
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഭരണം പോലീസ് സ്റ്റേഷനുകളെ കുരുതിക്കളമാക്കിയെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ. പൊലീസ് അകാരണമായി കസ്റ്റഡിയിലെടുത്ത യുവാവിനെ തേടിയെത്തിയ ഭാര്യയെ എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്ന സാഹചര്യത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥനെതിരേ അതിശക്തമായ നടപടി സ്വീകരിക്കണം. യുവതി പോലീസിനെ മര്‍ദിച്ചെന്ന് കള്ളക്കേസുണ്ടാക്കിയ മുഴുവന്‍ പോലീസുകാര്‍ക്കെതിരേയും മാതൃകാപരമായ നടപടി സ്വീകരിക്കണമെന്നും സണ്ണി ജോസ്ഫ് ആവശ്യപ്പെട്ടു.
കൈക്കുഞ്ഞുങ്ങളുമായി സ്റ്റേഷനില്‍ എത്തിയ യുവതി തന്റെ ഭര്‍ത്താവിനെ പോലീസുകാര്‍ മര്‍ദിക്കുന്നതാണ് കണ്ടത്. ഇതിനെ ചോദ്യം ചെയ്ത യുവതിയുടെ നെഞ്ചില്‍ പിടിച്ചു തള്ളുകയും മുഖത്തടിക്കുകയുമായിരുന്നു. വനിതാ പോലീസുകാര്‍ നോക്കി നില്ക്കെയാണ് എസ്എച്ച്ഒ മര്‍ദിച്ചത്. കൂടുതല്‍ ആക്രമണത്തിനു തുനിഞ്ഞ പോലീസുകാരനെ സഹപ്രവര്‍ത്തകര്‍ പിടിച്ചുമാറ്റുകയായിരുന്നു. ഒരു വര്‍ഷം മുമ്പു നടന്ന അക്രമത്തിന്റെ വീഡിയോ ഹൈക്കോടതിയ ഇടപെട്ടതിനെ തുടര്‍ന്നാണ് ഇപ്പോള്‍ ലഭ്യമായത്.
പാര്‍ട്ടിക്കാരൊഴികെ ആര്‍ക്കും നീതി ലഭിക്കാത്ത സാഹചര്യമാണ് ഇന്നു പോലീസ് സ്റ്റേഷനുകളിലുള്ളത്. കൈക്കൂലിയും കയ്യൂക്കുമാണ് പോലീസുകാരുടെ മുഖമുദ്ര. പോലീസ് സംവിധാനം തന്നെ അഴിമതിയില്‍ മുങ്ങിയതിന്റെ ഏറ്റവും ഒടുവിലത്തെ തെളിവാണ് കൊടിസുനി ഉള്‍പ്പെടെ ഉള്ളവരില്‍നിന്ന് ജയില്‍ ഡിഐജി ലക്ഷങ്ങള്‍ കോഴവാങ്ങിയ സംഭവം. തടവുകാരുടെ പക്കല്‍നിന്ന് ഡിഐജി നേരിട്ട് പണം പിരിക്കുന്നതിലേക്ക് ജയില്‍ സംവിധാനം പിണറായി ഭരണത്തില്‍ നിലംപൊത്തിയെന്ന് സണ്ണി ജോസഫ് ചൂണ്ടിക്കാട്ടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |