മലപ്പുറം: നിലമ്പൂരിൽ യാത്രയ്‌ക്കിടെ അമ്പത്തിമൂന്നുകാരന് സൂര്യാഘാതമേറ്റു. നിലമ്പൂർ മയ്യന്താനി പുതിയപറമ്പൻ സുരേഷിനാണ് സൂര്യാഘാതമേറ്റത്. സുരേഷിന്റെ കെെകളിലും വയറിലും പൊള്ളലേറ്റിട്ടുണ്ട്. പൊള്ളലേറ്റ ഭാഗങ്ങളിൽ കുമിളകളും പൊങ്ങിയിട്ടുണ്ട്. കഴിഞ്ഞ ദിവസം മമ്പാട് നിന്ന് നിലമ്പൂരിലേക്കുള്ള യാത്രാമദ്ധ്യേയാണ് സംഭവം.
ആദ്യം കെെകളിൽ പൊള്ളലേറ്റത് പോലെ തോന്നി. വീട്ടിലെത്തി തണുത്ത വെള്ളത്തിൽ കഴുകിയപ്പോൾ നല്ലതോതിൽ വേദന അനുഭവപ്പെട്ടു. ഇതിന് പിന്നാലെയാണ് കെെകളിലും വയറിലും പൊള്ളലേറ്റ സ്ഥലത്തും കുമിളകൾ പൊങ്ങിയത്. തുടർന്ന് നിലമ്പൂർ ജില്ലാ ആശുപത്രിയിലാണ് ചികിത്സ തേടിയത്. അവിടെ നിന്ന് ഒരു ഓയിൻമെന്റ് നൽകിയെങ്കിലും അത് പുരട്ടിയിട്ടും വേദന കുറയുന്നില്ലെന്ന് സുരേഷ് പറഞ്ഞു.
അടുത്തിടെ വീട്ട് മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന 11കാരന് സൂര്യാഘാതമേറ്റിരുന്നു. പുനലൂരിൽ കക്കോട് താഴെ കടവാതുക്കൽ മണ്ണാമൂല പുത്തൻ വീട്ടിൽ യൂനുസ് - സീനത്ത് ദമ്പതികളുടെ മകൻ അഫ്ലാൽ ഇബ്നു യൂനുസിനാണ്(11) ഇടത് കണ്ണിന് സമീപത്തും കഴുത്തിനും പൊള്ളലേറ്റത്. കണ്ണിന് സമീപത്തും കഴുത്തിനും നീറ്റലും പുകച്ചിലും അനുഭവപ്പെട്ടതിനെ തുടർന്ന് കുട്ടിയെ പുനലൂർ ഗവ.താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് നടന്ന പരിശോധനയിലാണ് പൊള്ളലേറ്റതാണെന്ന് അറിഞ്ഞത്.
പ്രാഥമിക ചികിത്സകൾക്ക് ശേഷം കുട്ടിയെ വിട്ടയച്ചു. കഴിഞ്ഞ രണ്ട് മാസമായി പുനലൂരിലും സമീപ പ്രദേശങ്ങളിലും രൂക്ഷമായ ചൂടാണ് അനുഭവപ്പെടുന്നത്. മൂന്ന് ദിവസം വേനൽ മഴ പെയ്തെങ്കിലും ചൂടിന് ശമനം ഇല്ലാതെ തുടരുകയാണ്. 38 ഡിഗ്രി പകൽ താപ നിലയാണ് ഇന്നലെ രേഖപ്പെടുത്തിയത്. 39.03 ഡിഗ്രി പകൽ താപനിലയാണ് ചൊവ്വാഴ്ച രേഖപ്പെടുത്തിയതെന്ന് കാലാവസ്ഥനിരീക്ഷണ കേന്ദ്രം അധികൃതർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |