നർത്തകിയും നടിയുമായി താരാ കല്യാണിന്റെ രോഗാവസ്ഥയെ കുറിച്ച് വ്യക്തമാക്കി മകൾ സൗഭാഗ്യ വെങ്കിടേഷ്. താരാകല്യാണിന്റെ ശബ്ദം പൂർണമായും നഷ്ടപ്പെട്ടെന്ന് സൗഭാഗ്യ യു ട്യൂബിൽ പങ്കുവച്ച വീഡിയോയിൽ പറയുന്നു. താരാ കല്യാണിനൊപ്പമാണ് സൗഭാഗ്യ വീഡിയോയിൽ കാര്യങ്ങൾ വിശദീകരിച്ചത്. അമ്മയുടെ രോഗത്തെക്കുറിച്ച് വിശദമായ വീഡിയോ ആണ് സൗഭാഗ്യ പങ്കുവച്ചിരിക്കുന്നത്.
സംസാരിക്കാൻ ബുദ്ധിമുട്ടും ശബ്ദത്തിൽ വ്യത്യാസവും കണ്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് താരാ കല്യാണിന് തൈറോയ്‌ഡ് കണ്ടെത്തിയത്. ഇപ്പോൾ ശബ്ദം പൂർണമായും നഷ്ടമായ അവസ്ഥയിലാണെന്ന് സൗഭാഗ്യ പറയുന്നു. വർഷങ്ങളായി താരാകല്യാണിന് ഒച്ചയെടുത്ത് സംസാരിക്കുമ്പോഴും ടെൻഷൻ വരുമ്പോഴും ശബ്ദം പൂർണമായും അടഞ്ഞുപോകാറുണ്ട്. പല ചികിത്സകളും നടത്തിയെങ്കിലും ഒന്നും ഫലം കണ്ടില്ല. കഴിഞ്ഞ വർഷം തൈറോയ്‌ഡ് ശസ്ത്രക്രിയയും നടത്തിയിരുന്നു. എന്നിട്ടും ശബ്ദത്തിന് മാറ്റമുണ്ടായില്ല. എന്നാലിപ്പോൾ അമ്മയുടെ യഥാർത്ഥ രോഗം എന്താണ് എന്ന് കണ്ടുപിടിച്ചു എന്ന് സൗഭാഗ്യ പറയുന്നു.
സ്പാസ് മോജിക് ഡിസ്ഫോണിയ എന്ന രോഗാവസ്ഥയാണ് താരയ്ക്കുള്ളത്. തലച്ചോറിൽ നിന്ന് വോക്കൽ കോഡിലേക്ക് നൽകുന്ന നിർദ്ദേശം അബ്‌നോർമൽ ആകുമ്പോൾ സംഭവിക്കുന്ന അവസ്ഥയാണിത്, മൂന്ന് തരത്തിലാണ് ഇത് സംഭവിക്കുന്നത്. അതിൽ അഡക്ടർ എന്ന സ്റ്റേജിലാണ് ഇപ്പോൾ താരയുള്ളത് എന്നും സൗഭാഗ്യ വിശദമാക്കുന്നു. എന്തു കൊണ്ടാണ് ഈ രോഗം വരുന്നതെന്ന് ഇതുവരെ കണ്ടുപിടിച്ചിട്ടില്ലെന്നും ഇതിന് കൃത്യമായി മരുന്നില്ലെന്നും സൗഭാഗ്യ പറയുന്നു.
ഇപ്പോൾ സർജരി കഴിഞ്ഞു നിൽക്കുന്ന സ്റ്റേജ് ആണ്. ഒരു മണിക്കൂർ നീണ്ട ശസ്ത്രക്രിയ ആയിരുന്നു. മൂന്നാഴ്ച കഴിഞ്ഞാൽ അമ്മയ്ക്ക് ശബ്ദം തിരിച്ചുകിട്ടുമെന്ന പ്രതീക്ഷയുണ്ടെന്നും സൗഭാഗ്യ അറിയിച്ചു. ശബ്ദം തിരിച്ചു കിട്ടിയാലും ചെറിയ വ്യത്യാസമുണ്ടായിരിക്കും. ഹൈപിച്ചിൽ സംസാരിക്കാനോ പാട്ടുപാടാനോ പാടില്ലെന്നുമാണ് ഡോക്ടർ നൽകിയിരിക്കുന്ന നിർദ്ദേശമെന്നും സൗഭാഗ്യ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |