തിരുവനന്തപുരം: കെ.പി.സി.സി അദ്ധ്യക്ഷസ്ഥാനം തിരികെ കൈമാറാൻ താമസിച്ചത് പാർട്ടിയിൽ ചർച്ച ചെയ്യുമെന്ന് കെ.സുധാകരൻ. സ്ഥാനമേറ്റെടുക്കുന്നത് വൈകിയിട്ടില്ല. താൻ അനിശ്ചിതത്വമുണ്ടാക്കിയിട്ടില്ല. ചുമതലയേക്കുന്ന ചടങ്ങിൽ ആക്ടിംഗ് പ്രസിഡന്റായിരുന്ന എം.എം.ഹസന്റെ സാന്നിദ്ധ്യം ആവശ്യമായിരുന്നു. അദ്ദേഹത്തിന് അങ്ങനെ തോന്നിയിട്ടുണ്ടാവില്ല. എന്തുകൊണ്ട് വന്നില്ല എന്ന് അദ്ദേഹത്തോട് ചോദിക്കും. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ബഹുമുഖ വൈഭവമുള്ളയാളാണ്. പല ഉത്തരവാദിത്വങ്ങളുമുള്ളതു കൊണ്ട് അദ്ദേഹം തിരക്കിലാണ്.
സംഘടനാ നടപടി നേരിട്ടവരെ എം.എം.ഹസ്സൻ തിരിച്ചെടുത്തതിൽ കൂടിയാലോചന ഉണ്ടായിട്ടില്ല. അതൊഴിച്ച് നിറുത്തിയാൽ ഹസന്റെ പ്രവർത്തനം തൃപ്തികരമായിരുന്നു. അദ്ദേഹം ഇടക്കാല പ്രസിഡന്റായിരുന്നപ്പോൾ എടുത്ത തീരുമാനങ്ങളിൽ പരാതിയുള്ളവ പുന:പരിശോധിക്കും.
ചുമതലയേൽക്കാൻ വൈകിയത് സംബന്ധിച്ച് പാർട്ടിക്കുള്ളിൽ വിവാദങ്ങളില്ല. എ.ഐ.സി.സി നിർദ്ദേശപ്രകാരമാണ് താൻ ഇവിടെ എത്തിയത്. തിരിച്ച് ചുമതലയേൽക്കുമ്പോൾ കീഴ്‌വഴക്കങ്ങളുടെ ലംഘനമുണ്ടായിട്ടില്ല.
ഹസനടക്കം എല്ലാ നേതാക്കളും തന്റെ ഒപ്പം ഉണ്ടാകണമെന്നാണ് ആഗ്രഹം. പാർട്ടി പറഞ്ഞാൽ എന്തും വിട്ടുകൊടുക്കും. പ്രശ്നങ്ങളുണ്ടെങ്കിൽ പാർട്ടിക്കകത്ത് ചർച്ച ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |