പതിനെട്ടാം ലോക്‌സഭയിലേക്ക് ജില്ലയിൽ നിന്നുള്ള പ്രതിനിധികളെ നിശ്ചയിക്കാനുള്ള തിരഞ്ഞെടുപ്പിന് ഇനി ഒരുമാസം. എരിയുന്ന വേനൽച്ചൂടിനെ വെല്ലുന്ന തിരഞ്ഞെടുപ്പ് ചൂടിൽ കൊല്ലം ജില്ലയിൽ മത്സരത്തിന് അണിനിരന്നിരിക്കുന്നവരിൽ 4 എം.പി മാരും ഒരു എം.എൽ.എ യും. ജില്ലയിലെ 11 അസംബ്ളി നിയോജക മണ്ഡലങ്ങൾ മൂന്ന് പാർലമെന്റ് മണ്ഡലങ്ങളെയാണ് പ്രതിനിധീകരിക്കുന്നത്. തിരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിന് ആഴ്ചകൾക്ക് മുമ്പേ തന്നെ സ്ഥാനാർത്ഥികളിൽ പലരും കളം നിറഞ്ഞ് രംഗത്തിറങ്ങി മുന്നേറിയിട്ടും കൊല്ലത്ത് എൻ.ഡി.എ സ്ഥാനാർത്ഥിയെ ഇതുവരെ നിശ്ചയിക്കാത്തത് ബി.ജെ.പി കേന്ദ്രങ്ങളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.
ആരാകും കൊല്ലത്തെ എൻ.ഡി.എ സ്ഥാനാർത്ഥിയെന്ന് ബി.ജെ.പി സംസ്ഥാന കമ്മിറ്റിക്കു പോലും ഇതുവരെ നിശ്ചയമില്ല. ഡൽഹിയിലെ പാർട്ടി ആസ്ഥാനത്താണ് സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്നത്. ഇന്നോ നാളെയോ പ്രഖ്യാപനം വരുമെന്ന പ്രതീക്ഷയിലാണവർ. കൊല്ലം അടക്കം മൂന്ന് പാർലമെന്റ് മണ്ഡലങ്ങളാണ് ജില്ലയുമായി ബന്ധപ്പെട്ട് കിടക്കുന്നത്. കൊല്ലത്തിനു പുറമെ ആലപ്പുഴ, മാവേലിക്കര മണ്ഡലങ്ങളിലെ ചില നിയമസഭാ മണ്ഡലങ്ങളാണ് കൊല്ലം ജില്ലയിൽ ഉൾപ്പെടുന്നത്.
കൊല്ലത്ത് സിറ്റിംഗ് എം.പി എൻ.കെ പ്രേമചന്ദ്രനെ നേരിടുന്നത് കൊല്ലം എം.എൽ.എയും സി.പി.എം പ്രതിനിധിയും നടനുമായ എം. മുകേഷാണ്. തുടർച്ചയായ മൂന്നാമൂഴത്തിൽ ഹാട്രിക് വിജയം ലക്ഷ്യമിട്ടാണ് പ്രേമചന്ദ്രന്റെ മത്സരം. കൊല്ലം, ഇരവിപുരം, ചാത്തന്നൂർ, ചവറ, ചടയമംഗലം, കുണ്ടറ, പുനലൂർ അസംബ്ളി മണ്ഡലങ്ങളാണ് കൊല്ലം പാർലമെന്റ് മണ്ഡലത്തിൽ ഉൾപ്പെടുന്നത്. കരുനാഗപ്പള്ളി നിയമസഭാമണ്ഡലം ആലപ്പുഴ പാർലമെന്റിൽ ഉൾപ്പെടുമ്പോൾ പത്തനാപുരം, കൊട്ടാരക്കര, കുന്നത്തൂർ അസംബ്ളി മണ്ഡലങ്ങൾ മാവേലിക്കര ലോക്‌സഭാ മണ്ഡലത്തിലാണ്. സിറ്റിംഗ് എം.പി എൻ.കെ പ്രേമചന്ദ്രനെത്തന്നെയാണ് മൂന്നാം തവണയും കൊല്ലത്ത് യു.ഡി.എഫ് രംഗത്തിറക്കിയിട്ടുള്ളത്. 2014ൽ സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബിയെയും 2019ൽ കേന്ദ്ര കമ്മിറ്റി അംഗവും ഇപ്പോഴത്തെ മന്ത്രിയുമായ കെ.എൻ ബാലഗോപാലിനെയും മലർത്തിയടിച്ച് സ്ഥാപിച്ച റെക്കാർഡിന്റെ തുടർച്ചയിലാണ് ഹാട്രിക് വിജയം പ്രതീക്ഷിച്ച് മത്സരരംഗത്ത് നിറഞ്ഞു നിൽക്കുന്നത്. പ്രേമചന്ദ്രനെ ഇക്കുറിയെങ്കിലും തളയ്ക്കണമെന്ന നിശ്ചയത്തിൽ എൽ.ഡി.എഫും സി.പി.എമ്മും പരീക്ഷിക്കുന്നത് കൊല്ലത്തെ സിറ്റിംഗ് എം.എൽ.എ എം. മുകേഷിനെയാണ്.
മാവേലിക്കരയിൽ സിറ്റിംഗ് എം.പിയും കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റും പ്രവർത്തക സമിതി അംഗവുമായ കൊടിക്കുന്നിൽ സുരേഷിനെത്തന്നെയാണ് യു.ഡി.എഫ് രംഗത്തിറക്കിയിട്ടുള്ളത്. തുടർച്ചയായി 9-ാം തവണയാണ് കൊടിക്കുന്നിൽ ജനവിധി തേടുന്നത്. എ.ഐ.വൈ.എഫ് സംസ്ഥാന കമ്മിറ്റി അംഗം സി.എ അരുൺകുമാറിനെയാണ് കൊടിക്കുന്നിലിനെ നേരിടാൻ എൽ.ഡി.എഫ് ഇക്കുറി നിയോഗിച്ചിരിക്കുന്നത്. ഇവിടെ എൻ.ഡി.എ സ്ഥാനാർത്ഥി ബി.ഡി.ജെ.എസിലെ ബൈജു കലാശാലയാണ്.
ജില്ലയിലെ കരുനാഗപ്പള്ളി നിയമസഭാ മണ്ഡലം ഉൾപ്പെടുന്ന ആലപ്പുഴ ലോക്‌സഭാ മണ്ഡലത്തിൽ ഇക്കുറി ശക്തമായ ത്രികോണ മത്സരത്തിനാണ് അരങ്ങൊരുങ്ങിയിട്ടുള്ളത്. യു.ഡി.എഫ് സ്ഥാനാർത്ഥിയായ കോൺഗ്രസ് ദേശീയനേതാവും എ.ഐ.സി.സി ജനറൽ സെക്രട്ടറിയും രാജ്യസഭാ എം.പിയുമായ കെ.സി വേണുഗോപാൽ നേരിടുന്നത് സിറ്റിംഗ് എം.പി, സി.പി.എമ്മിലെ എ.എം ആരിഫിനെയാണ്. എൻ.ഡി.എ സ്ഥാനാർത്ഥിയായി ബി.ജെ.പിയിലെ കരുത്തയായ വനിതാ സ്ഥാനാർത്ഥി ശോഭ സുരേന്ദ്രൻ എത്തിയതോടെ ആലപ്പുഴയിലെ ശക്തമായ മത്സരം ദേശീയശ്രദ്ധ ആകർഷിച്ചിട്ടുണ്ട്.
സജീവമാകാനാകാതെ
ബി.ജെ.പി
കൊല്ലത്ത് ഇനിയും സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാത്തതിനാൽ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലേക്ക് ഇറങ്ങാനാകാതെ വിഷമവൃത്തത്തിലാണ് ജില്ലാ ബി.ജെ.പി നേതൃത്വം. ഇടത്, വലത് സ്ഥാനാർത്ഥികളുടെ പ്രചാരണം ജില്ലയിലുടനീളം അരങ്ങുണർത്തി ആഴ്ചകൾ പിന്നിട്ടെങ്കിലും തങ്ങളുടെ സ്ഥാനാർത്ഥി ആരെന്നറിയാതെ പ്രചാരണം തുടങ്ങാൻ പോലും കഴിയുന്നില്ലെന്നതാണ് ബി.ജെ.പി പ്രവർത്തകരെ അലട്ടുന്നത്. ആലപ്പുഴയിലും മാവേലിക്കരയിലും ഇതിനകം എൻ.ഡി.എ സ്ഥാനാർത്ഥികൾ രംഗത്തിറങ്ങിക്കഴിഞ്ഞു. കൊല്ലത്തേക്ക് മുതിർന്ന നേതാവ് കുമ്മനം രാജശേഖരന്റെയും ബി.ജെ.പി ജില്ലാ പ്രസിഡന്റ് ബി.ബി ഗോപകുമാറിന്റെയും പേരുകൾ നേരത്തെ ഉയർന്നുവെങ്കിലും അതിനുള്ള സാദ്ധ്യകൾ മങ്ങിയതായാണ് സൂചന. നടൻ കൃഷ്ണകുമാർ, സന്ദീപ് വചസ്പതി എന്നിവരുടെ പേരുകൾക്കാണിപ്പോൾ സാദ്ധ്യത കൽപ്പിക്കപ്പെടുന്നത്. ഇവരിൽ ഒരാളുടെ പേര് ഇന്നോ നാളെയോ ഡൽഹിയിൽ പ്രഖ്യാപിക്കാനാണ് സാദ്ധ്യത.
ഇവരിൽ ആരെത്തിയാലും കൊല്ലത്ത് മുൻകാലങ്ങളെ അപേക്ഷിച്ച് മത്സരം ഇക്കുറി കൊഴുക്കുമെന്നാണ് വിലയിരുത്തുന്നത്. മുൻകാലങ്ങളിൽ ഏതെങ്കിലും അപ്രധാന സ്ഥാനാർത്ഥിയെ കൊല്ലത്ത് നിറുത്തുന്നതായിരുന്നു പതിവ്. പ്രേമചന്ദ്രൻ അനായാസ വിജയം നേടുമെന്ന ആത്മവിശ്വാസമാണ് കോൺഗ്രസും യു.ഡി.എഫും പുലർത്തുന്നതെങ്കിലും സന്ദീപ് വചസ്പതിയോ കൃഷ്ണകുമാറോ എത്തിയാൽ കളം മാറുമെന്നാണ് ബി.ജെ.പി കേന്ദ്രങ്ങൾ അവകാശപ്പെടുന്നത്. ആര് സ്ഥാനാർത്ഥിയായി വന്നാലും പ്രചാരണത്തിൽ ഇടത്, വലത് മുന്നണി സ്ഥാനാർത്ഥികൾക്കൊപ്പം എത്താൻ ബി.ജെ.പി സ്ഥാനാർത്ഥിക്ക് ക്ളേശിക്കേണ്ടി വരുമെന്നത് ഉറപ്പാണ്.
ആർ.എസ്.പിയുടെ
തട്ടകം
ആർ.എസ്.പി എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ തട്ടകമായിരുന്ന കൊല്ലത്ത് ഇന്ന് ആ പ്രസ്ഥാനത്തിന് ആകെയുള്ള ജനപ്രതിനിധി എൻ.കെ പ്രേമചന്ദ്രൻ എം.പി മാത്രമാണ്. ഒരുകാലത്ത് സംസ്ഥാന നിയമസഭയിൽ നിരവധി എം.എൽ.എ മാരും മന്ത്രിമാരും ഒക്കെയുണ്ടായിരുന്ന പ്രസ്ഥാനം ഇന്ന് നിലനിൽപ്പിന്റെ തത്രപ്പാടാണ് നേരിടുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് തുടക്കം കുറിച്ച 1952 മുതലുള്ള ചരിത്രം പരിശോധിച്ചാൽ കഴിഞ്ഞ 17 തിരഞ്ഞെടുപ്പുകളിൽ 10ലും ഇരുമുന്നണികളുടെയും ഭാഗമായിനിന്ന് ജയിച്ചത് ആർ.എസ്.പിയാണ്. 1952ലെ ഒന്നാം ലോക്‌സഭാ തിരഞ്ഞെടുപ്പിലടക്കം തുടർച്ചയായി 5 തവണ വിജയിച്ച ചരിത്രം ആർ.എസ്.പി സ്ഥാപക നേതാക്കളിൽ ഒരാളായ എൻ. ശ്രീകണ്ഠൻനായർക്ക് അവകാശപ്പെട്ടതാണ്.
കോൺഗ്രസിലെ എസ്.കൃഷ്ണകുമാർ തുടർച്ചയായി മൂന്ന് വിജയങ്ങളിലൂടെ കൊല്ലത്തു നിന്ന് ഹാട്രിക് നേടിയിട്ടുണ്ട്. ഇടത്തേക്കും വലത്തേക്കും കളം മാറാൻ മടിയില്ലാത്ത കൊല്ലം മണ്ഡലത്തിൽ കഴിഞ്ഞ മൂന്ന് തവണയായി യു.ഡി.എഫാണ് വിജയിക്കുന്നത്. കൊല്ലം പാർലമെന്റ് മണ്ഡലത്തിൽ ഉൾപ്പെടുന്ന കുണ്ടറ നിയമസഭാ മണ്ഡലം ഒഴികെയുള്ള ആറ് സീറ്റുകളും എൽ.ഡി.എഫിനാണ്. 1996ലും 98ലും പ്രേമചന്ദ്രൻ എൽ.ഡി.എഫിനൊപ്പം നിന്നാണ് എം.പി ആയത്. 1999, 2004 തിരഞ്ഞെടുപ്പുകളിൽ സി.പി.എമ്മിലെ പി.രാജേന്ദ്രനായിരുന്നു ജയം. മൂന്ന് തവണയായി കൈവിട്ടുപോകുന്ന മണ്ഡലം തിരിച്ചു പിടിക്കുകയെന്ന വീറും വാശിയുമാണ് സി.പി.എം കേന്ദ്രങ്ങൾ പുലർത്തുന്നത്. 2014ൽ കൊല്ലം ലോക്സഭാ സീറ്റിനെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്നാണ് എൽ.ഡി.എഫിനൊപ്പം നിന്ന ആർ.എസ്.പി, മുന്നണി മാറി യു.ഡി.എഫിലെത്തിയത്. അതിനു ശേഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിലൊന്നും ആർ.എസ്.പി ക്ക് വിജയിക്കാനായില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |