും മാറ്റം വരാം. ഈ വളർച്ച നിലനിറുത്തുന്ന നടപടികളുമായി കേന്ദ്ര - സംസ്ഥാന സർക്കാരുകൾ മുന്നോട്ടുപോയാൽ ലോകത്തെ വൻ സാമ്പത്തിക ശക്തികളിലൊന്നായി മാറാൻ ഇന്ത്യയ്ക്ക് അധിക വർഷങ്ങൾ വേണ്ടിവരില്ലെന്ന് പ്രതീക്ഷിക്കാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MONEY
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.