തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ സഹപാഠി അഖിലിനെ നെഞ്ചിൽ കുത്തിവീഴ്‌ത്തിയ കേസിലെ ഒന്നാം പ്രതി ശിവരഞ്ജിത്ത് പൊലീസിന്റെ ചോദ്യം ചെയ്യലിനിടെ വിതുമ്പിക്കരഞ്ഞു. കന്റോൺമെന്റ് സി.ഐ അനിൽകുമാറിന്റെ നേതൃത്വത്തിൽ ചോദ്യം ചെയ്തപ്പോഴാണ് ശിവരഞ്ജിത്ത് കരഞ്ഞത്. കൂട്ടുകാരനെ കുത്തിയതെന്തിനാണെന്ന് സി.ഐ ചോദിച്ചപ്പോൾ ശിവരഞ്ജിത്ത് തലതാഴ്‌ത്തി. പിന്നെ വിങ്ങിപ്പൊട്ടി. നിന്റെ കൂട്ടുകാരൻ മാത്രമല്ലല്ലോ അയൽക്കാരൻ കൂടിയല്ലേ അഖിലെന്ന് ചോദിച്ചപ്പോഴും വിതുമ്പൽ. ഒരേ ബൈക്കിലാണ് താനും അഖിലും കോളേജിലേക്ക് എത്തിയിരുന്നതെന്ന് പൊലീസിനോട് ശിവരഞ്ജിത്ത് പറഞ്ഞു.
എന്നാൽ ചോദ്യംചെയ്യലിൽ ഒരു കൂസലുമില്ലാതെ നസീം നിന്നു. കോളേജിൽ നടന്ന കാര്യങ്ങളെല്ലാം നസീം പൊലീസിനോട് ഏറ്റുപറഞ്ഞു. ഏറെക്കാലമായി വളർത്തിയിരുന്ന താടി ജയിലിൽ നീക്കം ചെയ്തതും പറഞ്ഞു. തന്റെ പക്കൽ ചുവന്ന പിടിയുള്ള കത്തിയുണ്ടായിരുന്നതായും പൊലീസെത്തിയപ്പോൾ കോളേജിന്റെ മതിലിനടുത്ത് ഉപേക്ഷിച്ചതായും നസീം മൊഴിനൽകി.
കേരള സർവകലാശാലയുടെ ഉത്തരക്കടലാസുകൾ മോഷ്ടിച്ചതിനും ഫിസിക്കൽ എഡ്യൂക്കേഷൻ ഡയറക്ടറുടെ വ്യാജസീൽ ഉണ്ടാക്കിയതിനും രണ്ട് കേസുകൾ ശിവരഞ്ജിത്തിനെതിരെ പൊലീസ് രജിസ്റ്റർ ചെയ്തു. തിരുവനന്തപുരത്തെ കടയിൽ നിന്നാണ് സീൽ വാങ്ങിയതെന്ന് ശിവരഞ്ജിത്ത് പറഞ്ഞെന്നും കട ഏതാണെന്ന് വെളിപ്പെടുത്തിയിട്ടില്ലെന്നും പൊലീസ് പറഞ്ഞു. ഉത്തരക്കടലാസ്, സീൽ എന്നിവയെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്. കേസെടുത്തെങ്കിലും തുടരന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറണമെന്ന് അന്വേഷണസംഘം ഡി.ജി.പിക്ക് റിപ്പോർട്ട് നൽകും. അഖിലിന് ശസ്ത്രക്രിയ നടത്തിയ മെഡിക്കൽ കോളേജാശുപത്രിയിലെ ഡോക്ടറുടെ മൊഴി ഇന്ന് പൊലീസ് രേഖപ്പെടുത്തും.
അതേസമയം, നെഞ്ചുവിരിച്ച് കൂസലില്ലാതെയാണ് യൂണിവേഴ്സിറ്റി കോളേജിലെ തെളിവെടുപ്പിന് ഇന്നലെ ശിവരഞ്ജിത്തും നസീമും എത്തിയത്. കോൺസ്റ്റബിൾ റാങ്ക് ലിസ്റ്റിൽ ഒന്നാം റാങ്കുകാരനായ ശിവരഞ്ജിത്ത് കാക്കി നിറത്തിലുള്ള പാന്റ്സാണ് ധരിച്ചിരുന്നത്. ഇരുവരുടെയും കൈകൾ ചേർത്ത് വിലങ്ങുവച്ചിട്ടുണ്ടായിരുന്നെങ്കിലും പൊലീസ് സംഘത്തെ നയിക്കുന്നതു പോലെ മുന്നിൽ തലയുയർത്തിയായിരുന്നു നടപ്പ്. കന്റോൺമെന്റ് സി.ഐ അനിൽകുമാറിന്റെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്.
ശിവരഞ്ജിത്തിനെയും നസീമിനെയും തെളിവെടുപ്പിനെത്തിക്കുമ്പോൾ പ്രതിഷേധിക്കാൻ കെ.എസ്.യു പ്രവർത്തകർ രാവിലെ വി.ജെ.ടി ഹാളിനടുത്തെ വെയ്‌റ്റിംഗ് ഷെഡിനടുത്ത് തമ്പടിച്ചിരുന്നു. ഇതു മനസിലാക്കിയ പൊലീസ് പ്രതികളെ എത്തിക്കുന്ന വാഹനമെന്ന വ്യാജേന ജീപ്പ് കോളേജിലേക്കെത്തിച്ചു. ഈ ജീപ്പിനെ തടഞ്ഞ കെ.എസ്.യുക്കാരെ പൊലീസ് ഒഴിപ്പിച്ചു. വനിതാ പ്രവർത്തകരുടെ പ്രതിഷേധമുണ്ടായാൽ നേരിടാൻ വനിതാ പൊലീസുകാരെയും വിന്യസിച്ചു. കോളേജും പരിസരവും പൊലീസ് വലയത്തിലാക്കിയ ശേഷമാണ് രാവിലെ 8.50ന് കന്റോൺമെന്റ് സ്റ്റേഷനിലെ ജീപ്പിൽ പ്രതികളെ എത്തിച്ചത്. അകമ്പടിയായി ഒരു ബസ് നിറയെ പൊലീസുകാരുണ്ടായിരുന്നു. കോളേജിനു മുന്നിൽ ജീപ്പു നിറുത്തി പ്രതികളെ പുറത്തിറക്കി.
അഖിലിനെ കുത്തിവീഴ്‌ത്തിയ സ്ഥലത്ത് പ്രതികളെ എത്തിച്ചശേഷം കത്തി കുഴിച്ചിട്ടെന്ന് ശിവരഞ്ജിത്ത് പറഞ്ഞ സ്ഥലത്തേക്ക് പോയി. ഇന്റർലോക്ക് പതിക്കാൻ നിരപ്പാക്കിയ മണ്ണും പുളിമരത്തിന്റെ കരിയിലയും കൂട്ടിയിട്ടിരുന്ന കൂനയിലാണ് കത്തി കുഴിച്ചിട്ടിരുന്നത്. ശിവരഞ്ജിത്ത് കറുത്ത പിടിയുള്ള കത്തി കുഴിച്ചെടുത്ത് സി.ഐ അനിൽകുമാറിന് കൈമാറി. കത്തി കിട്ടിയതിനു പിന്നാലെ പ്രതികളുമായി പൊലീസ് കോളേജിന് പുറത്തേക്ക് പോയി. പത്തുമിനിട്ടിൽ താഴെ സമയമേ തെളിവെടുപ്പിന് വേണ്ടിവന്നുള്ളൂ. കോളേജിൽ നിന്ന്, ശിവരഞ്ജിത്ത് ചികിത്സ തേടിയ സ്വകാര്യാശുപത്രിയിലേക്കാണ് പോയത്. ക്രമസമാധാന പ്രശ്‌നമുണ്ടാകുമെന്ന് മുന്നറിയിപ്പുണ്ടായിരുന്നതിനാൽ പ്രതികൾ ഒളിവിലുണ്ടായിരുന്ന സ്റ്റുഡന്റ്സ് സെന്ററിലെ തെളിവെടുപ്പ് പൊലീസ് ഒഴിവാക്കി. മൂന്നാറിൽ ഒളിവിലുണ്ടായിരുന്ന ഹോട്ടലിലെ തെളിവെടുപ്പിന് കൊണ്ടുപോവില്ല. നസീമിന്റെ തിരിച്ചറിയൽ കാർഡുമായി പൊലീസാവും അവിടെ തെളിവെടുപ്പ് നടത്തുക. മറ്റു പ്രതികളെ കോളേജിലെത്തിച്ച് തെളിവെടുക്കേണ്ടതില്ലെന്ന് കന്റോൺമെന്റ് സി.ഐ അനിൽകുമാർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |