ഒരു വാൽമാക്രിയുടെ ആകൃതിയാണ് ആ ഗർത്തത്തിന്. പക്ഷെ തവളക്കുഞ്ഞുങ്ങളെ പോലെ നിഷ്‌കളങ്കമായ സ്വഭാവം പ്രകടിപ്പിക്കുന്നതല്ല ഈ ഗർത്തം. നരകത്തിന്റെ വായ് എന്നാണ് ഈ ഗർത്തത്തിന്റെ വിളിപ്പേര് തന്നെ.
ബറ്റഗേ മെഗാ ഗർത്തം എന്നാണ് ഈ വമ്പൻ ഗർത്തത്തിന് പേര്. 1960കളിൽ ഒരു ചെറിയ വിള്ളലായാണ് ഇത് പ്രത്യക്ഷപ്പെട്ടത് പക്ഷെ പിന്നീട് ഓരോ വർഷവും 10 മീറ്ററെങ്കിലും വീതം വളർന്നാണ് ഈ ഗർത്തം വമ്പനായത്. ചില സമയം 30 മീറ്ററെങ്കിലും വലുതായി. റഷ്യയിലെ മഞ്ഞുമൂടിയ സൈബീരിയൻ പ്രദേശത്തെ വടക്കുകിഴക്കൻ ഭാഗത്തുള്ള ബറ്റഗേ മെഗാ ഗർത്തം രൂപം കൊണ്ട് വാൽമാക്രികളെ പോലെയെങ്കിലും വലുപ്പത്തിൽ അത്ര ചെറുതല്ല.
1990മുതൽ 35 മില്യൺ ക്യുബിക് മീറ്റർ മണ്ണ് ഈ ഗർത്തം വലിച്ചെടുത്ത് കഴിഞ്ഞു. കടുത്ത തോതിലുള്ള കാലാവസ്ഥാ വ്യതിയാനമാണ് ഈ ഗർത്തം വലുതാകാൻ കാരണം. മഞ്ഞുരുകൽ മൂലമോ, നനവേറിയതോ കടുത്തതോ ആയ കാലാവസ്ഥ കാരണമാണ് ഇത്തരത്തിൽ ഗർത്തങ്ങൾ വലുതാകുന്നത് എന്ന അനുമാനവുമുണ്ട്.
കേവലമൊരു വിള്ളൽ ഇത്രവലിയ ഗർത്തമായി മാറിയത് ശാസ്‌ത്രീയമായും കാഴ്‌ച എന്ന നിലയിലും ജനങ്ങളെ അമ്പരപ്പിക്കുകയും ഭയപ്പെടുത്തുകയും ചെയ്യുന്നു. പതിനായിരക്കണക്കിന് വർഷങ്ങൾ പഴക്കമുള്ള മാമത്തുകൾ, കുതിരകൾ മറ്റ് നാൽക്കാലികൾ എന്നിവയുടെ നശിക്കാത്ത ഫോസിൽ ഭാഗങ്ങൾ ഇവിടെനിന്നും ഗവേഷകർക്ക് ലഭിച്ചു. തുർക്ക്‌മെനിസ്ഥാനിലും പതിറ്റാണ്ടുകളായി കത്തിക്കൊണ്ടിരിക്കുന്ന ഒരു ഗർത്തമുണ്ട് ഇതിനും നരകത്തിന്റെ കവാടം എന്നാണ് പേരിട്ടത്. 70 മീറ്ററോളം വലുപ്പത്തിൽ കത്തുന്ന ഈ ഗർത്തം എന്നാൽ മനുഷ്യ നിർമ്മിതമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |