മലപ്പുറം: പൊന്നാനിയിൽ തിരഞ്ഞെടുപ്പ് പ്രചാരണം പൊടിപൊടിക്കുകയാണ്. മുസ്ലിംലീഗ് കോട്ടയായ മണ്ഡലത്തിൽ 1977നുശേഷം മറ്റാരും വിജയിച്ചിട്ടില്ല. മണ്ഡലം നിലനിറുത്താമെന്ന ആത്മവിശ്വാസത്തിലാണ് മുസ്ലിംലീഗ്. അട്ടിമറി പ്രതീക്ഷയിലാണ് ഇക്കുറിയും എൽ.ഡി.എഫ് പോരിനിറങ്ങിയിരിക്കുന്നത്. വോട്ടുവിഹിതം വർദ്ധിപ്പിച്ച് മലബാർ മേഖലയിൽ സ്വാധീനം കൂട്ടുകയാണ് ബി.ജെ.പി ലക്ഷ്യം.
തുടർച്ചയായി മൂന്നുതവണ മണ്ഡലത്തിൽ വിജയിച്ച ഇ.ടി.മുഹമ്മദ് ബഷീറിനു പകരം എം.പി.അബ്ദുസമദ് സമദാനിയാണ് മുസ്ലിംലീഗിൽ നിന്ന് ഇക്കുറി പൊന്നാനി പോരിനിറങ്ങുന്നത്. പൊതുസ്വതന്ത്രൻ കെ.എസ്.ഹംസയെ ഇറക്കി സി.പി.എമ്മും മഹിളാമോർച്ച സംസ്ഥാന പ്രസിഡന്റ് നിവേദിത സുബ്രഹ്മണ്യനിലൂടെ ബി.ജെ.പിയും മത്സരം കടുപ്പിക്കുന്നു. മൂന്നുമുന്നണി സ്ഥാനാർത്ഥികളും നിലപാട് വ്യക്തമാക്കുന്നു.
മൂന്നാം മോദി സർക്കാരുണ്ടാവില്ല:
എം.പി.അബ്ദുസമദ് സമദാനി
(യു.ഡി.എഫ് സ്ഥാനാർത്ഥി)
രാജ്യത്തിന്റെ ദിശ നിർണ്ണയിക്കുന്ന തിരഞ്ഞെടുപ്പാണിത്. ഒരിക്കൽ കൂടി ബി.ജെ.പി അധികാരത്തിലെത്തിയാൽ സംഭവിക്കുന്ന ദുരന്തത്തെക്കുറിച്ചോർത്ത് ജനങ്ങൾക്ക് ആശങ്കയുണ്ട്. ഇന്ത്യയുടെ ഭാവിക്കായുള്ള വോട്ടാണിത്. മതേതരത്വത്തിനും ന്യൂനപക്ഷാവകാശങ്ങൾക്കും ഇന്ത്യയെന്ന ആശയത്തിനും വേണ്ടി പാർലമെന്റിൽ എന്റെ മുൻഗാമികൾ വലിയ പോരാട്ടങ്ങൾ കാഴ്ചവച്ചിരുന്നു. അവരുടെ ആശയങ്ങൾ മുറുകെപ്പിടിച്ച് പൊന്നാനിക്കാരോടൊപ്പം ഞാനുണ്ടാകും. മുൻ മുസ്ലിംലീഗ് നേതാവ് എതിരാളിയാണെന്നതിൽ പ്രസക്തിയില്ല. തിളക്കമാർന്ന വിജയം നേടും. മൂന്നാം മോദി സർക്കാർ ഉണ്ടാകില്ല. ഇന്ത്യയുടെ പ്രതീക്ഷ രാഹുൽ ഗാന്ധിയിലാണ്. പൊന്നാനിയിലെ ജനങ്ങൾ ഇത്രകാലം എവിടെയാണോ നിന്നത് അത് പൂർവാധികം തിളക്കത്തോടെ യു.ഡി.എഫിന്റെ കൂടെത്തന്നെയുണ്ടാകും.
യുഗപ്പിറവിയിലേക്ക് പൊന്നാനി:
കെ.എസ്.ഹംസ
(എൽ.ഡി.എഫ് സ്ഥാനാർത്ഥി)
പൊന്നാനി യുഗപ്പിറവിക്കായി ശ്രമിക്കുകയാണ്. ലീഗ് നേതൃത്വത്തോട് അണികൾക്ക് വലിയ പ്രതിഷേധമുണ്ട്. സമസ്ത ഉൾപ്പെടെയുള്ള സാമുദായിക സംഘടനകളുടെ പിന്തുണ തനിക്കുണ്ട്. കഴിഞ്ഞ തവണത്തെ ലീഗിന്റെ ഭൂരിപക്ഷം രാഹുൽഗാന്ധി തരംഗത്തിന്റെ ഫലമായാണ്. അത് മറികടക്കാവുന്നതേയുള്ളൂ. ഗാസ, രാമക്ഷേത്രം, ഏക സിവിൽകോഡ് വിഷയങ്ങളിലെ കോൺഗ്രസ് നിലപാട് യു.ഡി.എഫിന് തിരിച്ചടിയാവും. മതേതര മനസാണ് കേരളത്തിന്റേത്. അവർ എനിക്ക് വോട്ടുചെയ്യും. ഏതു സമയത്തും ജനങ്ങളെ കേൾക്കുന്ന എം.പിയെയാണ് പൊന്നാനിക്ക് വേണ്ടത്. ലീഗ് എം.പിമാർ എല്ലാ അവസരങ്ങളിലും വിട്ടുനിൽക്കുകയാണ്. അങ്ങനെ നോക്കുമ്പോൾ തനിക്കാണ് വിജയസാദ്ധ്യത.
10 വർഷത്തെ പ്രോഗ്രസ് തുണയ്ക്കും:
നിവേദിത സുബ്രഹ്മണ്യൻ
(എൻ.ഡി.എ സ്ഥാനാർത്ഥി)
കേന്ദ്രസർക്കാർ 10 വർഷംകൊണ്ടു ഭരണത്തിൽ കാഴ്ച്വച്ച പ്രോഗ്രസ് റിപ്പോർട്ടുമായാണ് എൻ.ഡി.എ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. ഈ പ്രോഗ്രസ് റിപ്പോർട്ടുമായി പൊന്നാനിയിലെ ജനങ്ങളെ സന്ദർശിക്കുമ്പോൾ രാഹുൽഗാന്ധിയും 'ഇന്ത്യ" മുന്നണിയും അപ്രസക്തമാണെന്ന് പൊന്നാനിക്കാർ മനസ്സിലാക്കുന്നുണ്ട്. വികസനത്തിനൊപ്പം നിൽക്കുന്നവരും നാട്ടിൽ ക്ഷേമം വരണമെന്ന് ആഗ്രഹിക്കുന്നവരും പ്രധാനമന്ത്രിക്കൊപ്പമാണ്. മോദിയുടെ ഗാരന്റിയുടെ പ്രയോജനം പൊന്നാനിയിലും ലഭിക്കണം. പിണറായി വിജയനെതിരെ മോശമായി പ്രതികരിച്ച മുൻ ലീഗ് നേതാവ് പെട്ടെന്നൊരു ദിവസം ഇടതുസ്ഥാനാർത്ഥിയായതിൽ അണികൾക്ക് തന്നെ സംശയമുണ്ട്. ലീഗ് എം.പിമാരുടെ സീറ്റ് വച്ചുമാറ്റത്തിനു പിന്നിലും ചില അജൻഡകളുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |