തിരുവനന്തപുരം: ഇ.ഡിയുടെ സമൻസുകളും ആദായ നികുതി വകുപ്പ് പാർട്ടി അക്കൗണ്ടുകൾ മരവിപ്പിച്ചതും ഉയർത്തുന്ന വെല്ലുവിളികൾക്ക് പിന്നാലെ, പാനൂർ ബോംബ് സ്‌ഫോടനക്കേസിൽ പാർട്ടിയുടെ പങ്ക് വെളിപ്പെടുത്തുന്ന തെളിവുകൾ സി.പി.എമ്മിനെ കടുത്ത പ്രതിരോധത്തിലാക്കി. വോട്ടെടുപ്പിന് രണ്ടാഴ്ച ശേഷിക്കെ, ബോംബ് നിർമ്മാണം തങ്ങളെ ആക്രമിക്കാനായിരുന്നുവെന്ന ആരോപണമുയർത്തി പ്രശ്നം ആളിക്കത്തിക്കുകയാണ് കോൺഗ്രസ്.
ന്യായീകരണം കണ്ടെത്താൻ കഴിയാതെ വിയർക്കുകയാണ് എൽ.ഡി.എഫ്. ബോംബ് സ്‌ഫോടനം സംബന്ധിച്ച് ഇന്റലിജൻസ് മുന്നറിയിപ്പ് ആഭ്യന്തര വകുപ്പും പൊലീസും അവഗണിച്ചതെന്തിനെന്ന ചോദ്യമാണ് സർക്കാരിനെതിരെ ഉയരുന്നത്.
ബോംബ് സ്‌ഫോടനക്കേസിലെ പ്രതികൾക്ക് പാർട്ടിയുമായി ബന്ധമില്ലെന്ന് ആവർത്തിക്കുമ്പോഴാണ് കൊല്ലപ്പെട്ട പ്രതിയുടെ സംസ്കാരച്ചടങ്ങിൽ പ്രാദേശിക നേതാക്കൾ പങ്കെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട്കൂടുതൽ പാർട്ടി പ്രവർത്തകർ പിടിയിലാവുകയും ചെയ്തു. പ്രചാരണത്തിൽ മേൽക്കൈ നേടിയ ഇടതുമുന്നണിക്ക് ഇതോടെ പ്രതിരോധത്തിലേക്ക് ചുവടുമാറ്റേണ്ടിവന്നു.
മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും പുറമെ,സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും ഇതിനായി രംഗത്തിറങ്ങി. ഡി.വൈ.എഫ്.ഐക്ക് ബന്ധമില്ലെന്ന് പറഞ്ഞ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ്, ആർക്കെങ്കിലും ഉത്തരവാദിത്വമുണ്ടെങ്കിൽ ശക്തമായ നടപടി സ്വീകരിക്കുമെന്നാണ് പ്രതികരിച്ചത്.
വിശദീകരണങ്ങളിൽ പൊരുത്തക്കേട്
1. സ്‌ഫോടനത്തിന് ശേഷം ബോംബുകളുടെ അവശിഷ്ടങ്ങൾ മാറ്റിയതിന് പൊലീസ് അറസ്റ്റ് ചെയ്ത അമൽ ബാബു ഡി.വൈ.എഫ്.ഐ യൂണിറ്റ് സെക്രട്ടറി.ഗൂഢാലോചനക്കേസിൽ ബംഗളൂരുവിൽ നിന്ന് പിടിയിലായ മിഥുൻ റെഡ് വോളന്റിയർ ക്യാപ്ടൻ.
എം.വി. ഗോവിന്ദന്റെ വിശദീകരണം
അമൽ ബാബു സ്ഫോടന സ്ഥലത്ത് സന്നദ്ധ പ്രവർത്തനത്തിന് പോയതാണ്.അമൽ ബാബുവിനെ പൊലീസ് ആളുമാറി അറസ്റ്റ് ചെയ്തതാണ്. ബോംബ് നിർമ്മാണത്തിൽ ഏർപ്പെട്ട പ്രതികൾ സി.പി.എം പ്രവർത്തകരെയും അവരുടെ വീടുകളും ആക്രമിച്ചവരാണ്.
മുഖ്യമന്ത്രി: ബോംബ് സ്ഫോടനക്കേസിൽ ശക്തമായ നടപടിയെടുക്കും. കുറ്റവാളികളോട് മൃദു സമീപനം സ്വീകരിക്കില്ല.
2. സ്ഫോടനത്തിൽ കൊല്ലപ്പെട്ട ഷെറിന്റെ സംസ്കാരച്ചടങ്ങിൽ പാർട്ടി പാനൂർ എരിയാ കമ്മിറ്റിയിലെ രണ്ടംഗങ്ങളും പൊയിലൂർ ലോക്കൽ കമ്മിറ്റി അംഗവും പങ്കെടുത്തു
വിശദീകരണം: മരണ വീടുകളിലെത്തി ബന്ധുക്കളെ ആശ്വസിപ്പിക്കുന്നത് മനുഷ്യത്വപരമാണ്.
രാഷ്ട്രീയം കാണേണ്ടതില്ലെന്ന് മുഖ്യമന്ത്രി. ജാഗ്രതക്കുറവാണെന്ന് സി.പി.എം പാനൂർ ഏരിയാ സെക്രട്ടറി കെ.ഇ.കുഞ്ഞബ്ദുള്ള. പരിശോധിക്കുമെന്ന് വടകരയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.കെ. ശൈലജ.
'ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടയാളും സംസ്കാരച്ചടങ്ങിൽ പങ്കെടുത്തവരും പരിക്കേറ്റവരും അവരെ ആശുപത്രിയിൽ കൊണ്ടു പോയവരുമെല്ലാം സി.പി.എം പ്രവർത്തകരാണ്.'
-വി.ഡി. സതീശൻ, പ്രതിപക്ഷനേതാവ്
മുഖ്യ ആസൂത്രകർ പിടിയിൽ
പാനൂർ സ്ഫോടനത്തിന്റെ മുഖ്യ ആസൂത്രകരായ ഡി.വൈ.എഫ്.ഐ കുന്നോത്ത് പറമ്പ് യൂണിറ്റ് സെക്രട്ടറി ഷിജാൽ, ഡി.വൈ.എഫ്.ഐ. പ്രവർത്തകൻ അക്ഷയ് എന്നിവർ പൊലീസ് കസ്റ്റഡിയിൽ. ഉദുമൽപേട്ടയിൽ ഒളിവിൽ കഴിഞ്ഞ ഇവരെ പാലക്കാടിന്റെ അതിർത്തിയിൽ വച്ചാണ് പിടികൂടിയത്. മറ്റൊരു പ്രതി സായൂജ് കോയമ്പത്തൂരിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കവെ പാലക്കാട് വച്ച് പിടിയിലായിരുന്നു. മൊബൈൽ കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിലാണ് ഷിജാലും അക്ഷയും പിടിയിലായത്. ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാക്കി അറസ്റ്റ് രേഖപ്പെടുത്തും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |