ഭോപ്പാൽ: മദ്ധ്യപ്രദേശിൽ നഴ്‌സിംഗ് വിദ്യാർത്ഥിയെ കൊലപ്പെടുത്തിയത് കാമുകനെന്ന് പൊലീസ്. കൊലപാതകത്തിന് ശേഷം പ്രതിയും ആത്മഹത്യയ്‌ക്ക് ശ്രമിച്ചു. എന്നാൽ, ഈ ശ്രമം പരാജയപ്പെട്ടതോടെ സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പൊലീസ് പിടികൂടിയിട്ടുണ്ട്.
ഇന്നലെ ഉച്ചയ്‌ക്ക് മൂന്ന് മണിക്കാണ് നഴ്‌സിംഗ് വിദ്യാർത്ഥിയായ സന്ധ്യ ചൗധരി (18) കൊല്ലപ്പെട്ടത്. പ്ലസ്ടുവിന് ശേഷം നഴ്‌സിംഗ് തിരഞ്ഞെടുത്ത സന്ധ്യ ട്രെയിനിംഗിന്റെ ഭാഗമായാണ് നർസിംഗ്പൂർ ജില്ലയിലെ ജില്ലാ ആശുപത്രിയിൽ എത്തിയത്. കറുത്ത നിറത്തിലുള്ള ഷർട്ട് ധരിച്ചാണ് പ്രതി എത്തിയത്. സന്ധ്യയെ കണ്ടയുടൻ കത്തിയെടുത്ത് കഴുത്തറുത്തു. നിമിഷങ്ങൾക്കുള്ളിൽ സന്ധ്യ മരിച്ചു.
കഴിഞ്ഞ രണ്ട് വർഷമായി സന്ധ്യയുമായി പ്രണയത്തിലാണെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്. കഴിഞ്ഞ രണ്ടാഴ്‌ചയായി ഇയാൾ സന്ധ്യയെ മാനസികമായി പീഡിപ്പിക്കുകയായിരുന്നു. പക്ഷേ, ഇക്കാര്യം യുവതി വീട്ടുകാരെ അറിയിച്ചിരുന്നില്ല. കൊലപാതകത്തിന്റെ വ്യക്തമായ കാരണം പൊലീസ് അന്വേഷിച്ച് വരികയാണ്. സംഭവത്തിന് ദൃക്‌സാക്ഷികളുണ്ടെന്നും ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങൾ തെളിവായി ശേഖരിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
സന്ധ്യയുടെ ബന്ധുക്കൾ ഇന്നലെ ആശുപത്രിയിൽ എത്തി റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു. മാതാപിതാക്കളുടെ ഏക മകളായിരുന്നു സന്ധ്യ. പിതാവ് ഹിരാലാൽ ചൗധരി പച്ചക്കറി വിൽപ്പനക്കാരനാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |