SignIn
Kerala Kaumudi Online
Wednesday, 07 January 2026 12.31 PM IST

മഴ: ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ചു ഒഴുക്കിൽപ്പെട്ട് ഒരാളെ കാണാതായി

Increase Font Size Decrease Font Size Print Page

തിരുവനന്തപുരം: ഇരട്ട ചക്രവാതച്ചുഴിയെ തുടർന്ന് സംസ്ഥാനത്ത് ശക്തമായ മഴ മൂന്നു ദിവസം കൂടി തുടരും. തെക്കൻ തമിഴ്‌നാടിന് മുകളിലായി രൂപപ്പെട്ട ചക്രവാതച്ചുഴിക്ക് പുറമേ വടക്കൻ കേരളത്തിന് മുകളിലായി മറ്റൊരു ചക്രവാതച്ചുഴികൂടി രൂപപ്പെട്ട സാഹചര്യത്തിലാണ് മഴ ശക്തമാകുന്നത്.

കോഴിക്കോട്ട് കേടായ സ്കൂട്ടർ മഴയത്ത് കടവരാന്തയിലേക്ക് കയറ്റി നിറുത്തുന്നതിനിടെ ഇരുമ്പുതൂണിൽ നിന്ന് ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ചു. പത്തനംതിട്ട മണിമലയാറ്റിൽ അന്യസംസ്ഥാന തൊഴിലാളിയെ ഒഴുക്കിൽപ്പെട്ട് കാണാതായി. തിരുവനന്തപുരത്ത് പലയിടത്തും വീടുകളിലും റോഡിലും വെള്ളം കയറിയതോടെ ജനം ദുരിതത്തിലായി. മലയോര,​ തീരദേശ മേഖലയിലേക്കുള്ള യാത്രകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. ഉയർന്ന തിരമാലയ്ക്ക് സാദ്ധ്യതയുള്ളതിനാൽ മത്സ്യബന്ധനം പാടില്ല.

ഇടുക്കി നെടുങ്കണ്ടം പാറത്തോട്ടിൽ ജീപ്പിന് മുകളിലേക്ക് മരംവീണ് രണ്ടുപേർക്ക് പരിക്കേറ്റു. തൃശ്ശൂർ സ്വരാജ് റൗണ്ടിൽ ഓടിക്കൊണ്ടിരുന്ന രണ്ടു കാറുകൾക്ക് മുകളിലേക്ക് മരച്ചില്ല വീണു. ആർക്കും പരിക്കില്ല. അതിരപ്പള്ളി,​ വാഴച്ചാൽ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ യാത്രാ നിരോധനം ഏർപ്പെടുത്തി. പമ്പ, അച്ചൻകോവിൽ, മണിമല ആറുകളിൽ ജലനിരപ്പ് ഉയർന്നു.

കോഴിക്കോട് പൂവാട്ടുപറമ്പ് ആനക്കുഴിക്കര പുതിയോട്ടിൽ ആലി മുസ്ലിയാരുടെ മകൻ മുഹമ്മദ് റിജാസാണ് (18) ഷോക്കേറ്റ് മരിച്ചത്. രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ സഹോദരൻ റാഫിക്കും ഷോക്കേറ്റു. സ്വകാര്യ വ്യക്തിയുടെ കടയുടെ മേൽക്കൂരയിൽ തട്ടിനിന്ന വൈദ്യുതി ലൈനിലൂടെയാണ് ഇരുമ്പുതൂണിൽ വൈദ്യുതി പ്രവഹിച്ചത്.

പ്രളയത്തിൽ തകർന്ന പാലത്തിന്റെ പണി നടക്കുന്നതിനാൽ ചുറ്റിക്കറങ്ങി പോകുന്നത് ഒഴിവാക്കാൻ മണിമലയാറ്റിൽ കോമളം കടവിൽ നിന്ന് മറുകരയിലേക്ക് നീന്തുന്നതിനിടെയാണ് കല്ലുപ്പാറയിലെ സ്വകാര്യ കൺസ്ട്രക്ഷൻ കമ്പനിയിലെ തൊഴിലാളിയായ ബീഹാർ സ്വദേശി നരേഷ് (25) ഒഴുക്കിൽപ്പെട്ടത്. കരാറുകാരനെ കാണാൻ പോകുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന മറ്റു രണ്ടുപേർ മറുകരയിലെത്തി നോക്കുമ്പോഴാണ് നരേഷിനെ കാണാനില്ലെന്ന് അറിഞ്ഞത്.

TAGS: RAIN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY