പാലക്കാട്: ആലത്തൂർ എം.പി രമ്യ ഹരിദാസിന് കാർ വാങ്ങാൻ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പിരിവ് നടത്തിയ സംഭവത്തിൽ വിശദീകരണവുമായി അനിൽ അക്കര എം.എൽ.എ. കാർ വാങ്ങാനായി രമ്യയ്ക്ക് ബാങ്കിൽ നിന്ന് ലോൺ ലഭിക്കാൻ സാധ്യതയില്ലാത്തതിനാലാണ് സംഘടയ്ക്കുള്ളിൽ നിന്ന് പിരിവ് നടത്തിയതെന്ന് എം.എൽ.എ ഒരു പ്രമുഖ മാദ്ധ്യമത്തോട് പറഞ്ഞു.
മുമ്പ് രമ്യ ഹരിദാസ് പഞ്ചാബ് നാഷണൽ ബാങ്കിൽ 7 ലക്ഷത്തിന്റെ റവന്യു റിക്കവറി നിലനിന്നിരുന്നു. യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് നാമനിർദേശ പത്രിക സമർപ്പിക്കുന്നതിന് മുമ്പ് ഈ പണം സ്വരൂപിച്ച് ബാങ്കിലടച്ചത്. റവന്യു റിക്കവറി നിലനിന്ന ഒരാൾക്ക് ബാങ്ക് ലോൺ കിട്ടുകയെന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്.എം.എൽ.എ പറഞ്ഞു.
രമ്യാ ഹരിദാസിന് 14 ലക്ഷം വിലയുള്ള മഹീന്ദ്ര മരാസോ കാറു വാങ്ങാനാണ് യൂത്ത് കോൺഗ്രസ് പണപ്പിരിവ് തുടങ്ങിയത്. യൂത്ത് കോൺഗ്രസ് ആലത്തൂർ പാർലമെന്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ 1000 രൂപയുടെ രസീത് അച്ചടിച്ചാമ് പിരിവ് നടത്തുന്നത്. 25ന് തുക പാർലിമെന്റ് കമ്മിറ്റിയെ ഏൽപ്പിക്കണമെന്ന് നിർദ്ദേശമുണ്ട്. ആഗസ്റ്റ് ഒമ്പതിന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കാറിന്റെ താക്കോൽ കൈമാറും.
അതേസമയം എം.പി എന്ന നിലയിൽ പ്രതിമാസം 1.90 ലക്ഷം ശമ്പളവും അലവൻസും ലഭിക്കുമ്പോൾ കാറു വാങ്ങാൻ എന്തിനാണ് പണപ്പിരിവ് എന്ന ചോദ്യവുമായി ധാരാളം ആളുകൾ രംഗത്തെത്തിയിരുന്നു. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും കാർ വാങ്ങാൻ പണപ്പിരിവ് നടത്തുന്നതിനെതിരെ രംഗത്തെത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |