കൊച്ചി: പുതിയ നിയമസഭ സാമാജികർക്ക് വഴികാട്ടാൻ കേരള സ്റ്റേറ്റ് ഫോർമർ എം.എൽ.എ ഫോറം ഉപയോഗപ്പെടുത്താനാകുമെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ പറഞ്ഞു. എറണാകുളം ടൗൺഹാളിൽ നടന്ന കേരള സ്റ്റേറ്റ് ഫോർമർ എം.എൽ.എ ഫോറം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജനാധിപത്യത്തിന്റെ വികസന സാദ്ധ്യതകൾ ആരായുകയാണ് ജനപ്രതിനിധികളുടെ ലക്ഷ്യം. കേരളത്തിന്റെ ചരിത്ര നിർമിതികൾക്ക് ചുക്കാൻപിടിച്ച മുൻ സാമാജികരുടെ കഴിവുകൾ ഉപയോഗപ്പെടുത്തണമെന്നും സ്പീക്കർ പറഞ്ഞു. ഫോറം ചെയർമാനും മുൻ നിയമസഭാ സ്പീക്കറുമായ എം. വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു.
പരസ്പരം പരിചയപ്പെടുത്തിയാണ് മുൻ നിയമസഭ സാമാജികർ സമ്മേളനത്തിന് തുടക്കമിട്ടത്. രാഷ്ട്രീയകക്ഷിയേതെന്ന് വെളിപ്പെടുത്താതെ പേരിനൊപ്പം ഏതു മണ്ഡലത്തെ എത്രകാലം പ്രതിനിധീകരിച്ചുവെന്നാണ് മിക്കവരും പരിചയപ്പെടുത്തിയപ്പോൾ പറഞ്ഞത്. പദവി നഷ്ടപ്പെട്ടാലും ജനങ്ങൾക്കിടയിൽ തങ്ങൾക്ക് ചെയ്യാനുള്ളത് തുടരാൻ ഒരു കൂട്ടായ്മയാണ് ഫോറത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് എം. വിജയകുമാർ പറഞ്ഞു. മുൻ ഗവർണർ കെ. ശങ്കരനാരായണൻ, മുൻ നിയമസഭാ സ്പീക്കർമാരായ പി.പി. തങ്കച്ചൻ, കെ. രാധാകൃഷ്ണൻ, തേറമ്പിൽ രാമകൃഷ്ണൻ, എൻ. ശക്തൻ എന്നിവരെ ആദരിച്ചു. അനാരോഗ്യം കാരണം എത്താതിരുന്ന കെ.ആർ. ഗൗരിഅമ്മയെ വീട്ടിലെത്തി ആദരിക്കും.
കെ. ബാബു, കെ. ശങ്കരനാരായണൻ, സെബാസ്റ്റ്യൻ പോൾ, കെ. രാജൻബാബു, ഡൊമിനിക് പ്രസന്റേഷൻ, ജോസ് തെറ്റയിൽ, എ.എ. ഷുക്കൂർ, എ.വി. താമരാക്ഷൻ, നാലകത്ത് സൂപ്പി, എം.ടി. പത്മ, കെ.സി. റോസക്കുട്ടി, സാവിത്രി ലക്ഷ്മണൻ, തോമസ് ഉണ്ണിയാടൻ, ടി.യു. കുരുവിള, പി.സി. ജോസഫ്, വട്ടിയൂർക്കാവ് രവി, ഫോറം വർക്കിംഗ് ചെയർമാൻ പി.എം. മാത്യു, ജനറൽ സെക്രട്ടറി കെ.പി. കുഞ്ഞിക്കണ്ണൻ തുടങ്ങി നൂറോളം മുൻ എം.എൽ.എമാർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |