മഞ്ചേരി: ബ്രിട്ടീഷ് നാവികസേന പിടിച്ചെടുത്ത ഗ്രേസ് -1 എന്ന ഇറാനിയൻ എണ്ണക്കപ്പലിൽ കുടുങ്ങിയവരിൽ മലപ്പുറം സ്വദേശിയും. കപ്പലിലെ ജൂനിയർ ഓഫീസറും വണ്ടൂർ ചെട്ടിയാറമ്മൽ അബ്ബാസിന്റെ മകനുമായ അജ്മൽ സാദിഖാണ് കപ്പലിലുള്ളത്. കപ്പലിന്റെ ക്യാപ്ടനെയും ചീഫ് ഓഫീസറെയും ബ്രിട്ടീഷ് സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ടെങ്കിലും താനടക്കമുള്ള മറ്റു ജീവനക്കാർ സുരക്ഷിതരാണെന്ന് അജ്മൽ സാദിഖ് കപ്പലിൽ നിന്ന് ഫോണിൽ അറിയിച്ചു. പാസ്‌പോർട്ടും ലാപ്ടോപ്പും മൊബൈൽ ഫോണും കസ്റ്റഡിയിലെടുത്ത ബ്രിട്ടീഷ് ഉദ്യോഗസ്ഥർ മൊബൈൽ ഫോൺ പിന്നീട് തിരിച്ച് നൽകി. മൊബൈൽ ഉപയോഗത്തിനു നിയന്ത്രണമില്ല. ദിവസവും വീട്ടുകാരുമായും കൂട്ടുകാരുമായും ബന്ധപ്പെടുന്നുണ്ട്. വൈകാതെ കപ്പൽ വിട്ടയയ്‌ക്കുമെന്നാണ് പ്രതീക്ഷ - അജ്മൽ പറഞ്ഞു.
എന്നാൽ ബ്രിട്ടീഷ് എണ്ണക്കപ്പലായ സ്റ്റെന ഇംപെറോ ഇറാൻ പിടിച്ചെടുത്തതോടെ സ്ഥിതി വഷളാകുമോയെന്ന ആശങ്ക അജ്മലിന്റെ കുടുംബത്തിനുണ്ട്. എത്രയും പെട്ടെന്ന് കപ്പൽ വിട്ടയയ്‌ക്കണമെന്ന പ്രാർത്ഥനയിലാണ് കുടുംബം.
വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്റെ ഓഫീസിൽ നിന്ന് ഉദ്യോഗസ്ഥർ അജ്മലിന്റെ കുടുംബത്തെ ബന്ധപ്പെട്ടിരുന്നു.
വണ്ടൂർ വി.എം.സി.യിലെ പ്ലസ്ടു പഠനത്തിനു ശേഷം കൊൽക്കത്തയിലാണ് അജ്മൽ നോട്ടിക്കൽ എൻജിനീയറിംഗ് പഠിച്ചത്. മേയ് 13നാണ് ഗ്രേസ് -1ൽ ജോലിക്കു ചേർന്നത്. നാട്ടിലെ പൊതുകാര്യങ്ങളിൽ സജീവമായിരുന്നു അജ്മൽ സാദിഖ്.
യുദ്ധസമാന രംഗങ്ങൾ
യൂറോപ്യൻ യൂണിയന്റെ ഉപരോധം ലംഘിച്ച് സിറിയയിലേക്ക് എണ്ണ കടത്തുന്നെന്ന് ആരോപിച്ച് ജിബ്രാൾട്ടർ കടലിടുക്കിൽ വച്ചാണ് ബ്രിട്ടീഷ് നേവി ഇറാനിയൻ കപ്പൽ പിടിച്ചെടുത്തത്. കപ്പൽ പിടിച്ചെടുക്കുമ്പോൾ യുദ്ധ സമാനമായ രംഗങ്ങളായിരുന്നുവെന്ന് അജ്മൽ പറയുന്നു. അന്ന് രാത്രി 12 മുതൽ നാല് വരെ അജ്മലിനായിരുന്നു ഡ്യൂട്ടി. ജിബ്രാൾട്ടറിൽ വച്ച് ട്രാഫിക് സ്‌റ്റേഷനുമായി ബന്ധപ്പെട്ടപ്പോൾ സ്പീഡ് പൂജ്യത്തിലാക്കാനായിരുന്നു ആദ്യ നിർദ്ദേശം. അവിടെ നിന്ന് മൂന്നു നോട്ടിക്കൽ മൈൽ ദൂരമാണ് ബ്രിട്ടന്റെ അതിർത്തിയിലേക്ക്. പിന്നീട് രണ്ടു നോട്ടിക്കൽ മൈൽ ഉള്ളിലേക്ക് പോകാൻ നിർദ്ദേശം ലഭിച്ചു. അവിടെ എത്തിയപ്പോൾ രണ്ട് ഹെലികോപ്ടറുകളിൽ നിന്ന് ഇരുപതോളം ബ്രിട്ടീഷ് കമാൻഡോകൾ ആയുധങ്ങളുമായി കപ്പലിലേക്ക് ഇറങ്ങി. അവരുടെ യുദ്ധക്കപ്പലിൽ രണ്ട് ഹെലികോപ്ടറുകൾ കൂടി സജ്ജമായി നിന്നിരുന്നു. 28 തൊഴിലാളികളെ തോക്കിൻമുനയിൽ നിറുത്തി കപ്പലിന്റെ നിയന്ത്രണം അവർ ഏറ്റെടുത്തു. ജീവനക്കാരോടുള്ള അവരുടെ പെരുമാറ്റം മാന്യമായിരുന്നു. ഇറാന്റെ നയതന്ത്ര പ്രതിനിധികൾ ഇവിടെയെത്തിയിരുന്നു. ഉടൻ പ്രശ്നപരിഹാരമുണ്ടാവുമെന്നാണ് പ്രതീക്ഷ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |