തെലുങ്ക് സീരിയൽ താരം ചന്ദ്രകാന്തിനെ മരിച്ച നിലയിൽ കണ്ടെത്തി. തെലങ്കാനയിലെ അൽകാപൂരയിലുളള വീട്ടിലാണ് താരത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. സുഹൃത്തും നടിയുമായ പവിത്രാ ജയറാമിന്റെ മരണത്തിന് പിന്നാലെയാണ് ചന്ദ്രകാന്തിന്റെ മരണവും.
വെള്ളിയാഴ്ച ചന്ദ്രകാന്തിനെ ഫോണിൽ വിളിച്ചിട്ടും എടുക്കാതിരുന്നതിനെ തുടർന്ന് കുടുംബാംഗങ്ങൾ മുറിയുടെ വാതിൽ തകർത്ത് അകത്ത് കയറിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മുറിയിൽ നിന്ന് താരത്തിന്റെ ആത്മഹത്യാക്കുറിപ്പും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.പവിത്ര ജയറാമിന്റെ മരണശേഷം ചന്ദ്രകാന്ത് ദുഃഖിതനായിരുന്നുവെന്നാണ് മാതാപിതാക്കൾ പറയുന്നത്. ഇരുവരും പ്രണയത്തിലായിരുന്നുവെന്നാണ് അടുത്ത സുഹൃത്തുക്കൾ പറയുന്നത്. വിവാഹിതരാണെന്നും ചില മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
ഈ മാസം 12നാണ് പവിത്ര വാഹനാപകടത്തിൽ മരിച്ചത്. ആന്ധ്രാപ്രദേശിലെ മെഹബൂബ നഗറിന് സമീപമായിരുന്നു അപകടം. നടി സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. പിന്നാലെ ഹൈദരാബാദിൽ നിന്ന് വരികയായിരുന്ന ബസ് കാറിൽ ഇടിച്ചു. ഗുരുതരമായി പരിക്കേറ്റ പവിത്ര സംഭവസ്ഥലത്തുവച്ചുതന്നെ മരിക്കുകയായിരുന്നു.
കന്നഡയ്ക്ക് പുറമെ മറ്റുഭാഷകളിലും സജീവമായിരുന്നു നടി. തെലുങ്ക് ടെലിവിഷൻ പരമ്പര 'ത്രിനയനി'യിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ടു. കർണാടകയിലെ മാണ്ഡ്യ ജില്ലയിലെ ഹനകെരെയിലേക്ക് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. അപകടത്തിൽ പവിത്രയുടെ ബന്ധു അപേക്ഷ, ഡ്രൈവർ ശ്രീകാന്ത്, ചന്ദ്രകാന്ത് എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |