SignIn
Kerala Kaumudi Online
Tuesday, 21 May 2024 10.08 AM IST

കൊട്ടിക്കയറി കോഴിക്കോട്

j

കൊട്ടിക്കയറുകയാണ് കോഴിക്കോട്ടെ പ്രചാരണം. അധികം ബഹളമോ വിവാദങ്ങളോ ഇല്ലാതെ കോഴിക്കോട് ലോകസഭ മണ്ഡലത്തിൽ പ്രചാരണം മുന്നേറുമ്പോൾ വടകരയിൽ അതല്ല സ്ഥിതി. തീപാറുന്ന പോരാട്ടമാണ് വടകരയിൽ ഒരിഞ്ചുപോലു വിട്ടുകൊടുക്കാതെ എൽ.ഡി.എഫും യു.ഡി.എഫും മുന്നേറുമ്പോൾ ഒപ്പം നിന്ന് പൊരുതുകയാണ് എൻ.ഡി.എയും. ജില്ലയിലെ തിരവുമ്പാടി നിയോജക മണ്ഡലം കൂടി ഉൾക്കൊള്ളുന്ന വയനാട് മണ്ഡലത്തിൽ രാഹുൽ ഗാന്ധി സജീവമായതോടെ പ്രചാരണത്തിന് ഗ്ലാമർ കൂടി.

ലോക്സസഭ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിനൊപ്പവും നിയമസ സഭ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനൊപ്പവും നിൽക്കുന്ന കോഴിക്കോടിന്റെ രാഷ്ട്രീയ മനസിന് ഇത്തവണ മാറ്റമുണ്ടാവുമോ എന്ന ചോദ്യമാണ് രാഷ്ട്രീയ മണ്ഡലത്തിലുയരുന്നത്. വടകരയും കോഴിക്കോടും നിലനിറുത്താൻ യു.ഡി.എഫ് കച്ചകെട്ടിയറങ്ങുമ്പോൾ മൂന്ന് തവണയായി നഷ്ടപ്പെടുന്ന പഴയ ഉരുക്കുകോട്ടകൾ തിരിച്ചുപിടിക്കാനാണ് എൽ.ഡി.എഫിന്റെ അങ്കം. തുടർച്ചയായി തിരഞ്ഞെടുപ്പുകളിൽ വോട്ടുയർത്തുന്ന എൻ.ഡി.എയും കാര്യമായ പ്രതീക്ഷയിലാണ്.

രാഹുൽ

ഫാക്ടർ

യു.ഡി.എഫ് ക്യാമ്പിന് ആത്മവിശ്വാസമേകുകയാണ് രാഹുൽ ഗാന്ധിയുടെ ഹൈ വോൾട്ടേജ് പ്രചാരണം. പ്രത്യേകിച്ചും കോഴിക്കോട് മണ്ഡലത്തിൽ. ഏക സിവിൽകോഡ്, സി.എ.എ, പാലസ്തീൻ ഐക്യദാർഢ്യം തുടങ്ങിയ വിഷയങ്ങളുയർത്തി യു.ഡി.എഫിന്റെയും മുസ്ലിം ലീഗിന്റെയും കോട്ടകളിൽ വിള്ളലുണ്ടാക്കാനുള്ള സി.പി.എം ശ്രമം ഏറ്റവും ശക്തമായുണ്ടായ മണ്ഡലമാണ് കോഴിക്കോട്. മുസ്ലിം ലീഗിനെ കാര്യമായി വിമർശിക്കാതെ കോൺഗ്രസിനെ കടന്നാക്രമിക്കുന്ന തന്ത്രമാണ് കഴിഞ്ഞ കുറച്ച് കാലങ്ങളായി എൽ.ഡി.എഫ് പയറ്റുന്നത്.

ന്യൂനപക്ഷ വിഷങ്ങളിൽ കോൺഗ്രസിന് അയഞ്ഞ സമീപനമാണെന്നുള്ള പ്രചാരണമാണ് എൽ.ഡി.എഫിന്റേത്. ഈ പ്രചാരണം ശക്തമാക്കുമ്പോഴാണ് രാഹുൽ ഗാന്ധിയുടെ വരവ്. വയനാട്ടിലും കോഴിക്കോട്ടും നടത്തിയ പ്രചാരണത്തോടെ എൽ.ഡി.എഫ് ആരോപണങ്ങളുടെ മുനയൊടിക്കാൻ സാധിച്ചതായാണ് യു.ഡി.എഫ് കരുതുന്നത്. ഇന്ത്യ മുന്നണിയുടെ എറ്റവും ശക്തനായ നേതാവിനെ അണിനിരത്തിയ യു.ഡി.എഫിന് ആത്മവിശ്വാസം നൽകുന്നതാണ്. കർണാടകയിൽ ബി.ജെ.പിയോട് നേരിട്ടേറ്റുമുട്ടുന്ന ഡി.കെ. ശിവകുമാറിനെയും യു.ഡി.എഫ് കളത്തിലിറക്കി ആവേശം കൂട്ടി.

മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ് എൽ.ഡി.എഫിന്റെ താരപ്രചാരകൻ. കോൺഗ്രസിനെയും ബി.ജെ.പിയെയും കടന്നാക്രമിക്കുന്ന മുഖ്യമന്ത്രി ഇന്ത്യ മുന്നണിയുടെ നേതാവായ രാഹുൽ ഗാന്ധിക്കെതിരെയും ഉയർത്തിയത് വൻ വിമർശനങ്ങളാണ്. കേന്ദ്രമന്ത്രി മീനാക്ഷി ലേഖി, പി.സി. ജോർജ്, വയനാട്ടിലെത്തിയ കേന്ദ്രമന്ത്രി സ്മൃതി ഇറാനി എന്നിവരെല്ലാം എൻ.ഡി.എയുടെ ആവേശമുയർത്തി.

പ്രചാരണം കൊഴുക്കുമ്പോഴും കോഴിക്കോട് മണ്ഡലത്തിൽ പ്രധാന താരങ്ങൾ അതത് മുന്നണികളുടെ സ്ഥാനാർത്ഥികൾ തന്നെയാണ്. വലിയ ബഹളമൊന്നുമില്ലെങ്കിലും ജനങ്ങൾക്കിടയിലേക്ക് ആഴത്തിലിറങ്ങിച്ചെന്നുള്ള പ്രചാരണമാണ് യു.ഡി.എഫ് സ്ഥാനാർത്ഥി എം.കെ. രാഘവനും എൽ.ഡി.എഫ് സ്ഥാനാർത്ഥി എളമരം കരീമും എൻ.ഡി.എ സ്ഥാനാർത്ഥി എം.ടി. രമേശും നടത്തുന്നത്. ചിട്ടായായ പ്രവർത്തനത്തിലൂടെ അനാവശ്യ വിവാദങ്ങളിൽ നിന്നെല്ലാം മാറി നിന്നുള്ള രാഷ്ട്രീയ പോരാട്ടമാണ് കോഴിക്കോട്ട്.

പുതിയ

പരീക്ഷണങ്ങൾ

കോഴിക്കോടിനായി പ്രകടന പത്രിയിറക്കി എൽ.ഡി.എഫ് പ്രചാരണത്തിൽ വ്യത്യസ്ഥകൾ പരീക്ഷിക്കുമ്പോൾ സംസ്ഥാന സർക്കാരിനും കോഴിക്കോട് എം.പിയ്ക്കുമെതിരെ കുറ്റപത്രമിറക്കി എൻ.ഡി.എ ആക്രമണം കടുപ്പിച്ചു. യു.ഡി.എസ്.എഫ് സംഘടിപ്പിച്ച് വാക്ക് വിത്ത് എം.കെ.ആർ പോലുള്ള ന്യൂജൻ പരിപാടികൾ യു.ഡി.എഫും സംഘടിപ്പിച്ചു. മഹിളാ സമ്മേളനങ്ങൾ ഉൾപ്പടെ ചെറിയ യോഗങ്ങളും മറ്റും നടത്തി മുന്നേറുകയാണ് എൻ.ഡി.എ.

