തിരുവനന്തപുരം: റീജിയണൽ ക്യാൻസർ സെന്ററിൽ (ആർ.സി.സി) വിദേശത്തു നിന്നുള്ള സൈബർ ആക്രമണം കാരണം തടസപ്പെട്ട റേഡിയേഷൻ ചികിത്സ ഇന്നലെ രാവിലെ പുനരാരംഭിച്ചെങ്കിലും ഉച്ചയോടെ തടസപ്പെട്ടു. സോഫ്‌റ്റ്‌വെയർ ഹാംഗായതിനെ തുടർന്നാണിത്. പരിഹരിക്കാനുള്ള ശ്രമം തുടരുന്നു.
ഭാവിയിൽ സൈബർ ആക്രമണങ്ങൾ തടയാനുള്ള ഫയർവാൾ, ആന്റിവൈറസ് പ്രതിരോധ സംവിധാനങ്ങൾ എന്നിവ സജ്ജമാക്കി, സോഫ്‌റ്റ്‌വെയർ ഓഡിറ്റിംഗ് നടത്തിയശേഷം ഇന്നലെ രാവിലെ 8നാണ് ഒരാഴ്ചയായി തടസപ്പെട്ടിരുന്ന റേഡിയേഷൻ ചികിത്സ പുനരാരംഭിച്ചത്. ഉച്ചയ്ക്ക് പന്ത്രണ്ടോടെ സോഫ്‌റ്റ്‌വെയർ ഹാംഗായതിനെ തുടർന്ന് നിറുത്തിവയ്ക്കേണ്ടി വന്നു. സോഫ്‌റ്റ്‌വെയർ കമ്പനികളായ ജി.ഇ, വേരിയന്റ് എന്നിവയും ആർ.സി.സിയിലെ ഐ.ടി വിഭാഗവും പ്രശ്ന പരിഹാരത്തിന് ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.
കഴിഞ്ഞ തിങ്കളാഴ്ചയാണ് ആർ.സി.സിയിലെ 14 സെർവറുകളിൽ സൈബർ ആക്രമണമുണ്ടായത്. ഇക്കാര്യം 'കേരളകൗമുദി'യാണ് ആദ്യം റിപ്പോർട്ട് ചെയ്തത്. റേഡിയേഷൻ സോഫ്‌റ്റ്‌വെയർ അപ്‌ലോഡ് ചെയ്തിട്ടുള്ള സെർവറുകളടക്കം ആക്രമിക്കപ്പെട്ടതോടെ ചികിത്സ മുടങ്ങി. സൈബർ പൊലീസും ഐ.ടി വകുപ്പിന്റെ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീമും (സെർട്ട്-കെ) അടിയന്തര നടപടികളിലൂടെ 20ലക്ഷത്തിലേറെ പേരുടെ ചികിത്സാഡേറ്റ വീണ്ടെടുത്തു.
ഒരാഴ്ച റേഡിയേഷൻ മുടങ്ങിയതോടെ 3500 രോഗികളുടെ തുടർചികിത്സയാണ് തടസപ്പെട്ടത്. കമ്പ്യൂട്ടറുകളുടെ ലോഗ്അനാലിസിസ് നടത്തി സൈബർ ആക്രമണത്തിന്റെ തെളിവുകളെല്ലാം ശേഖരിച്ചിട്ടുണ്ട്. സൈബർ ഫോറൻസിക് റിപ്പോർട്ട് കൂടി ലഭിച്ചശേഷം ഹാക്കർമാർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |