SignIn
Kerala Kaumudi Online
Friday, 18 September 2026 6.40 AM IST

സിദ്ധാർത്ഥിന്റെ മരണം: എഫ്.ഐ.ആർ റീ-രജിസ്റ്റർ ചെയ്തു: സി.ബി.ഐ കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെടും

READ ENGLISH VERSION
sidharth

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥിന്റെ ദുരൂഹ മരണം അന്വേഷിക്കുന്ന സി.ബി.ഐ കൽപ്പറ്റ ജൂഡിഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ എഫ്.ഐ.ആർ റീ-രജിസ്റ്റർ ചെയ്തു. പൊലീസ് പ്രതികളാക്കിയ 20പേർക്കു പുറമെ കൂടുതൽ അജ്ഞാതരായ പ്രതികളുണ്ടാവുമെന്ന് പ്രാഥമ വിവര റിപ്പോർട്ടിൽ സി.ബി.ഐ ചൂണ്ടിക്കാട്ടി.

ഡൽഹി സി.ബി.ഐ സ്പെഷ്യൽ ക്രൈം രണ്ടാം യൂണിറ്റിലെ സൂപ്രണ്ട് അരവിന്ദ് കുമാർ ഉപാദ്ധ്യായയാണ് എഫ്.ഐ.ആ‍‌ർ സമർപ്പിച്ചത്. വെള്ളിയാഴ്ചയാണ് കേസന്വേഷണം സി.ബി.ഐ ഏറ്റെടുത്തത്.

സിദ്ധാർത്ഥിന്റെ പിതാവ് ജയപ്രകാശിന്റെ മൊഴി സി.ബി.ഐ ഇന്ന് രേഖപ്പെടുത്തും. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയായ ടി.ജയപ്രകാശ് മൊഴി നൽകാനായി ഇന്നലെ വയനാട്ടിലെത്തി. രാവിലെ 11 മണിയോടെയാകും വൈത്തിരിയിലെ സി.ബി.ഐ ക്യാമ്പ് ഓഫീസിൽ എത്തി മൊഴി നൽകുക. പൊലീസിന് നൽകാത്ത കൂടുതൽ തെളിവുകൾ സി.ബി.ഐയ്ക്ക് നൽകുമെന്ന് അദ്ദേഹം പറഞ്ഞു. കൂടുതൽ പ്രതികളുണ്ടെന്ന് മാതാപിതാക്കൾ തുടക്കം മുതൽ വ്യക്തമാക്കിയിരുന്നു.

 പ്രതികൾ,​ 9 വകുപ്പുകൾ

പൊലീസ് നേരത്തെ കണ്ടെത്തിയതും സി.ബി.ഐ കേസിൽ ഉൾപ്പെടുത്തിയതുമായ ഒന്നുമുതൽ 20വരെ പ്രതികൾ ഇവരാണ്: കെ.അഖിൽ, ആർ.എസ്.കാശിനാഥൻ, യു.അമീൻ അക്ബറലി, കെ.അരുൺ, സിൻജോ ജോൺസൺ, എൻ.ആസിഫ് ഖാൻ, എ.അമൽ ഇഷാൻ, ജെ.അജയ്, എ.അൽത്താഫ്, ഇ.കെ.സൗദ് റിസാൽ, വി.ആദിത്യൻ, മുഹമ്മദ് ഡാനിഷ്, റെഹാൻ ബിനോയ്, എസ്.ഡി ആകാശ്, എസ്.അഭിഷേക്, ആർ.ഡി. ശ്രീഹരി, ഡോൺസ് ദയ്, ബിൽഗേറ്റ് ജോഷ്വ, വി.നസീഫ്, എ.അബി. ഇവർക്കെതിരേ ക്രിമിനൽ ഗൂഢാലോചന, അക്രമിച്ച് മുറിവേൽപ്പിക്കൽ, അന്യായമായി തടങ്കലിൽ വയ്ക്കൽ, അപമാനിക്കൽ, ആത്മഹത്യാ പ്രേരണ, ക്രിമിനൽ സ്വഭാവത്തോടെ ഭീഷണിപ്പെടുത്തൽ, റാഗിംഗ് എന്നിങ്ങനെ 9 വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.

നേരത്തേ വൈത്തിരി പൊലീസ് രജിസ്റ്റർ ചെയ്ത കേസാണ് സി.ബി.ഐ റീ രജിസ്റ്റർ ചെയ്തത്. ഡൽഹിയിലെ ഇൻസ്പെക്ടർ സത്യപാൽ യാദവാണ് അന്വേഷണ ഉദ്യോഗസ്ഥൻ. കേസ് സി.ബി.ഐയ്ക്ക് കൈമാറിയുള്ള സർക്കാർ ഉത്തരവും ഗസറ്റ് വിജ്ഞാപനവും കേസേറ്റെടുത്തുള്ള കേന്ദ്ര ഉത്തരവുമടക്കം കോടതിക്ക് കൈമാറി. തിരുവനന്തപുരത്ത് സി.ബി.ഐയുടെ ക്രൈംബ്രാഞ്ച് യൂണിറ്റ് ഉണ്ടെങ്കിലും കേരളത്തിനു പുറത്തെ യൂണിറ്റ് അന്വേഷിക്കണമെന്ന് മാതാപിതാക്കൾ ആവശ്യമുന്നയിച്ചിരുന്നു. ഇതുപ്രകാരമാണ് അന്വേഷണം ഡൽഹി യൂണിറ്റിന് നൽകിയത്.

 സി.ബി.ഐ അന്വേഷിക്കുന്നത്

1. ആത്മഹത്യയാണോ കൊലപാതകമാണോ

2. മരണത്തിലേക്ക് നയിച്ച കാരണങ്ങൾ

3. സംഭവത്തിനു പിന്നിലെ ഗൂഢാലോചന

4. ക്രൂരമായ അക്രമം ആസൂത്രിതമാണോ

5. ഡീനിന്റെയും വാർഡന്റെയും പങ്ക്

6. ദൃക്ഷ്സാക്ഷി മൊഴികൾ അട്ടിമറിച്ചോ

7. പൊലീസ് അന്വേഷണത്തിലെ വീഴ്ചകൾ

8. പ്രതികൾക്ക് രാഷ്ട്രീയ അഭയം കിട്ടിയോ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SIDHARTH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA