SignIn
Kerala Kaumudi Online
Wednesday, 16 September 2026 3.48 PM IST

രണ്ടര വയസുകാരിയെ മർദ്ദിച്ച് കൊലപ്പെടുത്തി: പിതാവ് കസ്റ്റഡിയിൽ

d

# കുട്ടിയുടെ തലയിലും നെഞ്ചിലും പരിക്ക്,​ തലച്ചോറിൽ രക്തം കട്ടപിടിച്ചു,​ വാരിയെല്ലിന് പൊട്ടൽ​

മലപ്പുറം: കാളികാവ് ഉദിരംപൊയിലിൽ രണ്ടര വയസുകാരി ഫാത്തിമ നസ്‌റിനെ മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പിതാവ് മുഹമ്മദ് ഫായിസിനെ (24)​ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു.

കുട്ടിയുടെ തലയ്ക്കും നെഞ്ചിലും പരിക്കുകളുണ്ട്. തലയിൽ രക്തം കട്ടപിടിച്ചതാണ് മരണകാരണം. രണ്ട് വശത്തെയും വാരിയെല്ലിന് പൊട്ടലുണ്ട്. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ പുതിയതും പഴയതുമായ നിരവധി മുറിവുകളുമുണ്ട്. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടിനാണ് കുട്ടിയെ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി ബോധമില്ലാത്ത നിലയിൽ മുഹമ്മദ് ഫായിസ് വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിലെത്തിയപ്പോഴേക്കും കുട്ടി മരിച്ചിരുന്നു.

പിന്നാലെ,​ കുട്ടിയെ ഫായിസ് മർദ്ദിച്ച് കൊലപ്പെടുത്തിയതാണെന്ന് ആരോപിച്ച് മാതാവ് ഷഹബാനത്തും ബന്ധുക്കളും രംഗത്തെത്തി. മൊബൈൽ സ്വിച്ച്ഓഫ് ചെയ്ത് ഒളിവിൽപോയ ഫായിസിനെ പുല്ലങ്കോട് റബർ എസ്റ്റേറ്റിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. തന്റെ മുന്നിലിട്ട് കുട്ടിയെ അലമാരയിലേക്കും കട്ടിലിലേക്കും ഫായിസ് വലിച്ചെറിഞ്ഞെന്നും കഴുത്തിൽ പിടിച്ച് ഞെക്കിയെന്നും ഷഹബാനത്ത് ആരോപിച്ചു. കുട്ടിയുടെ മുഖത്ത് ചോര കല്ലിച്ച പാടുകളും കഴുത്തിൽ രക്തക്കറയോടെയുള്ള മുറിവുകളുണ്ടെന്നും ഇവർ പറഞ്ഞു. പ്രതി കുട്ടിയെയും ഷഹബാനത്തിനെയും നിരന്തരം മർദ്ദിച്ചിരുന്നു.

ഫായിസും ഷഹബാനത്തും ദീർഘനാൾ പ്രണയത്തിലായിരുന്നു. വിവാഹത്തിന് മുമ്പേ ഷഹബാനത്ത് ഗർഭിണിയായി. ഫായിസ് അവഗണിക്കാൻ തുടങ്ങിയതോടെ പൊലീസിൽ പരാതി നൽകിയതിനെ തുടർന്നാണ് വിവാഹം നടന്നത്. വിവാഹത്തിന് മുമ്പ് ഷഹബാനത്തിന്റെ വീട്ടിൽ അക്രമം നടത്തിയതിനും വിവാഹശേഷം ഷഹബാനത്തിനെ ആക്രമിച്ചതിനുമായി രണ്ടുകേസുകൾ ഫായിസിനെതിരെ നിലവിലുണ്ട്. ഫായിസ് മയക്കുമരുന്നിന് അടിമയാണെന്ന് നാട്ടുകാർ പറയുന്നു. ഫായിസ് ഭാര്യയേയും കുട്ടിയേയും കൊല്ലുമെന്ന് ഫോണിലൂടെയും നേരിട്ടും പറയാറുണ്ടെന്നും ഇവരെ വീട്ടിലേക്ക് വിടാറില്ലെന്നും ഒടുവിൽ പരിചയക്കാർ ഇടപെട്ടാണ് കൊണ്ടുപോയതെന്നും ബന്ധുക്കൾ പറയുന്നു. രണ്ടാഴ്ച മുമ്പ് ഷഹബാനത്തിന്റെ മാതാവും സഹോദരിയും വീട്ടിൽ ചെന്നപ്പോൾ കുട്ടിയുടെ ശരീരത്തിലെ പരിക്കുകണ്ട് തിരികെ വീട്ടിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും ഫായിസ് എതിർത്തു. ഇവർക്ക് മൂന്ന് മാസം പ്രായമുള്ള മറ്റൊരു കുട്ടിയുമുണ്ട്. മഞ്ചേരി മെഡിക്കൽ കോളേജിൽ മൃതദേഹം പോസ്റ്റുമോർട്ടം നടത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MURDER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA