തിരുവനന്തപുരം: വൈസ് ചാൻസലറുടെ വിലക്ക് ലംഘിച്ച് ജോൺ ബ്രിട്ടാസ് എം.പിയെ പങ്കെടുപ്പിച്ച് കേരള യൂണിവേഴ്സിറ്റി ക്യാമ്പസിൽ ജീവനക്കാരുടെ യോഗം നടത്തിയതിന് സംഘാടകർക്ക് ഇലക്ഷൻ നോഡൽ ഓഫീസറായ സബ് കളക്ടറുടെ നോട്ടീസ്.
യൂണിവേഴ്സിറ്റി എംപ്ലോയീസ് യൂണിയൻ ജനറൽ സെക്രട്ടറി എ.എസ്.സജിത്ത് ഖാൻ, പ്രസിഡൻറ് സന്തോഷ് നായർ എന്നിവർ ഇന്ന് രണ്ടു മണിക്ക് നേരിട്ട് ഹാജരായി വിശദീകരണം നൽകണം.
സർക്കാർ സ്ഥാപനങ്ങൾ രാഷ്ട്രീയപാർട്ടികളുടെ പ്രചാരണത്തിന് യാതൊരു കാരണവശാലും ഉപയോഗിക്കാൻ പാടില്ലെന്ന ഇലക്ഷൻ കമ്മിഷൻ ചട്ടം ലംഘിച്ചതിനുള്ള വിശദീകരണം നൽകണമെന്ന് നോട്ടീസിൽ ആവശ്യപ്പെട്ടു.
വി.സിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ജോൺ ബ്രിട്ടാസിന്റെ പ്രഭാഷണം നടത്തരുതെന്ന് സംഘാടകരെ വിലക്കിയിരുന്നതായി രജിസ്ട്രാർ സബ് കളക്ടറെ അറിയിച്ചിരുന്നു. ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് കൺവീനറാണ് ഇലക്ഷൻ കമ്മിഷന് പരാതി നൽകിയത്.തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുമ്പോൾ, രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളെ ക്യാമ്പസിലേക്ക് ക്ഷണിച്ച് തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ള ജീവനക്കാർ ഉൾപ്പെടെയുള്ളവരെ അഭിസംബോധന ചെയ്യുന്നത് പെരുമാറ്റചട്ട ലംഘനമാണെന്ന് വിലയിരുത്തിയാണ് വൈസ് ചാൻസലർ ഡോ.മോഹനൻ കുന്നുമ്മൽ യോഗം വിലക്കിയത്. ജീവനക്കാരുടെ പ്രതിമാസ പരിപാടിയുടെ ഭാഗമായുള്ള പ്രഭാഷണമാണ് ജോൺ ബ്രിട്ടാസ് നടത്തിയതെന്നും രാഷ്ട്രീയ പ്രസംഗം നടത്തിയിട്ടില്ലെന്നും വോട്ട് അഭ്യർത്ഥന നടത്തിയതായി അറിവില്ലെന്നും രജിസ്ട്രാർ ഇലക്ഷൻ കമ്മിഷനെ അറിയിച്ചിരുന്നു.എന്നാൽ യോഗത്തിൽ വി.സിയെ വ്യക്തിപരമായി കുറ്റപ്പെടുത്തിയും കേന്ദ്രസർക്കാരിനെ വിമർശിച്ചും തിരഞ്ഞെടുപ്പിന്റെ പ്രാധാന്യം ഓർമ്മപ്പെടുത്തിയും ജോൺ ബ്രിട്ടാസ് പ്രസംഗിച്ചതിന്റെ വീഡിയോ ക്ലിപ്പുകൾ പരാതിക്കാർ ഇലക്ഷൻ കമ്മിഷന് നൽകിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |