ഹൈദരാബാദ് : മെഗാ താരലേലത്തിൽ പൊന്നും വിലയ്ക്ക് സ്വന്തമാക്കിയ ഓസ്ട്രേലിയയുടെ ടെസ്റ്റ്, ഏകദിന ക്യാപ്ടൻ പാറ്റ് കമ്മിൻസിനെ പുതിയ ഐ.പി.എൽ സീസണിൽ തങ്ങളുടെ ക്യാപ്ടനാക്കി പ്രഖ്യാപിച്ച് സൺറൈസേഴ്സ് ഹൈദരാബാദ്. കഴിഞ്ഞ സീസണിൽ ടീമിനെ നയിച്ച ദക്ഷിണാഫ്രിക്കൻ താരം എയ്ഡൻ മർക്രത്തിന് പകരക്കാരനായാണ് കമ്മിൻസിനെ ടീം മാനേജ്മെന്റ് ക്യാപ്ടനാക്കി പ്രഖ്യാപിച്ചത്. നേരത്തേ ഡൽഹിഡെയർഡെവിൾസിനും കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്സിനുമായി കളിച്ചിട്ടുള്ല കമ്മിൻസ് ആദ്യമായാണ് ഒരു ഐ.പി.എൽ ടീമിന്റെ ക്യാപ്ടനാകുന്നത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലും ഏകദിന ലോകകപ്പിലും ഓസ്ട്രേലിയയെ ചാമ്പ്യൻമാരാക്കിയ കമ്മിൻസിനെ 20.50 കോടി രൂപയ്ക്ക് സൺ റൈസേഴ്സ് ടീമിലെടുത്തപ്പോൾ തന്നെ അദ്ദേഹത്തെ ക്യാപ്ടനാക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. . ടീം ഘടന കൂടുതൽ ഫ്ലക്സിബിൾ ആക്കുകയെന്ന ലക്ഷ്യവും കമ്മിൻസിനെ ക്യാപ്ടനാക്കുന്നതിലൂടെ ടീം മാനേജ്മെന്റിനുണ്ട്. ട്രാവിസ് ഹെഡ്, വാനിൻഡു ഹസരങ്ക, ഗ്ലെൻ ഫിലിപ്സ്, മാർക്കോ യാൻസൺ, ഹെൻറിച്ച് ക്ലാസ്സൻ, ഫസൽഹഖ് ഫറൂഖി തുടങ്ങി വിദേശ താരങ്ങളുടെ കരുത്തുറ്റ നിര ഹൈദരാബാദിന് ഈസീസണിലുണ്ട്. കഴിഞ്ഞ സീസണിൽ മർക്രത്തിന്റെ കീഴിൽ നാല് ജയമേ സൺറൈസേഴ്സിന് നേടാനായുള്ളൂ.
അതേസമയം ദക്ഷിണാഫ്രിക്കൻ ടി-20 ലീഗിൽ കഴിഞ്ഞ രണ്ട് സീസണിലും സൺറൈസേഴ്സ് ഹൈദരാബാദിന്റെ ഉടമസ്ഥതയിലുള്ള സൺറൈസേഴ്സ് ഈസ്റ്റേൺ കേപ് ടീമിനെ ചാമ്പ്യൻമാരാക്കിയ ക്യാപ്ടനാണ് മർക്രം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |