SignIn
Kerala Kaumudi Online
Monday, 20 May 2024 5.24 PM IST

ആശുപത്രി വളപ്പിലെ അക്രമങ്ങൾ

fd

ഹൗസ് സർജൻ ആയിരുന്ന വന്ദനാ ദാസിനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വച്ച് പൊലീസ് കസ്റ്റഡിയിലുള്ള ഒരു പ്രതി കുത്തിക്കൊലപ്പെടുത്തിയത് കേരളത്തിന്റെ മനഃസാക്ഷിയെ ഞെട്ടിച്ച സംഭവമായിരുന്നു. ആരോഗ്യപ്രവർത്തകർക്കു നേരെ ആശുപത്രികളിൽ നടക്കുന്ന അക്രമങ്ങൾ തടയാൻ ഈ സംഭവത്തിനു ശേഷം ഒരാഴ്‌ചയ്ക്കുള്ളിൽ സർക്കാർ നിയമം കർക്കശമാക്കിക്കൊണ്ടുള്ള പുതിയ ഓർഡിനൻസ് ഇറക്കി. ഇതുപ്രകാരം ആശുപത്രിയിൽ ഗുരുതരമായ അക്രമം നടത്തുന്നവർക്ക് ഒരു വർഷം മുതൽ 7 വർഷം വരെ ജയിൽ ശിക്ഷ ലഭിക്കാം. പിഴ ഒന്നു മുതൽ 5 ലക്ഷം രൂപ വരെയായും ഉയർത്തി. അക്രമത്തിനു തുനിയുന്നവർക്ക് 6 മാസം മുതൽ 5 വർഷം വരെയും തടവ് ശിക്ഷ ലഭിക്കാമെന്ന് ഓർഡിനൻസിൽ പറയുന്നു.

ഇൻസ്‌പെക്ടറുടെ റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥനാവണം അന്വേഷണം നടത്തേണ്ടത്. എഫ്.ഐ.ആർ സമർപ്പിച്ച് 60 ദിവസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കണം. കേസിന്റെ വിചാരണയ്ക്ക് എല്ലാ ജില്ലയിലും സ്പെഷ്യൽ കോടതിയെ നിയോഗിക്കും. നിയമം ഇങ്ങനെ കർശനമാക്കിയിട്ടും വീണ്ടും അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുകയുണ്ടായി. ഭാര്യയുടെ മരണവിവരം അറിയിച്ച വനിതാ ന്യൂറോ സർജനെ ഭർത്താവ് വയറ്റിൽ ഇടിച്ചത് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നടന്ന സംഭവമാണ്. പാറശ്ശാലയിൽ ഡ്യൂട്ടി ഡോക്ടറെ മുഖംമൂടി ധരിച്ച ഒരു സംഘമാണ് ആക്രമിച്ചത്. മാവേലിക്കരയിൽ ഒരു ഡോക്ടറെ പൊലീസുകാരൻ കരണത്തടിച്ചത് അമ്മയുടെ മരണം സ്ഥിരീകരിച്ചതിന്റെ പേരിലായിരുന്നു. തിരുവല്ലയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ നഴ്‌സിന്റെ വേഷം ധരിച്ചെത്തിയ ഒരു യുവതി രോഗിയെ വായുകുമിളകൾ കുത്തിവച്ച് കൊല്ലാനുള്ള ശ്രമം നടത്തി.

കഴിഞ്ഞ ദിവസം മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ മകളുടെ മുന്നിൽ ഒരു യുവതിയെ കുത്തിക്കൊന്ന ദാരുണ സംഭവം ഉണ്ടായി. സിംന ഷക്കീർ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പിതാവിന് ഭക്ഷണവുമായി മകളോടൊപ്പം എത്തിയതായിരുന്നു സിംന. സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ട പ്രതി പൊലീസിൽ പിന്നീട് കീഴടങ്ങുകയായിരുന്നു. വ്യക്തിപരമായ കാരണങ്ങളാണ് സംഭവത്തിന് ഇടയാക്കിയതെങ്കിലും താലൂക്ക് ആശുപത്രികളിലെ അപര്യാപ്തമായ സുരക്ഷാ സംവിധാനങ്ങളിലേക്കു കൂടി വിരൽചൂണ്ടുന്നതാണ് ഈ സംഭവം. വന്ദനാ ദാസിന്റെ കൊലപാതകത്തിനു ശേഷം എല്ലാ സർക്കാർ താലൂക്ക് ആശുപത്രികളിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ഒരു പൊലീസുകാരനെ സ്ഥിരം ഡ്യൂട്ടിക്ക് നിയോഗിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നതാണെങ്കിലും ഇതുവരെ അത് നടപ്പായിട്ടില്ല.

സിവിൽ പൊലീസ് ഓഫീസർമാരുടെ റാങ്ക് ലിസ്റ്റിൽ നിന്ന് ഇതിനായി കൂടുതൽ പേരെ നിയമിക്കുമെന്ന് പറഞ്ഞെങ്കിലും സാമ്പത്തിക പ്രതിസന്ധി മൂലം അതും നടന്നില്ല. കർക്കശമായ നിയമങ്ങൾകൊണ്ടു മാത്രം ഒരു കുറ്റകൃത്യവും തടയാനാവില്ല. അതോടൊപ്പം ആശുപത്രികളിലെ സുരക്ഷാ സംവിധാനങ്ങളിൽ ഒരു അഴിച്ചുപണിയും ആവശ്യമാണ്. പൊലീസിന്റെ സ്ഥിരം സാന്നിദ്ധ്യമുണ്ടായാൽ അക്രമങ്ങൾ അരങ്ങേറാനുള്ള സാദ്ധ്യത വളരെ കുറയും. ക്യാമറയും സെക്യൂരിറ്റി അലാറം മുഴക്കുന്ന സംവിധാനവും മറ്റും എല്ലാ ആശുപത്രികളിലും ആരോഗ്യ വകുപ്പ് ഏർപ്പെടുത്തണം.

ആശുപത്രി വളപ്പുകൾ അക്രമികളുടെ വിഹാരരംഗമാക്കാൻ ഒരു കാരണവശാലും അനുവദിക്കരുത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: HOSPITAL ATTACK
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.