കൊച്ചി:കൊച്ചി മെട്രോ ഒന്നാംഘട്ടത്തിന്റെ മഹാരാജാസ് മുതൽ തൈക്കൂടം വരെയുള്ള ഭാഗത്ത് പരീക്ഷണഓട്ടം വിജയകരമായി നടന്നു. ഇന്നലെ രാവിലെ ആറരയ്ക്ക് മഹാരാജാസ് സ്റ്റേഷൻ മുതൽ സൗത്ത് ഓവർബ്രിഡ്‌ജിലെ ബാലൻസ്ഡ് കാൻഡിലിവർവരെ 1.3 കിലോമീറ്റർ മെട്രോഓടി. കോച്ചുകളിൽ യാത്രക്കാരുടെ ഭാരം കണക്കാക്കി അതിന് ആനുപാതികമായി മണൽച്ചാക്ക് നിറച്ചായിരുന്നു ഓട്ടം. കാൻഡിലിവറിന്റെ ബലം പരിശോധിക്കുകയായിരുന്നു മുഖ്യലക്ഷ്യം.
90 മീറ്റർ നീളമുള്ള വളഞ്ഞ ആകൃതിയിലുളള മെട്രോ കാൻഡിലിവർ പാലം രാജ്യത്ത് ആദ്യമാണ്.
സൗത്ത് റെയിൽവേ സ്റ്റേഷന് മുകളിലൂടെ നിർമ്മിച്ച ഈ പാലത്തിന് തൂണുകളില്ല.
8.15ന് പാലത്തിന്റെ മദ്ധ്യഭാഗത്തായി പരീക്ഷണ ഓട്ടം അവസാനിപ്പിച്ചു. മൂന്ന്ദിവസംകൂടി കാൻഡിലിവർ വരെ പരീക്ഷണ ഓട്ടം നടത്തും. പിന്നീട് തൈക്കൂടം വരെ അഞ്ചുകിലോമീറ്റർ പരീക്ഷണ ഓട്ടം നടത്തും. കഴിഞ്ഞ ദിവസം ട്രാക്കിലേക്ക് വൈദ്യുതി എത്തിച്ചിരുന്നു. പരീക്ഷണഓട്ടത്തിന് ശേഷം ഉദ്യോഗസ്ഥർ ട്രാക്കിലിറങ്ങിയും പരിശോധന നടത്തി. ഓണത്തിന് മുമ്പ് തൈക്കൂടം വരെ യാത്രക്കാർക്ക് തുറന്നുകൊടുക്കാനാകുമെന്നാണ് പ്രതീക്ഷ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |