ന്യൂഡൽഹി : തൊഴിൽ തട്ടിപ്പിനിരയായി റഷ്യൻ കൂലിപ്പട്ടാളത്തിന്റെ ഭാഗമാകേണ്ടി വന്ന ഇന്ത്യക്കാരിൽ മലയാളികടക്കം 12 ഇന്ത്യക്കാർ കൊല്ലപ്പെട്ടതായി കേന്ദ്രസർക്കാർ അറിയിച്ചു. ഇതുവരെ 126 ഇന്ത്യക്കാർ സൈന്യത്തിൽ ചേർന്നതായും ഇതിൽ 96 പേരെ തിരിച്ചെത്തിയിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. 18 പേർ ഇപ്പോഴും റഷ്യൻ സൈന്യത്തിൽ തുടരുകയാണ്. ഇവരിൽ 16 പേർ എവിടെയാണെന്നത് സംബന്ധിച്ച് വിവരമില്ല. ഇവരെ കാണാനില്ലെന്നാണ് നിഗമനമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ അറിയിച്ചു.
റഷ്യൻ സൈന്യത്തിന്റെ ഭാഗമാകുകയും പിന്നീട് യുക്രെയിൻ സൈന്യത്തിന്റെ വെടിയേറ്റ് കൊല്ലപ്പെടുകയും ചെയ്ത തൃശൂർ കുട്ടനല്ലൂർ സ്വദേശി ബിനിൽ ബാബുവിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം നടത്തി വരികയാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഒരാഴ്ച മുമ്പാണ് ബിനിൽ ബാബു കൊല്ലപ്പെട്ടത്. ബിനിലിനൊപ്പം റഷ്യയിലേക്ക് പോയ വടക്കാഞ്ചേരി സ്വദേശിയും ബന്ധുവുമായ ജെയ്ൻ കുരിയനും വെടിയേറ്റിരുന്നു. ഇയാൾ മോസ്കോയിൽ ചികിത്സയിലാണ്. ബിനിലിന്റെ മരണത്തിൽ അനുശോചനമറിയിച്ച വിദേശകാര്യ മന്ത്രാലയം മൃതദേഹം നാട്ടിലെത്തിക്കാനായി റഷ്യൻ അധികൃതരുമായി ചർച്ച നടത്തിവരികയാണെന്നും വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |