തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ കത്തിക്കുത്തിന്റെ പേരിൽ എസ്.എഫ്.ഐ നേതൃത്വവും പാർട്ടിയും അകപ്പെട്ട പ്രതിസന്ധി മറികടക്കാൻ വിപുലമായ പ്രചാരണം നടത്താൻ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു. യൂണിവേഴ്സിറ്റി കോളേജിലേത് ഒറ്റപ്പെട്ട സംഭവമായി വിലയിരുത്തിയെങ്കിലും വർഗ, ബഹുജന സംഘടനകളിലടക്കം സാമൂഹ്യവിരുദ്ധർ നുഴഞ്ഞുകയറാതിരിക്കാൻ ജാഗ്രതയോടെ ഇടപെടണമെന്ന് യോഗം നിർദ്ദേശിച്ചു.
ഈ സംഭവത്തിന്റെ പേരിൽ വിദ്യാർത്ഥിസമൂഹത്തിൽ ഏറെ സ്വാധീനമുള്ള എസ്.എഫ്.ഐയെയും ഇടതുപക്ഷത്തെയും ഇല്ലാതാക്കുകയെന്ന അജൻഡയാണ് അരങ്ങേറുന്നത്. സംഭവം നടന്ന് ഇത്രയും ദിവസമായിട്ടും, സർക്കാർ ശക്തമായ നടപടിയും സംഘടന തിരുത്തൽ നടപടിയും എടുത്തിട്ടും, ചില മാദ്ധ്യമങ്ങളടക്കം എതിർപ്രചാരണം തുടരുന്നത് ഇതിന്റെ ഭാഗമാണ്. എസ്.ഡി.പി.ഐയും സംഘപരിവാറും ഇടതുപക്ഷത്തെ തകർക്കാൻ ബോധപൂർവം ശ്രമിക്കുന്നുണ്ട്. കലാലയങ്ങളിൽ ഇത്തരം ശക്തികളുടെ നുഴഞ്ഞുകയറ്റത്തെ ചെറുക്കുന്ന എസ്.എഫ്.ഐയെ ഇല്ലാതാക്കുകയാണ് അജൻഡ. ഇടതുപക്ഷത്തിന്റെ രാജ്യത്തെ അവശേഷിക്കുന്ന തുരുത്തായി അവർ കാണുന്ന കേരളത്തിലും അതിനെ ഇല്ലാതാക്കുകയാണ് ലക്ഷ്യം. അത് തുറന്നുകാട്ടുകയാണ് ബദൽ പ്രചാരണത്തിലൂടെ ലക്ഷ്യമിടുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ മേൽക്കൈ ഉപതിരഞ്ഞെടുപ്പുകളിലും തദ്ദേശഭരണ, നിയമസഭാ തിരഞ്ഞെടുപ്പുകളിലും നിലനിറുത്താമെന്ന് വ്യാമോഹിച്ചാണ് കോൺഗ്രസ്, യു.ഡി.എഫ് നേതൃത്വങ്ങൾ സമര രംഗത്തിറങ്ങിയതെന്നും യോഗം വിലയിരുത്തി.
അതേസമയം, യൂണിവേഴ്സിറ്റി കോളേജിലെ എസ്.എഫ്.ഐ നേതൃത്വത്തിന്റെ അതിരുവിട്ട പ്രവൃത്തികൾ നിയന്ത്രിക്കുന്നതിൽ പാർട്ടി ജില്ലാ നേതൃത്വത്തിന് വീഴ്ച പറ്റിയെന്ന് കഴിഞ്ഞ ദിവസം ചേർന്ന സി.പി.എം തിരുവനന്തപുരം ജില്ലാകമ്മിറ്റിയിൽ വിമർശനമുയർന്നു. എസ്.എഫ്.ഐ മുൻ ജില്ലാ സെക്രട്ടറിക്കും ജില്ലാ നേതൃത്വത്തിനുമെതിരെ നടപടിയെടുക്കുന്ന കാര്യം അടുത്ത ജില്ലാകമ്മിറ്റി യോഗത്തിൽ ചർച്ച ചെയ്യാനും ധാരണയുണ്ട്. കോളേജിൽ വിദ്യാർത്ഥിനിയുടെ ആത്മഹത്യാശ്രമമുണ്ടായപ്പോൾ തന്നെ ഇടപെട്ടിരുന്നെങ്കിൽ പ്രശ്നങ്ങൾ വഷളാകാതെ നിയന്ത്രിക്കാമായിരുന്നു. എസ്.എഫ്.ഐ നേതാക്കൾ പറഞ്ഞത് അതേപടി പാർട്ടി നേതൃത്വം വിശ്വസിച്ചതാണ് വിനയായത്. ഇക്കാര്യത്തിൽ പാർട്ടി നേതൃത്വത്തിന് ജാഗ്രതക്കുറവുണ്ടായി.
എസ്.എഫ്.ഐ നേതൃത്വത്തിലെ ഒരു വിഭാഗത്തെ സംരക്ഷിക്കുന്ന സമീപനമാണ് വിഷയം വഷളാക്കിയത്. സ്ഥാനമൊഴിഞ്ഞിട്ടും എസ്.എഫ്.ഐയുടെ മുൻ ജില്ലാ സെക്രട്ടറി കോളേജിൽ ഇടപെടുന്നതെന്തിനെന്ന ചോദ്യവുമുയർന്നു. സംഭവത്തിന് ശേഷം ഡി.വൈ.എഫ്.ഐ നേതാവിന്റെ കാറിൽ പ്രതികളെ കൊണ്ടുപോയത് പരിശോധിക്കണമെന്നും അഭിപ്രായമുയർന്നപ്പോഴാണ് ഇക്കാര്യങ്ങൾ അടുത്ത ജില്ലാകമ്മിറ്റി ചർച്ച ചെയ്യാമെന്ന് ധാരണയായത്. കോളേജിനകത്തെ യൂണിറ്റ് കമ്മിറ്റി ഓഫീസിൽ നിന്ന് ഒരു ചാനൽ കണ്ടെടുത്ത ഉത്തരക്കടലാസ് ആ ചാനൽ ലേഖകൻ തന്നെ കൊണ്ടുവച്ചതാണെന്ന ആരോപണവുമുയർന്നു. ജില്ലാ കമ്മിറ്റിക്ക് മുന്നോടിയായി ചേർന്ന ജില്ലാ സെക്രട്ടേറിയറ്റിൽ മുൻ ജില്ലാസെക്രട്ടറി കൂടിയായ മന്ത്രി കടകംപള്ളി സുരേന്ദ്രൻ വിഷയത്തിൽ പൊട്ടിത്തെറിച്ചതായാണ് വിവരം. കാലാകാലങ്ങളിൽ ഉയർന്നുവരുന്ന വിഷയങ്ങളെ അവഗണിച്ചത് കുഴപ്പമായെന്നാണ് അദ്ദേഹം കുറ്റപ്പെടുത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |