തിരുവനന്തപുരം:'ഓരോ ഫയലിലും ഓരോ ജീവിത'മാണെങ്കിൽ 15ലക്ഷം ജീവിതങ്ങളാണ് ഇപ്പോൾ സെക്രട്ടേറിയേറ്റിൽ ഗതികിട്ടാതെ കിടക്കുന്നത്. കൃത്യമായി പറഞ്ഞാൽ 14,78,000 ഫയലുകൾ കെട്ടിക്കിടക്കുന്നു. എല്ലാം ജനങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ.
ഫയൽ തീർപ്പാക്കൽ യജ്ഞങ്ങൾ പലത് കഴിഞ്ഞിട്ടും ഫയലുകൾ കുന്നുകൂടുകയാണ്. ഇവയുടെ തീർപ്പാക്കൽ എങ്ങനെയാവുമെന്ന് ഒരു നിശ്ചയവുമില്ല.
റവന്യു, ആരോഗ്യം, പൊലിസ്, തദ്ദേശ സ്വയംഭരണം, പൊതുവിഭ്യാഭ്യാസം, പട്ടികജാതി/ പട്ടികവർഗം, ഉന്നത വിദ്യാഭ്യാസം, പൊതുഭരണം എന്നീ വകുപ്പുകളിലാണ് ഏറ്റവും കൂടുതൽ ഫയൽ കെട്ടി കിടക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ കെ. രാധാകൃഷ്ണൻ, എം.ബി. രാജേഷ്, വീണാ ജോർജ്, ആർ. ബിന്ദു, കെ. രാജൻ എന്നിവരാണ് ഫയൽ തീർപ്പാക്കലിൽ പിന്നാക്കം പോയിട്ടുള്ളത്. മറ്റ് മന്ത്രിമാരുടെ ഓഫീസുകളിലും മോശമല്ലാത്ത നിലയിൽ ഫയലുകൾ കെട്ടിക്കിടപ്പുണ്ട്.
നവകേരള സദസിന്റെ തയ്യാറെടുപ്പിനായി മന്ത്രിമാരുടെ ഓഫീസുകളും ജീവനക്കാരും തിരക്കായതോടെ തന്നെ ഫയൽ നോട്ടം മന്ദഗതിയിലായിരുന്നു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വന്നതോടെ ഫയലുകളിലേക്കുള്ള ശ്രദ്ധയും ഇല്ലാതായി. തിരഞ്ഞെടുപ്പ് കമ്മീഷൻ ഇളവ് അനുവദിച്ചിട്ടുള്ള നിയമനങ്ങൾ, സ്ഥലം മാറ്റം തുടങ്ങിയ ഫയലുകൾക്ക് പോലും അനക്കമുണ്ടായില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിക്കാലമായതിനാൽ ഉദ്യോഗസ്ഥരിൽ വലിയൊരു പങ്ക് അവധിയെടുത്ത് ടൂറിലും മറ്റുമാണ്.
തിരഞ്ഞെടുപ്പ് സമയത്ത് മന്ത്രിമാർക്ക് ഓരോ ജില്ലയുടെ ചുമതല നൽകിയിരുന്നു. അവരാരും സെക്രട്ടേറിയറ്റിലെ ഓഫീസിലേക്ക് നോക്കിയിട്ടേയില്ല. സെക്രട്ടറിമാരുൾപ്പെടെയുള്ള ജീവനക്കാർ ഓഫീസിൽ എത്തിയെങ്കിലും ഫയൽ നീക്കത്തിന് കാര്യമായ വേഗത ഉണ്ടായില്ല.
മുഖ്യമന്ത്രിക്ക് പുറമെ മന്ത്രിമാരായ കെ.എൻ.ബാലഗോപാൽ, മുഹമ്മദ് റിയാസ്, എം.ബി.രാജേഷ്, കെ.രാധാകൃഷ്ണൻ തുടങ്ങിയവരാണ് തിങ്കളാഴ്ച ഓഫീസുകളിലെത്തിയത്. ഇന്ന് പൊതു അവധി ആയതിനാൽ മന്ത്രിസഭായോഗം നാളെയാണ്. കെട്ടിക്കിടക്കുന്ന ഫയലുകൾ തീർപ്പാക്കാൻ മേള സംഘടിപ്പിക്കാൻ ചീഫ് സെക്രട്ടറിക്ക് മുഖ്യമന്ത്രി നിർദ്ദേശം നൽകിയെന്ന് അറിയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |