SignIn
Kerala Kaumudi Online
Saturday, 16 May 2026 10.02 PM IST

കാലം മാറി, ഇനിയെങ്കിലും വിവാഹ ചടങ്ങിൽ നിന്ന് ഇതൊഴിവാക്കണം; ന്യൂജെൻ പിള്ളേർ മാറ്റാൻ ആഗ്രഹിക്കുന്ന കാര്യം തന്നെയാണ് ഹൈക്കോടതിയും പറഞ്ഞിരിക്കുന്നത്

marriage

വിവാഹം എന്നു പറയുന്നത് ഒരാണും പെണ്ണും ഒന്നിക്കുന്ന ചടങ്ങ് മാത്രമല്ല, വിവാഹത്തിലൂടെ രണ്ട് കുടുംബങ്ങളാണ് ഒന്നാകുന്നത്. ഹൽദി, മെഹന്ദി അടക്കം നിരവധി ചടങ്ങുകൾ ഇതിനോടനുബന്ധിച്ച് നടക്കാറുണ്ട്. ജാതിയുടെയും മതത്തിന്റെയും ജീവിക്കുന്ന ചുറ്റുപാടിന്റെയുമൊക്കെ അടിസ്ഥാനത്തിൽ ആചാരങ്ങളിലും ചടങ്ങുകളിലുമൊക്കെ മാറ്റം വരാറുണ്ട്.

പൊതുവെ മിക്കയിടങ്ങളിലെയും ഹിന്ദു വിവാഹങ്ങളിൽ കണ്ടുവരുന്ന ചടങ്ങാണ് 'കന്യാദാനം'. ശരിക്കും ഹിന്ദു വിവാഹത്തിന്റെ നിർണായക ചടങ്ങാണോ കന്യാദാനം? അല്ലെന്ന് അലഹബാദ് ഹൈക്കോടതി പറഞ്ഞതോടെ ഈ വിഷയം ചർച്ചയാകുകയാണ്.

കന്യാദാനം


വരനെ മഹാവിഷ്ണുവിന്റെ അവതാരമായും വധുവിനെ ലക്ഷ്മീദേവിയുടെ അവതാരമായും കണക്കാക്കുന്നു. വേദകാലം മുതൽ ഈ ആചാരത്തിന് പ്രാധാന്യമുണ്ടെന്നാണ് വിശ്വസിക്കുന്നത്. വധുവിന്റെ കുടുംബമാണ് 'കന്യാദാനം' നടത്തുന്നത്.

kanyadan

അഗ്നിയെ സാക്ഷിയാക്കി പിതാവ് വധുവിനെ വരന് "സമർപ്പിക്കുന്നു". ഈ ആചാരത്തിലൂടെ ഒരാളുടെ മനസോ അല്ലെങ്കിൽ ആത്മാവോ ശുദ്ധീകരിക്കപ്പെടുമെന്നും കരുതുന്നു. പ്രപഞ്ച ശക്തിയുടെ പ്രതീകമായിട്ടാണ് അഗ്നിയെ കണക്കാക്കുന്നത്. അതിനാൽത്തന്നെ അഗ്നിയെ സാക്ഷിയാക്കി ചെയ്യുന്ന ഏതു കർമവും വിശുദ്ധമാണെന്നാണ് വിശ്വാസം.


പിതാവ് (പിതാവ് മരണപ്പെടുകയോ മറ്റോ ചെയ്താൽ പിതൃസ്ഥാനത്തുള്ളയാൾ) മകളുടെ വലതു കൈ പിടിച്ച് വരന്റെ കൈയിൽ വച്ചുകൊടുക്കുന്നതാണ് കന്യാദാനം. ചിലയിടങ്ങളിൽ വെറ്റിലയോടു കൂടിയാണ് കൈ പിടിച്ചേൽപ്പിക്കുന്നത്. തന്റെ മകളെ ഭാര്യയായി കണക്കാക്കണമെന്നും അവളെ നന്നായി നോക്കണമെന്നുമുള്ള പിതാവിന്റെ അഭ്യർത്ഥന കൂടിയാണിത്. ഈ ചടങ്ങിന് ശേഷം വധുവിന്റെ അമ്മ നവദമ്പതികളുടെ കൈപ്പത്തികളിൽ വിശുദ്ധജലം അല്ലെങ്കിൽ ഗംഗാജലം ഒഴിക്കുന്ന ചടങ്ങുകളും ചിലയിടങ്ങളിലുണ്ട്.

marriage


സ്ത്രീകൾ എന്തുകൊണ്ട് ഈ ചടങ്ങിനെ എതിർക്കുന്നു

'കന്യാദാനം' എന്ന ആചാരത്തിന് ഇന്നത്തെ കാലത്ത് അർത്ഥമില്ലെന്ന് കായിക രംഗത്തും സിനിമാ രംഗത്തുള്ളവരുമടക്കമുള്ള നിരവധി സ്ത്രീകൾ അഭിപ്രായപ്പെടുന്നു. കന്യാദനത്തിനെതിരെ രംഗത്തെത്തിയവരിലൊരാളായിരുന്നു നടി ദിയ മിർസ. വ്യവസായിയായ വൈഭവ് രേഖിയെ ആണ് നടി വിവാഹം കഴിച്ചത്. 'കന്യാദാനം' അടക്കമുള്ള കാലഹരണപ്പെട്ട ആചാരങ്ങൾ ഒഴിവാക്കാൻ തങ്ങൾ തീരുമാനിക്കുകയും അതുപോലെ നടത്തുകയും ചെയ്‌തെന്ന് നടി വ്യക്തമാക്കി.

കന്യാദാനം പുരുഷാധിപത്യത്തിന്റെ പ്രതീകമാണെന്നാണ് വിമർശകർ പറയുന്നത്. വിമർശകരിൽ കൂടുതലും സ്ത്രീകളാണ് താനും. സ്ത്രീകളെ 'ചരക്കുകളാക്കി' ചിത്രീകരിക്കുകയാണെന്നാണ്‌ വിമർശകർ പറയുന്നത്. ധാന്യങ്ങളും, വസ്ത്രങ്ങളും, പശുക്കളെയുമൊക്കെ ദാനമായി കൊടുക്കുന്നതുപോലെ സ്ത്രീകളെയും നൽകുകയാണെന്നാണ് വിമർശനം.

ദാമ്പത്യം എന്നുപറയുന്നത് തുല്യ ഉത്തരവാദിത്തമാണ്. അവിടെ ഭാര്യയ്‌ക്കും ഭർത്താവിനും തുല്യ പ്രധാന്യമുണ്ട്. ഭാര്യയെ ദാനമായി കിട്ടിയതാണെന്നോ, ഭർത്താവിന്റെ അടിമയാണെന്നോ, അവളുടെ ജീവിതം ഭർത്താവിന് വേണ്ടി സമർപ്പിച്ചതാണെന്നൊക്കെയുള്ള ചിന്തകൾ മാറേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നാണ് വിദ്യാസമ്പന്നരായ, അദ്ധ്വാനിക്കുന്ന വനിതകൾ പറയുന്നത്.

അടിവസ്ത്രം വരെ അലക്കാൻ ഭാര്യയെ ഏൽപിക്കുന്ന, അടുക്കള പണിയും കുഞ്ഞുങ്ങളെ നോക്കലും അവളുടെ 'പണിയാണെന്ന്' കരുതുന്നവരായിരുന്നു അന്നത്തെ മിക്ക പുരുഷന്മാരും. കാലം ഒരുപാട് മുന്നോട്ടുപോയി. സ്ത്രീകൾ പുരുഷന്മാരെപ്പോലെ ജോലി ചെയ്യുന്നു. അതിനാൽത്തന്നെ ഇത്തരത്തിലുള്ള വേർതിരിവുകൾ മാറണമെന്നൊക്കെയാണ് വിമർശകരുടെ പക്ഷം.

wedding

ഹൈക്കോടതി പറഞ്ഞത്

ഹിന്ദു വിവാഹ നിയമപ്രകാരം കന്യാദാനം നിർബന്ധമില്ലെന്നാണ് അലഹബാദ് ഹൈക്കോടതിയുടെ ലഖ്നൗ ബെഞ്ച് പറഞ്ഞത്. വിവാഹത്തിന് 'സപ്തപദ്' മാത്രമാണ് അനിവാര്യമെന്നും കോടതി ചൂണ്ടിക്കാട്ടി. വിവാഹ ചടങ്ങിനിടയിൽ അഗ്നിക്ക് ചുറ്റും വധൂവരന്മാർ ഒന്നിച്ച് ഏഴടി വയ്ക്കുന്നതാണ് സപ്തപദി ചടങ്ങ്.

അശുതോഷ് യാദവ് എന്നയാൾ സമർപ്പിച്ച റിവിഷൻ ഹർജി പരിഗണിക്കവെയാണ് ജസ്റ്റിസ് സുഭാഷ് വിദ്യാർത്ഥിയുടെ ബെഞ്ച് ഈ നിരീക്ഷണം നടത്തിയത്. ഹിന്ദു നിയമപ്രകാരമാണ് തന്റെ വിവാഹം നടന്നത്. എന്നാൽ ഈ ചടങ്ങിൽ കന്യാദാനം ചടങ്ങ് ഉണ്ടായിരുന്നില്ലെന്നായിരുന്നു അശുതോഷ് യാദവിന്റെ വാദം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: KANYADAN, HINDUMARRIAGE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360