SignIn
Kerala Kaumudi Online
Wednesday, 01 May 2024 7.36 PM IST

ഡ്രൈവിംഗ് ടെസ്റ്റിലെ നിയമ ലംഘനങ്ങൾ

dd

സാധാരണ പൗരന്മാർ നിയമങ്ങൾ പാലിച്ചില്ലെങ്കിൽ കണ്ടുപിടിച്ച് ശിക്ഷിക്കാൻ സർക്കാരിന്റെ വിവിധ വകുപ്പുകളുണ്ട്. അതിൽത്തന്നെ നിയമലംഘനത്തിന് ഏറ്റവും കൂടുതൽ പിഴ ഈടാക്കുന്നത് മോട്ടോർ വാഹന വകുപ്പുമാണ്. എന്നാൽ ഈ നിയമങ്ങളൊന്നും അവർക്കു മാത്രം ബാധകമല്ലെന്നു വരുന്നത് തികഞ്ഞ നീതികേടാണ്. മോട്ടോർ വാഹന വകുപ്പ് നടത്തുന്ന ഡ്രൈവിംഗ് ടെസ്റ്റിലെ നിരവധി നിയമ ലംഘനങ്ങളാണ് പ്രിൻസിപ്പൽ അക്കൗണ്ടന്റ് ജനറലിന്റെ ഓഡിറ്റിൽ കണ്ടെത്തിയിരിക്കുന്നത്. കേരളത്തിൽ ആദ്യമായാണ് റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് എ.ജി ഫീൽഡിൽ പരിശോധന നടത്തി റിപ്പോർട്ട് നൽകിയത്. ഇതിൽ പ്രധാനമായും അവർ കണ്ടെത്തിയത് കേരളത്തിലെ ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടുകളിൽ വേണ്ടത്ര അടിസ്ഥാന സൗകര്യങ്ങളില്ലെന്നതാണ്. കോഴിക്കോട്, പാലക്കാട്, എറണാകുളം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലെ 37 ടെസ്റ്റിംഗ് ഗ്രൗണ്ടുകളിലായിരുന്നു പരിശോധന.

എല്ലാ ടെസ്റ്റിംഗ് ഗ്രൗണ്ടിലും എച്ച് ട്രാക്കിന്റെ കൂടെ പാർക്കിംഗ് ട്രാക്ക് വേണമെന്ന് നിയമത്തിൽ നിഷ്കർഷിക്കുന്നുണ്ടെങ്കിലും 34 ഗ്രൗണ്ടിലും ഇതില്ലെന്നാണ് കണ്ടെത്തിയത്. അതുപോലെ തന്നെ സീറ്റ് ബെൽറ്റ് ധരിക്കാതെ വാഹനം ഓടിക്കുന്നതിന് ഇപ്പോൾ 500 രൂപയാണ് പിഴ. വഴിയിൽ പൊലീസും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും വാഹനങ്ങൾ പരിശോധിച്ച്,​ സീറ്റ് ബെൽറ്റ് ഇടാത്തവർക്ക് പിഴശിക്ഷ നൽകാറുമുണ്ട്. ഇതിനുപുറമേ കാമറയിലൂടെ ഇതേ കുറ്റം കണ്ടെത്തിയാലും പിഴ നൽകണം. എന്നാൽ ഇതേ ഉദ്യോഗസ്ഥർ ഡ്രൈവിംഗ് ടെസ്റ്റ് നടത്തുമ്പോൾ സീറ്റ് ബെൽറ്റ് ഉപയോഗിക്കാതിരിക്കുന്നത് നിയമത്തെ നിയമപാലകർതന്നെ കൊഞ്ഞണം കാണിക്കുന്നതിനു സമമാണ്. 31 ഗ്രൗണ്ടിലും എച്ച് ട്രാക്കിൽ ടെസ്റ്റ് നടത്തുമ്പോൾ സീറ്റ് ബെൽറ്റ് ഉപയോഗിച്ചിട്ടില്ലെന്നാണ് എ.ജിയുടെ റിപ്പോർട്ടിലുള്ളത്!

ഓരോ വർഷവും റോഡപകടങ്ങൾ വർദ്ധിച്ചുകൊണ്ടിരിക്കെ ഡ്രൈവിംഗ് ടെസ്റ്റിന്റെ കാര്യക്ഷമത വർദ്ധിപ്പിക്കണമെന്ന ആവശ്യം പരക്കെ ഉയർന്നിട്ടും ഇത്ര നിരുത്തരവാദപരമായി ഉദ്യോഗസ്ഥർ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് നീതീകരിക്കാനാവില്ല. ടെസ്റ്റ് പാസാകുന്നതിൽ പണത്തിന്റെ സ്വാധീനവും ഒരു പങ്ക് വഹിക്കുന്നുണ്ട് എന്നത് പരസ്യമായ രഹസ്യമാണ്. അതുപോലെ,​ ഹെൽമറ്റ് വയ്ക്കുന്നതിനെപ്പറ്റി നിരന്തരം ബോധവത്കരണം നടത്തുന്ന മോട്ടോർ വാഹന വകുപ്പ് ഇരുചക്രവാഹന ടെസ്റ്റ് നടത്തുന്ന വേളയിൽ പലയിടത്തും ഇത് പാലിക്കാറില്ല. 20 ഗ്രൗണ്ടുകളിലെ ടെസ്റ്റിൽ ഇരുചക്രവാഹനം ഓടിച്ചവർ ഹെൽമറ്റ് ധരിച്ചിട്ടില്ലായിരുന്നു എന്നാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. അതുപോലെ ടെസ്റ്റിന് ഉപയോഗിച്ച 15 വാഹനങ്ങൾക്ക് ഇൻഷ്വറൻസില്ലെന്നും ഏഴ് വാഹനങ്ങൾക്ക് പുക പരിശോധനാ സർട്ടിഫിക്കറ്റില്ലെന്നും കണ്ടെത്തി!

ഡ്രൈവിംഗ് സ്കൂൾ പരിശീലകർ ടെസ്റ്റ് എടുക്കുന്നയാളെ സഹായിക്കാൻ ഇടപെടുന്നതായി കണ്ടെത്തിയത് 16 ഗ്രൗണ്ടുകളിലാണ്. ടെസ്റ്റ് നടത്തുന്ന ഇടങ്ങളിൽ കുടിവെള്ളം, വിശ്രമ മുറി തുടങ്ങിയ സൗകര്യങ്ങൾ വേണമെന്ന് ചട്ടത്തിൽ പറയുന്നുണ്ട്. എന്നാൽ 12 ഗ്രൗണ്ടുകളിൽ മാത്രമാണ് ഇത്തരം സൗകര്യങ്ങൾ ഉണ്ടായിരുന്നത്.

മോട്ടോർ വാഹന വകുപ്പ് ആദ്യം ചെയ്യേണ്ടത് ഡ്രൈവിംഗ് ടെസ്റ്റ് നടത്താൻ എല്ലാ ജില്ലകളിലും വിദേശ രാജ്യങ്ങളിൽ ഉള്ളതുപോലെ ഡ്രൈവിംഗ് ടെസ്റ്റിനുള്ള ഗ്രൗണ്ടുകൾ ആധുനിക സൗകര്യങ്ങളോടെ ഒരുക്കുക എന്നതാണ്. അതിന് സർക്കാരിന് പണമില്ലെങ്കിൽ സ്വകാര്യ സംരംഭകരെ ഏൽപ്പിക്കണം. വാടക കൊടുത്താൽ മതി. അല്ലാതെ നിയമം സൃഷ്ടിക്കുന്നവർതന്നെ അത് ലംഘിക്കാൻ കാർമ്മികത്വം വഹിക്കുന്നത് നാണംകെട്ട കാര്യമാണ്. ആശാന് അടുപ്പിലുമാകാം എന്ന് പറയുന്നതു പോലുള്ള ഈ ഏർപ്പാട് ഇനിയെങ്കിലും വച്ചു നടത്തരുത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: DRIVING TEST
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.