എന്നാൽ കോഴിക്കോട്ടെ ശാന്തതയൊന്നും വടകരയിലില്ല. പഴയ കടത്തനാടൻ കോട്ട തിരിച്ചു പിടിക്കാൻ എൽ.ഡി.എഫ് ഏറ്രവും ജനകീയ മുഖമായ കെ.കെ. ശൈലജയെ കളത്തിലിറക്കിയപ്പോൾ തന്നെ പൊരിഞ്ഞ പോരാട്ടം പ്രതീക്ഷിച്ചതാണ്. അതിനിടെ പദ്മജ വേണുഗോപാൽ ബി.ജെ.പിയിലേക്ക് കൂടുമാറിയതുൾപ്പെടെയുള്ള രാഷ്ട്രീയ നീക്കങ്ങളെ തുടർന്ന് കെ. മുരളീധരൻ തൃശൂരിലേക്ക് പോവുകയും പാലക്കാട് എം.എൽ.എ ഷാഫി പറമ്പിൽ വടകരയിലെത്തുകയും ചെയ്തു. മാസായി വന്ന ഷാഫി ജനക്കൂട്ടത്തെ സൃഷ്ടിച്ച് എൽ.ഡി.എഫ് ക്യാമ്പിനെ ഞെട്ടിച്ചു. ഗ്രൗണ്ടിലെ പോരാട്ടങ്ങൾക്കും വാഗ്‌വാദങ്ങൾക്കുമൊപ്പം സോഷ്യൽ മീഡിയയിലും തരംഗമാണ് വടകരപ്പോര്. പ്രചാരണത്തിൽ ഒട്ടും പിറകിലാവാതെ യുവമോർച്ച സംസ്ഥാന പ്രസിഡന്റ് പ്രഫുൽ കൃഷ്ണനും കളം നിറഞ്ഞു.

പ്രചാരണം കൊഴുക്കുന്നതിനിടെയാണ് പാനൂരിലെ സി.പി.എം. കേന്ദ്രത്തിൽ ബോംബ് നിർമ്മാത്തിനിടെ സ്ഫോടനമുണ്ടാവുകയും ഒരാൾ കൊല്ലപ്പെടുകയും ചെയ്തത്. ഡി.വൈ.എഫ്.ഐ നേതാക്കൾ ഉൾപ്പടെ പ്രതികളായപ്പോൾ യു.ഡി.എഫിന്റെ മുഖ്യപ്രചാരണ വിഷയം ബോംബ് രാഷ്ട്രീയമായി. എൻ.ഡി.എയും ഈ വിഷയത്തിൽ ശക്തമായി രംഗത്തെത്തി. അതിനിടെ യു.ഡി.എഫ് വനിതാ പ്രവർത്തകർ തൊഴിലുറപ്പ് തൊഴിലാളികളെ അപമാനിച്ചെന്ന വിവാദമുയർത്തി. ഒടുവിൽ വ്യക്തിഹത്യ ആരോപണവുമായി കെ.കെ. ശൈലജ വൈകാരികമായി രംഗത്തെത്തുകയും ചെയ്തു. ഈ വിഷയങ്ങളെല്ലാം വടകരയിൽ സജീവ ചർച്ചയായി. അതിനിടെ ആർ.എം.പി പ്രവർത്തകരെ മർദ്ദിച്ചതും സജീവ പ്രചാരണ വിഷയമാണ്.

കേന്ദ്രമന്ത്രി രാജ്നാഥ് സിംഗ് ഉൾപ്പടെയുള്ള കരുത്തരാണ് എൻ.ഡി.എയ്ക്കായി വടകരയിൽ പ്രചാരണത്തിനെത്തിയത്. കടുത്ത വേനൽച്ചൂണ് കോഴിക്കോട്ട്, പക്ഷേ തിരഞ്ഞെടുപ്പിൽ അതിനേക്കാൾ വലിയ പ്രചാരണച്ചൂടുയരുമ്പോൾ കരുത്തരുടെ പോരാട്ടത്തിന്റെ എല്ലാ ആവേശവും ജില്ലയിലുണ്ട്.

ഹോം വോട്ടിംഗ്

സംവിധാനവും

പ്രചാരണം കൊഴുക്കുന്നതിനിടെ ഭിന്നശേഷിക്കാർക്കും 85ന് മുകളിൽ പ്രായമുള്ളവർക്കും വീട്ടിൽ നിന്ന് വോട്ട് ചെയ്യാൻ അവസരം നൽകുന്ന ഹോം വോട്ടിംഗ് സംവിധാനത്തിന് ജില്ലയിൽ തുടക്കമായി. നേരത്തേ അസന്നിഹിത വോട്ടർ വിഭാഗക്കാർക്കുള്ള നിശ്ചിത ഫോറത്തിൽ പോസ്റ്റൽ വോട്ടിനായി അപേക്ഷ നൽകിയവർക്കാണ് വീട്ടിൽ നിന്ന് വോട്ട് ചെയ്യുക. ജില്ലയിൽ ഈ രീതിയിൽ അപേക്ഷ നൽകിയ 4873 ഭിന്നശേഷിക്കാരും 85ന് മുകളിൽ പ്രായമുള്ള 10531 പേരുമാണുള്ളത്.

വോട്ടർപട്ടികയിൽ 85 വയസ്സ് പൂർത്തിയായവർക്കും ഭിന്നശേഷിക്കാരായി രേഖപ്പെടുത്തപ്പെട്ടവർക്കുമാണ് വീട്ടിൽ നിന്ന് പോസ്റ്റൽ ബാലറ്റ് വഴി വോട്ട് ചെയ്യാനാവുക. ഇവർ നേരത്തേ ഫോം 12 ഡിയിൽ അപേക്ഷ സമർപ്പിച്ചവരായിരിക്കണം. വീട്ടിൽ നിന്ന് പോസ്റ്റൽ ബാലറ്റ് വഴിയാണ് വോട്ട് രേഖപ്പെടുത്തുക. എന്നാൽ പോസ്റ്റൽ ബാലറ്റിന് അപേക്ഷിക്കാത്ത 85 വയസ്സുകഴിഞ്ഞവർക്കും ഭിന്നശേഷിക്കാർക്കും വോട്ടെടുപ്പ് ദിവസം പോളിംഗ് ബൂത്തുകളിലെത്തി എളുപ്പത്തിൽ വോട്ട് ചെയ്യാൻ സൗകര്യമൊരുക്കും.

അതേസമയം, പോരാട്ടം കനക്കുമ്പോൾ പണമിടപാടുകളും പൊടിപൊടിയ്ക്കുകയാണ്. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിൽ രൂപീകരിക്കപ്പെട്ട വിവിധ സർവൈലൻസ് സ്‌ക്വാഡുകൾ പിടികൂടിയ തുക ഒരു കോടി കവിഞ്ഞു. മതിയായ രേഖകളുടെ അഭാവത്തിൽ കൊണ്ടു പോവുകയായിരുന്ന 19,94,530 രൂപ ഇക്കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി പിടികൂടിയതോടെയാണിത്. പിടിച്ചെടുത്ത തുക അപ്പീൽ കമ്മറ്റിക്ക് കൈമാറി. ഇത്തരത്തിൽ ആകെ 1,00,84,310 രൂപയാണ് സർവൈലൻസ് സ്‌ക്വാഡുകൾ പിടിച്ചെടുത്ത് കൈമാറിയിട്ടുള്ളത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KOZHICODE
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.