നിയമഭേദഗതി ശരിവച്ചു
കൊച്ചി: കാലാവധി കഴിഞ്ഞ് ഒരു വർഷ ശേഷമാണ് ഡ്രൈവിംഗ് ലൈസൻസ് പുതുക്കുന്നതെങ്കിൽ വീണ്ടും ഡ്രൈവിംഗ് ടെസ്റ്റ് പാസാകണമെന്ന നിയമ ഭേദഗതി ശരിവച്ച് ഹൈക്കോടതി. മോട്ടോർ വാഹനവകുപ്പിന്റെ സർക്കുലറിനെ ചോദ്യംചെയ്ത് എറണാകുളം സ്വദേശി സെബാസ്റ്റ്യൻ ജേക്കബ് നൽകിയ ഹർജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് എൻ. നഗരേഷിന്റെ ഉത്തരവ്. മോട്ടോർവാഹന നിയമത്തിലെ 2019ലെ ഭേദഗതി പ്രകാരം ഒരു വർഷം കഴിഞ്ഞ് ലൈസൻസ് പുതുക്കുന്നവർ വീണ്ടും ടെസ്റ്റ് പാസാകേണ്ടതുണ്ട്.
ഹർജിക്കാരന്റെ ലൈസൻസ് കാലാവധി 2020 ഒക്ടോബർ 30ന് കഴിഞ്ഞിരുന്നു. 2022 ൽ വിദേശത്തു നിന്ന് മടങ്ങിവന്ന ശേഷം പുതുക്കാൻ അപേക്ഷ നൽകി. ജോയിന്റ് ആർ.ടി.ഒ. 2032 വരെ കാലാവധി നിശ്ചയിച്ച് പുതുക്കി നൽകുകയും ചെയ്തു. എന്നാൽ സ്മാർട്ട് കാർഡിനായി അപേക്ഷിച്ചപ്പോൾ ഏഴു ദിവസത്തിനകം ജോയിന്റ് ആർ.ടി.ഒയ്ക്കു മുന്നിൽ ഹാജരാകാൻ നോട്ടീസ് ലഭിച്ചു. ലൈസൻസ് പുതുക്കാനായി ഡ്രൈവിംഗ് ടെസ്റ്റ് നടത്തിയിട്ടില്ലെന്നാണ് കാരണം പറഞ്ഞത്. ഇതിനെതിരെയായിരുന്നു ഹർജി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |